റൂമിൽ ഒച്ചയും ബഹളവുമൊക്കെ കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റത് കണ്ണ് തുറക്കുമ്പോൾ അച്ഛനും, അമ്മേം, അഞ്‌ജുവും,Ci ടോമി അങ്കിളെല്ലാം വന്ന് എന്റെ കട്ടിലിന്റെ ചുറ്റും നിൽക്കുന്നുണ്ട്. ടോമി അങ്കിൾ അച്ഛനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഞാൻ കണ്ണ് തുറന്നത് കണ്ടതോടെ അമ്മ ‘ആദീന്ന്’ വിളിച്ചെന്നെ വന്ന് കെട്ടി പിടിച്ച് കരയാൻ തുടങ്ങി. ഞാൻ അമ്മയെ പുറത്ത് തട്ടി ആശ്വസിപ്പിച്ച് കൊണ്ട് “ഇപ്പോ എനിക്കൊന്നുമില്ല അമ്മാ ഞാൻ ഓക്കെ” ആണെന്ന് പറഞ്ഞിട്ടും അമ്മ എന്നെ കെട്ടി പിടിച്ച് അതേ കരച്ചിൽ തന്നെ അഞ്ജൂനെ നോക്കിയപ്പോ അവളുടെ കണ്ണും നിറഞ്ഞിട്ടുണ്ട് ഞാനവളെ നോക്കി ചിരിച്ചു കൊണ്ട് “എന്താടി അഞ്ജൂസെ” ന്ന് ചോദിച്ചതോടെ പെണ്ണിന്റെ മുഖമൊന്ന് തെളിഞ്ഞു. അമ്മ കരച്ചിൽ നിർത്താത് കണ്ട് അച്ഛൻ വന്ന് അമ്മേടെ തോളത്ത് പിടിച്ച് കൊണ്ട് പറഞ്ഞു “എന്റെ രാഗി നീ ഇങ്ങനെ വിഷമിക്കാൻ മാത്രം ഇപ്പോ അവനൊന്നൂല്ല ഡോക്ടറ് ഇന്ന് ഡിസ്ചാർജ് ചെയ്ത് കൊണ്ട് പോയ്ക്കൊളാനാ പറഞ്ഞെ” അച്ഛൻ പറഞ്ഞത് കേട്ടതോടെ അമ്മ എന്റെ ദേഹത്ത് നിന്ന് എഴുന്നേറ്റിട്ട് കണ്ണൊക്കെ തുടച്ച് അടുത്ത് കിടക്കുന്ന കസേരയിൽ ഇരുന്നു. അച്ഛൻ എന്റെടുത്തേയ്ക്ക് വരുന്നത് കണ്ട് ഞാൻ കട്ടിലിലെ കിടപ്പിൽ നിന്നെഴുന്നേറ്റിരുന്ന് കാൽ നിലത്ത് തൂക്കിയിട്ടിരുപ്പായി അതോടെ അച്ഛൻ എന്നോട് പറഞ്ഞു: “ആദി കിടന്നോടാ ക്ഷീണമുള്ളതല്ലേ? നീ റെസ്റ്റ് എടുക്കെന്ന്” പറഞ്ഞ് കൊണ്ട് വന്ന് എന്റെ അടുത്ത് ഇരുന്നിട്ട് എന്റെ തോളിൽ വട്ടം പിടിച്ചിരുപ്പായി. ടോമി അങ്കിൾ വന്ന് കട്ടിലിൽ എന്റെ ഇടത്തെ ഭാഗത്ത് ഇരുന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു
“എങ്ങനെയുണ്ടെടാ ആദി ഇപ്പോ വേദനയുണ്ടോ തലയിൽ?”
“ഇപ്പോ കുഴപ്പമൊന്നുമില്ല അങ്കിൾ ഞാൻ ഓക്കെയാണ്” ഞാൻ ടോമി അങ്കിളിനോട് പറഞ്ഞു.
” ഫൈൻ, എടാ നമ്മുക്കവരെ പൂട്ടണ്ടെ? നിന്നെ കോളെജിൽ വന്ന് തല്ലിയവന്മാരെ?” CI ടോമി ഗൗരവത്തിൽ എന്നോട് ചോദിച്ചു.
“വേണം അങ്കിൾ, അവരിനി കുറച്ച് കാലം പുറത്തിറങ്ങരുത് എനിക്കതാ വേണ്ടത്”
“അതോർത്ത് നീ ടെൻഷനടിക്കണ്ട Sec 307,441 ഒക്കെ ചേർത്ത് വധശ്രമത്തിനും കോളെജിൽ അതിക്രമിച്ചു കയറൽ സംഘം ചേർന്ന് ആക്രമിക്കാൻ വരൽ, പരിക്കേൽപ്പിക്കൽ അങ്ങനെ കുറേ വകുപ്പ് ചേർത്തിട്ട് എല്ലാത്തിനേം നമ്മുക്ക് പൂട്ടാം” ടോമി അങ്കിൾ എന്നോടായി പറഞ്ഞു.