കുറേ സമയം ഞാനവളെ കെട്ടിപിടിച്ച് നിന്ന് ഓരൊന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച ശേഷമാണ് അനു കരച്ചിൽ നിർത്തിയത്. ഒരു വിധം അവളൊന്നു സാധാരണ നിലയിലായപ്പോൾ അനു പതിയെ എന്റെ നെഞ്ചിൽ നിന്ന് വിട്ടകന്നിട്ട് കൈയ്യിലെ വാച്ചിലേയ്ക്ക് നോക്കിയിട്ട്:
“അയ്യോ എന്റെ ബസ്സ് പോയല്ലോ ആദി, ഞാനിനി എങ്ങനെ പോകും?”
“അതോർത്ത് അനു ടെൻഷനാവണ്ട ഇന്ന് ഞാനാക്കി തരാം ഓഫീസിലേയ്ക്ക്”
“അയ്യോ അപ്പോ ആദീടെ ഇന്നത്തെ ക്ലാസ്സ് പോവില്ലെ?
” അതൊന്നും സാരൂല, അനു ഇന്ന് ഓഫീസിൽ പോകാതെ ഇരുന്നാൽ ശരിയാവൂല, അല്ലേൽ ഓരോന്നൊക്കെ ചിന്തിച്ച് കൂട്ടി മനസ്സ് വിഷമിക്കും”
മനസ്സിന്റെ ഉള്ളിൽ അവളെന്റതാണെന്ന സ്വാതന്ത്ര്യത്തോടെയാണ് ഞാനങ്ങനെ പറഞ്ഞത്.
ഞാൻ പറഞ്ഞത് തന്നെയാണ് ശരിയെന്ന് നിയാസും അമൃതും അനൂനോട് പറഞ്ഞതോടെ അവൾ എന്റെയൊപ്പം വരാനായി സ്കൂട്ടറിന്റെ ഹാൻഡിലിൽ തൂക്കിയിട്ട ഹാൻഡ് ബാഗ് കൈയ്യിലെടുത്തു തിരിഞ്ഞ് നിന്ന് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവനേയും കൊച്ഛന്റെ മോനായ സംഗീതിനെയും ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി കൊണ്ടാണ് അനു എന്നൊടൊപ്പം ആ പാർക്കിംഗിന്റെ അവിടെ നിന്ന് നീങ്ങിയത്.
ഞങ്ങൾക്കു മുൻപേ നിയാസും അമൃതും കോളെജിലേയ്ക്ക് പോകാണെന്ന് പറഞ്ഞ് അവരവിടെ നിന്ന് കളം വിട്ടു. ഞാനും അനുവും നടന്ന് ബൈക്കിനടുത്തെത്തി. ഞാൻ എന്റെ CBR-250R ബൈക്ക് സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ കൊടുത്ത് റൈസ് ചെയ്ത് കൊണ്ട് അനു കയറാനായി കാത്തു നിന്നു. അനു വന്നെന്റ തോളിൽ പിടിച്ചിട്ട് സീറ്റിലോട്ട് ഒരു സൈഡിലോട്ട് കാല് രണ്ടും വച്ച് കയറിയങ്ങ് ഇരുന്നു. ഒരു സൈഡിലോട്ട് ചരിഞ്ഞിരുന്ന് അവളെയും കൊണ്ട് കൊച്ചി വരെ പോകുന്നത് റിസ്ക്കാണെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പിറകിലോട്ട് തലച്ചെരിച്ചു കൊണ്ട് അനൂനോട്: “അനു ചേച്ചി ഇങ്ങനെ ഇരുന്ന് പോകുന്നത് റിസ്ക്കാ സീറ്റിൽ വട്ടം കയറി ഇരിക്ക് പ്ലീസ് …”
ഞാൻ പറഞ്ഞത് കേട്ട് അനു ഒന്നും മിണ്ടാതെ സീറ്റിൽ നിന്ന് ഊർന്ന് താഴെ ഇറങ്ങിയിട്ട് ബൈക്കിന്റെ ഫൂട് റെസ്റ്റിൽ ചവിട്ടി കയറിയിട്ട് എന്റെ തോളിൽ അമർത്തി പിടിച്ച് സീറ്റിൽ വട്ടം കയറി ഇരുന്നു. ബൈക്കിന്റ റിയർവ്യൂ മിറർ ഞാൻ അവൾക്ക് നേരെ തിരിച്ചു വച്ചപ്പോൾ കരഞ്ഞ് കാർമേഘം പോലെ മൂടിയ അവളുടെ സുന്ദരമായ മുഖം കണ്ട് എന്റെ ഉള്ളും പിടച്ചു. എങ്ങനെയെങ്കിലും അവളുടെ മുഖത്ത് ആ പഴയ ചിരി ഞാൻ തിരിച്ചു കൊണ്ടു വരുമെന്ന് ഉറപിച്ച ഞാൻ അവളോട്:
” എന്നാ നമ്മുക്ക് പോയാലോന്ന് ” ചോദിച്ചതിന് മറുപടിയായി അവളൊന്നു മൂളിയതോടെ ഞാൻ അവളുമായി ബൈക്കിൽ പുറപ്പെട്ടു.
യാത്ര തുടങ്ങിയത് മുതൽ ഞങ്ങൾ പരസ്പ്പരം ഒന്നും സംസാരിച്ചിട്ടില്ല. ആകെ കേൾക്കുന്നത് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദവും അവയുടെ ഹോണടി ശബ്ദവും പിന്നെ ബൈക്ക് ഒരൽപ്പം വേഗതയിൽ ഓടിക്കുന്നത് കൊണ്ട് ചെവിയിലേയ്ക്ക് വീശി അടിക്കുന്ന കാറ്റിന്റെ ‘വൂം …വൂം’ ശബ്ദവും മാത്രമേ ഞങ്ങൾക്കിടയിൽ അകമ്പടിയായുളളൂ. ഇടക്കിടെ ഞാൻ ബൈക്കിന്റ കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം കാണുന്നത് കരഞ്ഞ് വീർത്തിരിക്കുന്ന അവളുടെ സുന്ദരമായ മുഖമാണ്. അത് കാണുമ്പോ എന്റെ നെഞ്ചിലൊരു വലിയ ഭാരം കയറ്റി വച്ച പോലൊരു വേദന.