ഞാൻ കോൾ കട്ട് ചെയ്ത ഉടനെ നിയാസ് പിറകിലോട്ട് തല വെട്ടിച്ചു കൊണ്ട് കളിയാക്കി പറഞ്ഞു: “സൊള്ളല് കഴിഞ്ഞോ ചേട്ടായി?”
” ഏയ്… നാളെ കൊച്ചിയ്ക്ക് കറങ്ങാൻ പോവ്വാന്ന് പറഞ്ഞ് വിളിച്ചതാ അനു”
“അത് കൊള്ളാലോ സംഗതി. അവസാനം ഫോണിൽ കൂടെ കിസ് ഒക്കെ കൊടുക്കണ സൗണ്ട് ഒക്കെ കേട്ടല്ലോ” അമൃത് കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ശ്ശോ… നീയൊക്കെ അത് കേട്ടോ ഞാനിത്രേം സൗണ്ട് കുറച്ച് കൊടുത്തിട്ടും” ഞാൻ നാണിച്ചു കൊണ്ട് പറഞ്ഞു.
” അതൊക്കെ ഞങ്ങള് കേട്ടു മോനെ. നീയെന്തോ സർപ്രൈസ് ന്ന് പറയണത് കേട്ടു. എന്താ സംഭവം?” നിയാസാണത് ചോദിച്ചത്.
” എടാ നാളെ അനൂന്റെ ബർത്ത് ഡേ യാ. അതിന് അവൾക്ക് എന്തേലും നല്ലൊരു ഗിഫ്റ്റ് വാങ്ങിച്ച് കൊടുക്കണം. അതാ ഞാൻ അവളോട് സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് എന്താടാ കൊടുക്കാ?” ഞാൻ അവരോട് രണ്ടു പേരോടുമായി ചോദിച്ചു.
“അനൂന്റെ ബർത്ത് ഡേ ആണെന്ന് നീ എങ്ങനെ അറിഞ്ഞു?” അമൃതാണത് ചോദിച്ചത്.
“ഓ… അതോ അത് അവർ അവിടെ താമസമാക്കാൻ വന്ന സമയത്ത് വീട്ടിലെ റേഷൻ കാർഡിന് അപ്ലെ ചെയ്യാനുള്ള ഫോം അവരുടെ കൈയ്യീന്ന് ഫിൽ ചെയ്ത് വാങ്ങി സപ്ലെ ഓഫീസിൽ കൊണ്ട് പോയി കൊടുത്തത് ഞാനാ അന്ന് ആ ഫോമിൽ അനൂന്റെ ഡേറ്റ് ഓഫ് ബർത്ത് ഉണ്ടായിരുന്നു.” ഞാൻ അൽപ്പം ഗമയിൽ പറഞ്ഞു.
“നീയെന്താ അവൾക്ക് ഗിഫ്റ്റായി കൊടുക്കെന്നേ?” നിയാസാണത് ചോദിച്ചത്.
“നോ ഐഡിയ മാൻ” നിയാസ് ചോദിച്ചതിനുള്ള മറുപടിയായി ഞാൻ പറഞ്ഞു.
“ബർത്ത് ഡേ ടെ കാര്യം അവള് പറയാതെ നീ അവൾക്കൊരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണമെന്നല്ലേ പറഞ്ഞേ. നീ നല്ല ഒരു റിംഗ് അങ്ങ്ട് വാങ്ങ് എന്നിട്ട് നാളെ വീണ്ടും അവളെ ചുമ്മാ പ്രപ്പോസ് ചെയ്യ് .ഇനീപ്പോ പേടിക്കാനൊന്നുമില്ലാലോ നിങ്ങള് രണ്ടാളും ഇപ്പോ ലൗ ബേർഡ്സ് ആയില്ലേ?” അമൃത് പറഞ്ഞ് നിറുത്തിയിട്ട് ഡ്രൈവിംഗിനിടെ തല വെട്ടിച്ച് എന്നെ പിറകേട്ടോന്ന് നോക്കി കൊണ്ട് ഐഡിയ എങ്ങനെയുണ്ടെന്ന ഭാവത്തിൽ പിരികം പൊക്കി കാണിച്ചു.