കണ്ണ് തുറന്നപ്പോൾ ഞാൻ ആദ്യം കണ്ടത് സീലിംഗ് ഫാൻ ചെറിയ വേഗതയിൽ കറങ്ങുന്നതാണ്. കൈ ഒന്ന് അനക്കി നോക്കിയപ്പോ എന്തോ തടയുന്ന പോലെ തോന്നി നോക്കിയപ്പോ കൈയ്യിൽ ട്രിപ് കേറ്റാനായി സൂചി ഇട്ട് അത് ഹോസ് വഴി സ്റ്റാൻഡിൽ കൊളുത്തി ഇട്ടിരിക്കുന്നതാണ്. ഞാൻ എന്റെ ഇടത്ത് ഭാഗത്തേയ്ക്ക് തല വെട്ടിച്ചപ്പോഴാണ് കട്ടിലിന്റെ തൊട്ടടുത്ത് കസേരയിൽ ഒരു പച്ച ചുരിദാർ ഇട്ട് അതേ നിറത്തിലുള്ള ഷാൾ കഴുത്തിൽ ചുറ്റിയിട്ട് അനു തല കുമ്പിട്ട് ഇരിക്കുന്നത് കണ്ടത്. പെണ്ണാകെ കരഞ്ഞ് തളർന്നാണ് ഇരിക്കുന്നത്. അവളെ അങ്ങനെ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി. ചുണ്ടിൽ നാവ് കൊണ്ട് നനച്ചിട്ട് ഞാൻ അവളെ ശബ്ദമിടറി കൊണ്ട് വിളിച്ചു ” അനു” എന്റെ വിളി കേട്ട മാത്രയിൽ അനു മുഖം ഉയർത്തി എന്നെ നോക്കി. ആ ചെന്താമര മിഴികൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്. ഞാൻ കണ്ണ് തുറന്ന് കണ്ടതോടെ പെണ്ണിന്റ മുഖം ഒന്ന് തെളിഞ്ഞു. ഷാളിൽ കണ്ണീർ തുടച്ചിട്ട് അവളെന്നെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചിട്ട് വീണ്ടും ഏങ്ങലടിച്ച് കരയാൻ തുടങ്ങി. അവൾ കരയുന്നത് കണ്ടതോടെ എന്റെ ഉള്ളങ്ങ് പിടച്ചു. ഞാൻ കൈ നീട്ടി അവളുടെ മുഖത്ത് ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചിട്ട് പറഞ്ഞു. ” കരയല്ലേ അനു അതിനെനിക്കൊന്നും പറ്റിയില്ലാലോ” ഞാൻ സംസാരിച്ചത് കേട്ടതോടെ അവൾ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റിട്ട് എന്റെ നെഞ്ചിൽ തല ചേർത്ത് വച്ച് എന്നെ കെട്ടി പിടിച്ച് കരയാൻ തുടങ്ങി. കരച്ചിലിനിടെ അവൾ ഏങ്ങലടിച്ച് കൊണ്ട് പറയുകയാ “രണ്ട് ദിവസായി ആദി നിന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റെയ്തിട്ട് നീ കണ്ണ് തുറക്കാത്തത് കാരണം ഞാനാകെ പേടിച്ചിരിക്ക്യായിരുന്നു. ഇപ്പോഴാ എന്റെ ശ്വാസം ഒന്ന് നേരെ വീണത്” അന്നത്തെ സംഭവത്തിനു ശേഷം രണ്ട് ദിവസായിട്ട് ഞാൻ ഹോസ്പിറ്റലിൽ ഓർമ്മയില്ലാതെയാ കിടന്നതെന്നറിഞ്ഞപ്പോ ഞാനാകെ സ്തംഭിച്ചു പോയി. അനു വന്നെന്നെ കെട്ടി പിടിച്ച് കരയുന്നത് കൂടി കണ്ടതോടെ അവളെ ആശ്വസിപ്പിക്കാനായിട്ട് ഞാൻ ബെഡിൽ കിടന്ന് കൊണ്ട് അവളുടെ പുറത്ത് തലോടി കൊണ്ട് പറഞ്ഞു: “അനു കരയല്ലേ ട്ടോ നീ കരയണത് കണ്ടിട്ട് എനിക്കും സങ്കടം വരുന്നുണ്ടെ” ഞാൻ ശബ്ദം ഇടറി അവളോട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അവളെന്റ നെഞ്ചിൽ നിന്ന് മുഖമുയർത്തി എന്നെ ഉറ്റ് നോക്കി കൊണ്ട് പറഞ്ഞു. “അന്ന് വൈകീട്ട് നിന്നോട് ഞാൻ പിക്ക് ചെയ്യാൻ വരാൻ പറഞ്ഞത് ഒക്കെ നിനക്ക് ഓർമ്മേണ്ടോ ആദി?”