പറഞ്ഞു.
” എന്നാ നമ്മുക്ക് പോയാലോ ആദി?”
അവളെന്നെ നോക്കി പറഞ്ഞത് കേട്ടതോടെ ഞാൻ അവളോട് മുന്നിൽ പോയ്ക്കോളാൻ പറഞ്ഞിട്ട് ഞാൻ അനുവിന്റെ പിന്നാലെ ബൈക്കുമായി പോയി. ആലുവയിലെ സിറ്റി സെന്ററിൽ സ്ക്കൂട്ടർ വയ്ക്കാമെന്ന കാര്യം ഞങ്ങൾ നേരത്തെ സംസാരിച്ച് ഉറപ്പിച്ചിരുന്നത് കൊണ്ട് ഞാൻ അത് അനൂനോട് പിന്നെ പ്രത്യേകം പറഞ്ഞില്ല.
സിറ്റി സെന്ററിന്റ മുന്നിലെത്തിയപ്പോൾ അനു സ്ക്കൂട്ടറിന്റെ ഇന്റിക്കേറ്റർ ഓൺ ചെയ്ത് വലത്തോട്ടെയ്ക്ക് തിരിഞ്ഞു ഷോപ്പിംഗ് കോംപ്ലക്സിന്റ പാർക്കിംഗിലോട്ട് കയറി പിറകെ ഞാനും. അവിടെ പാർക്കിംഗിൽ സ്കൂട്ടർ വച്ച അനൂനോട് ഞാൻ ചോദിച്ചു:
“വൈകുന്നേരം എത്ര മണിക്കാ ഇവിടെ വർക്ക് കഴിഞ്ഞ് തിരിച്ചെത്തുന്നെ അനു?”
” ഒരു 5.30 ആകുമ്പോഴെയ്ക്കും ഞാനിവിടെ ആലുവയിലെത്തും”
സ്കൂട്ടറിന്റെ അടിയിൽ നിന്ന് അവളുടെ ഹാൻഡ് ബാഗ് എടുക്കുന്നതിനിടെ അവളെന്നോട് മറുപടി പറഞ്ഞു.
“ആലുവ എത്തുന്നേന് ഒരു അര മണിക്കൂർ മുൻപെന്നെയൊന്ന് വിളിക്കണെ, അതിനനുസരിച്ച് എനിക്ക് കോളെജീന്ന് ഇറങ്ങാനാ”
ഞാനവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് അവള് പല്ല് കാണിച്ച് ചിരിച്ചിട്ട് എന്നോട് പറഞ്ഞു:
” വിളിച്ചോളാംന്നേ അല്ലേൽ നിനക്ക് അത് പറഞ്ഞ് എന്നെ ദേഷ്യപ്പെടാനല്ലേ”
” അപ്പോ എന്നെ പേടിയൊക്കെ ഉണ്ടല്ലേ?” ഞാനവളോട് അൽപ്പം ഗമയിൽ ചോദിച്ചു.
“നാല് പേരെ ഒറ്റയ്ക്ക് നിന്ന് അടിച്ചയാളെ പേടിക്കാതെയെങ്ങനെയാ”
അവളെന്റ തോളിൽ പതിയെ അടിച്ച് കൊണ്ടാണിത് പറഞ്ഞത്.
ഞങ്ങളുടെ കൊഞ്ചിയുള്ള സംസാരം കണ്ട് ബിൽഡിംഗിലെ സെക്യൂരിറ്റി അടുത്തേക്ക് വന്നിട്ട് ചോദിച്ചു.
“എവിടെ വന്നതാ?”
ഞാൻ അപ്പോൾ തന്നെ ഞാൻ അയാളോട് പറഞ്ഞു:
” ഫ്രാൻസിസ് ചേട്ടനോട് ഇവിടെ ഒരു സ്കൂട്ടറ് പാർക്ക് ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു”
അത് കേട്ട് അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു: “ഇന്നലെ രാത്രി മുതലാളി വിളിച്ചിരുന്നു, പുള്ളിയ്ക്ക് വേണ്ടപ്പെട്ട ആരോ ഇനി മുതൽ പാർക്കിംഗിൽ സ്ക്കൂട്ടറ് വയ്ക്കുന്നുണ്ട് ശ്രദ്ധിച്ചേക്കണേന്ന് പറഞ്ഞിട്ട്”
“അച്ഛന്റ ഫ്രണ്ടാണ് ഫ്രാൻസിസ് ചേട്ടൻ ഞാനാ ഇന്നലെ പുള്ളിയ്ക്ക് വിളിച്ച് പറഞ്ഞത് സ്ക്കൂട്ടറ് വയ്ക്കുന്ന കാര്യം പറഞ്ഞ്” ഞാൻ സെക്യൂരിറ്റി ചേട്ടനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.
അയാൾ അവിടെ നിന്ന് നീങ്ങിയ ഉടനെ അനു എന്നോട്:
“ആദിയ്ക്ക് ഇവിടെയൊക്കെ നല്ല ഹോൾഡാല്ലേ?”
“ഇതൊക്കെയെന്ത്?”
ഞാൻ അൽപ്പം ഗമയിൽ പറഞ്ഞു.
സംസാരിച്ച് നിൽക്കുന്നതിനിടെ അനൂന്റെ ഓഫീസ് ബസ് വന്ന് ഹോണടിക്കുന്ന ശബ്ദം കേട്ട് അവളെന്നെ നോക്കിയിട്ട്: “ആദി ഞാൻ പോവാണേ വൈന്നേരം വിളിക്കാട്ടോ” ന്ന് പറഞ്ഞ് ഹാൻഡ് ബാഗെടുത്ത് തോളത്തിട്ടിട്ട് എന്നെ നോക്കി നല്ലൊരു പുഞ്ചിരിയും തന്നിട്ട് അവൾ വേഗത്തിൽ ബസിനടുത്തേയ്ക്കോടി.