അനു ബസ്സിൽ കയറി എന്നെ നോക്കി ടാറ്റ തന്നത് കണ്ട ശേഷമാണ് ഞാൻ ബൈക്കുമായി കോളെജിലേയ്ക്ക് നീങ്ങിയത്.
കോളെജിൽ നേരത്തെയെത്തിയ ഞാൻ ഗ്രൗണ്ടിൽ പോയിരുന്നിട്ട് ഫോണെടുത്ത് ചുമ്മാ ഓരോന്ന് നോക്കി കൊണ്ടിരിക്കുന്നതിനിടെ വാട്ട്സ് അപ്പിൽ അനു ‘ഹായ്’ പറഞ്ഞ് മെസ്സേജ് അയച്ചിരിക്കുന്നു. ഞാനത് ഓപ്പൺ ചെയ്തിട്ട് അവൾക്ക് തിരിച്ചൊരു ‘ഹായ്’ അയച്ചു. അതോടെ അവൾ എനിക്ക് തിരിചയച്ച മെസ്സേജ് ഇതായിരുന്നു. ” രാവിലെ ആദീനോട് ശരിക്കുമൊന്ന് മിണ്ടാൻ തന്നെ നേരം കിട്ടിയില്ലാ സോറീ” പറഞ്ഞാണ് അവളുടെ മെസ്സേജ്. ഞാനതിന് അവൾക്ക് മറുപടി കൊടുത്തത് “അതെന്നും സാരമില്ല അനു. ഞാനിപ്പോ കോളെജിൽ എത്തി ഇവിടെ ഞാൻ ഒറ്റക്ക് ഇരുന്ന് ബോറഡിച്ചോണ്ടിരിക്കുകയാ എന്തേലുമൊക്കെ ചുമ്മാ പറയ് അനൂ”ന്ന് പറഞ്ഞ് ഞാനവൾക്ക് റിപ്ലെ അയച്ചതോടെ പെണ്ണ് എന്നോട് ഓരോന്നു പറഞ്ഞ് കിന്നാരം തുടങ്ങിയിട്ട് അവൾ ഓഫീസിന്റ അവിടെ എത്തുന്ന വരെ എന്നോടവൾ ചാറ്റ് ചെയ്തു.
അനുവുമായുള്ള ചാറ്റിംഗ് കഴിഞ്ഞപ്പോൾ സമയം 9.30 കഴിഞ്ഞിരുന്നു. അപ്പോഴെയ്ക്കും നമ്മുടെ പരിചയക്കാര് പിള്ളേര് കോളെജിൽ എത്തി തുടങ്ങിയിരുന്നു. അവരോട് മിണ്ടിയും പറഞ്ഞ് ഇരുന്ന് ക്ലാസ്സ് തുടങ്ങാനുള്ള ബെല്ലടിച്ചപ്പോൾ ഞാൻ ക്ലാസ്സിലേയ്ക്ക് പോയി. അവിടെ ഞാനിരിക്കാറുള്ള പുറകിലെ ബെഞ്ചിൽ നിയാസും അമൃതും ഇരുപ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവർ എനിക്കിരിക്കാനായി ഒതുങ്ങിയിരുന്നു. ക്ലാസ്സിനിടെ ഞാനവരോട് അവളെ കൊണ്ടാന്നാക്കിയ കാര്യവും വൈകിട്ട് അവളോടൊപ്പമാണ് തിരിച്ച് വീട്ടിലേയ്ക്ക് പോകുമെന്ന കാര്യവും ഞാനവരോട് പറഞ്ഞു. ഒരു സാധാരണ ദിവസം പോലെ അന്നത്തെ കോളെജിലെ ദിനവും കടന്നു പോയി.
വൈകുന്നേരം അനു ആലുവ എത്താറായപ്പോൾ എന്നെ വിളിച്ചതനുസരിച്ച് ഞാൻ അവളെയും കാത്ത് സിറ്റി സെന്ററിലെ പാർക്കിംഗിൽ കാത്തിരുന്നു. ബസ്സിൽ നിന്നിറങ്ങി പാർക്കിംഗ് ഏരിയയിൽ അവളെ കാത്ത് ഞാൻ ബൈക്കിൽ അവളുടെ സ്ക്കൂട്ടറിന്റെ അടുത്ത് നിൽക്കുന്നത് കണ്ടതോടെ പെണ്ണിന്റെ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു. എന്റെ അടുത്തേക്ക് വന്ന അവൾ എന്നെ നോക്കി ചിരിച്ചിട്ട് സ്കൂട്ടർ എടുത്ത് എന്റെയൊപ്പം വീട്ടിലേയ്ക്ക് മടങ്ങി.
അനുവിന് കൂട്ടായി രാവിലെ ആലുവയിലേയ്ക്ക് പോകുന്നതും ഓഫീസിൽ നിന്ന് അവൾ തിരിച്ചു വരുമ്പോൾ അവളോടൊപ്പം മടങ്ങുന്നതും എന്റെയൊരു ദിനചര്യയായി മാറി.
ഇതിനിടെ അനു ഷോപ്പിംഗിന് പോകുമ്പോൾ എന്നെയും കൂട്ട് വിളിച്ച് പോകാൻ തുടങ്ങി. അനുവിന്റെ വീട്ടിൽ എനിക്ക് നല്ല സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്നോടൊപ്പം അവളെ പറഞ്ഞ് വിടുന്നതിൽ അങ്കിളിനോ ആന്റിയ്ക്കോ യാതൊരു വിധത്തിലുള്ള എതിർപ്പും ഉണ്ടായിരുന്നില്ല. ഒരിക്കൽ ലുലുമാളിൽ ഞങ്ങൾ ഒരുമിച്ച് പോയപ്പോഴാണ് അനുവിന്റെ ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന ഫ്രണ്ട്സായ കൃഷ്ണയേയും, സൗമ്യയേയും എനിക്ക് പരിചയപ്പെടുത്തി തന്നത്. എന്നെ അവളുടെ ബെസ്റ്റ് ഫ്രണ്ടാണെന്നാണ് അവൾ അവർക്ക് പരിചയപ്പെടുത്തി കൊടുത്തത്. അങ്ങിനെ ഞങ്ങൾ ശരിക്കും അടുത്തു. പക്ഷേ എന്റെയുള്ളിലെ പ്രണയം മാത്രം ഞാനവളോട് തുറന്നു പറഞ്ഞില്ല. എന്തോ അതിനുള്ള ധൈര്യം കിട്ടിയില്ലാ എന്നതാണ് സത്യം. എങ്ങനെയെങ്കിലും അവളോട് എന്റെ ഇഷ്ടം അറിയിക്കണമെന്നുറപ്പിച്ച ഞാൻ അതിനായി തിരഞ്ഞെടുത്ത ദിവസം വാലന്റൈൻസ് ഡേ യുടെ അന്നായിരുന്നു. അനൂന് ശനി, ഞായർ ദിവസങ്ങൾ ഓഫീസ് അവധിയായത് കൊണ്ട് വാലന്റൈൻസ് ഡേ ശനിയാഴ്ചയായത് കൊണ്ടും അന്നാണ് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറയാൻ തിരഞ്ഞെടുത്തത്. അനൂനോട് കൊച്ചിയിലൊക്കെ ചുമ്മാ കറങ്ങാൻ പോകാമെന്ന് പറഞ്ഞ് ഞാൻ അവളോട് രണ്ട് ദിവസം മുൻപേ സമ്മതിപ്പിച്ചിരുന്നു. അവധി ദിവസമായത് കൊണ്ട് അവൾ എന്നോടൊപ്പം വരാമെന്ന് സമ്മതിച്ചു.