ഞാൻ പറഞ്ഞത് എന്താന്ന് മനസ്സിലാകാതെ അനുവും, അമൃതും, നിയാസും എന്നെ ഉറ്റ് നോക്കി കൊണ്ട് നിൽക്കുമ്പോൾ ഞാൻ ഫോണെടുത്ത് ശുഐബിക്കാക്ക് വിളിച്ചിട്ട് പറഞ്ഞു.
” ശുഐബിക്കാ ഞാൻ ആദിയാ. ഓ ഇപ്പോ എനിക്ക് കുഴപ്പമൊന്നൂല ഞാൻ ഉച്ചയായപ്പോ എഴുന്നേറ്റു. ഞാനേ ഒരത്യാവശ്യം കാര്യം പറയാൻ വിളിച്ചതാ. അന്ന് ആ തല്ല് നടന്നേന്റ വീഡിയോ നമ്മുടെ കോളെജിലെ പിള്ളേർ ആരെങ്കിലും എടുത്തോന്നറിയണം അതിൽ അവന്മാർ നമ്മുടെ പിള്ളേരെ തല്ലുന്നതിന്റെ പോർഷൻ ഉണ്ടേൽ അത്രേം നല്ലത്. അത് വച്ച് നമ്മുക്കൊരു കളി കളിക്കാം. അവർക്കുള്ള എട്ടിന്റെ പണി. ആ തെളിവ് പോലീസിന് കൊടുത്ത് നമ്മുക്ക് അവരെ വധശ്രമത്തിന് അകത്താക്കാം.” ഞാൻ പറഞ്ഞത് കേട്ട് ശുഐബിക്ക അത്ഭുതപ്പെട്ട് കൊണ്ട് പറഞ്ഞു.
“എന്റെ ആദി കുരുട്ടി ബുദ്ധിയുടെ കാര്യത്തിൽ നീ എന്നെയൊക്കെ കടത്തി വെട്ടുമല്ലോ ഡാ. ഇത് ഞാൻ എങ്ങനേലും അന്വേഷിക്കാം. എന്തായാലും കിട്ടാതിരിക്കില്ല. പിന്നെ നിന്റെ ഫോൺ ഡിസ്പ്ലേ മാറിയിട്ടിട്ടുണ്ട് വൈകീട്ട് വരുമ്പോ ഞാൻ കൊണ്ട് വരാം. എന്നാ ശരി ഡാ കാണാം” ന്ന് പറഞ്ഞ് ശുഐബിക്ക കോൾ കട്ടാക്കി.
ശുഐബിക്കാനെ കോൾ വിളിച്ച് കഴിഞ്ഞ് നിയാസിന് ഫോൺ തിരിച്ച് കൊടുക്കാനായി നോക്കിയപ്പോ നിയാസും അമൃതും അനുവും എന്നെ പന്തം കണ്ട പെരുച്ചാഴിയെ കണ്ട പോലെ അന്തം വിട്ട് നോക്കി നിൽപ്പുണ്ട് ഞാൻ ചിരിച്ചു കൊണ്ട് ” എന്താന്ന്”ചോദിച്ചതോടെ എന്റെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങിച്ചു കൊണ്ട് നിയാസ് പറയുകയാ: “ഞങ്ങൾക്കാർക്കും ഇങ്ങനൊരു ബുദ്ധി തലയിൽ ഓടിയില്ലാലോന്ന് ഓർത്ത് നിന്ന് പോയതാ. കുരുട്ടി ബുദ്ധിയുടെ കാര്യത്തിൽ നീ നമ്മുടെ ശുഐബിക്കാനേം കടത്തി വെട്ടും” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.
” ഇതൊക്കെയെന്ത്” മായാവി സിനിമയിൽ സലിം കുമാർ പറഞ്ഞത് പോലെ പറഞ്ഞിട്ട് ഞാൻ കൈ മടക്കി വച്ച് തലയണയിൽ ചാരി കിടന്നു.
“ഡാ ആദി നീയും അനു ചേച്ചീം കഴിച്ചിട്ടില്ലാലോ? നിങ്ങൾക്കു രണ്ടു പേർക്കുമുള്ള ചോറാ ഞാനാ കൊണ്ടു വന്ന ബിഗ് ഷോപ്പറിലുള്ളത്. നീ ഉഷാറായി എഴുന്നേറ്റത് കണ്ട സന്തോഷത്തിൽ ഞാനാ കാര്യം പറയാൻ മറന്നു.” നിയാസ് എന്നോടായി പറഞ്ഞു.