” അതേ,… ഇന്ന് രാവിലെ ആ പ്രശ്നത്തിനിടക്ക് വച്ച് കണ്ട അനൂന്റെ കസിനില്ലേ അവനെന്താ ഇങ്ങനെയൊക്കെ പെരുമാറുന്നേ?”
ഞാൻ ചോദിച്ചത് കേട്ട് അവളുടെ മുഖമൊന്ന് വാടി. അനു പെട്ടെന്ന് എഴുന്നേറ്റിട്ട് “വാ ആദി ഞാൻ പറയാം” ന്ന് പറഞ്ഞ് അവിടെ നിന്ന് നടന്നു അവളുടെ പിറകെയായി ഞാനും. നടന്ന് നീങ്ങിയ ഞങ്ങൾ ബിനാലെ നടക്കുന്ന ‘ ആസ്പിൻ വാളിന്റെ’ പിറകു വശത്ത് കായലിനഭിമുഖമായി പ്രവർത്തിക്കുന്ന ഒരു ഔട്ട് ഡോർ റെസ്റ്റോറന്റിൽ എത്തി. അവിടെയുള്ള പുൽതകിടിയിൽ നിരത്തിയിട്ടിരിക്കുന്ന മേശയും കസേരകളിലൊന്നിൽ പോയി ഇരുന്ന ഞാനും അനുവും കായലിലേക്ക് നോക്കിയിരുന്നു. കുറച്ച് നേരം ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. വെയ്റ്റർ ഓർഡർ ചോദിക്കാൻ വന്നപ്പോഴാണ് ഞങ്ങൾ രണ്ടാളും ചിന്തയിൽ നിന്നുണർന്നത്.
രണ്ട് കോഫി മാത്രം മതിയെന്ന് ഓർഡർ പറഞ്ഞ് ഞാൻ അയാളെ മടക്കി അയച്ചു. കോഫി കുടിച്ച് കൊണ്ടിരിക്കുന്നതിനിടെ അനു ഞാൻ ചോദിച്ചതിനുള്ള മറുപടിയായി പറഞ്ഞു തുടങ്ങി.
” രാവിലെയുണ്ടായ പ്രശ്നത്തിനിടക്ക് കണ്ടത് എന്റെ കൊചഛന്റെ മോനാ സംഗീത്, ഇവന്റെ അച്ഛനെ ആദി അറിയും നമ്മുടെ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണൻ.”
അനു പറഞ്ഞത് കേട്ട് എനിക്കൊരു ഞെട്ടലാണ് ഉണ്ടാക്കിയത് ഞാനാ അമ്പരപ്പിൽ അവളോട് ചോദിച്ചു.
“കൃഷ്ണേട്ടൻ അനൂന്റെ കൊച്ഛനായിരുന്നോ ഈ കാര്യം എനിക്കറിയില്ലായിരുന്നു. പിന്നെ ഈ സംഗീത് കൃഷണേട്ടന്റ മോനാണെന്ന കാര്യം ഞാനിപ്പഴാ അറിയണേ”
” അച്ഛനും കൊചഛനും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങീത് 3 കൊല്ലം മുൻപാ അച്ഛമ്മ മരിച്ച് കഴിഞ്ഞപ്പോ പ്രോപ്പർട്ടീസ് പാർട്ടീഷൻ ചെയ്യണ കാര്യം പറഞ്ഞാ രണ്ടാളും തെറ്റീത്. അന്നുണ്ടായ പ്രശ്നത്തിനിടയ്ക്ക് വച്ച് സംഗീത് അച്ഛനെ കസേരയ്ക്ക് അടിച്ച് വീഴ്ത്തി. അതിൽ പിന്നെ ഞങ്ങൾ കൊച്ഛന്റെ ഫാമിലി ആയിട്ട് അടുപ്പമൊന്നുമില്ല.”
അനു നടന്ന കാര്യങ്ങളൊക്കെ ഒറ്റ ശ്വാസത്തിലാണ് എന്നോട് പറഞ്ഞത്.
” അത് ശരി അങ്ങനെയായിരുന്നല്ലേ കാര്യങ്ങളുടെ കിടപ്പ്”
ഞാൻ അനു പറഞ്ഞ കാര്യങ്ങൾ കേട്ട് തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
“ഈ സംഗീത് പത്താം ക്ലാസ്സ് കഴിഞ്ഞതു മുതലാ ഇങ്ങനെയൊക്കെയായേ അതിനു മുൻപ് നന്നായി പഠിച്ചിരുന്നവനാ, അവന്റെ കൂട്ടുകാരാരൊക്കെയാന്ന് കണ്ടല്ലോ ആദി?”
സംഗീതിനോടുള്ള ദേഷ്യം കൊണ്ട് അനു പല്ല് ഞെരിച്ചാണ് എന്നോടിത് പറഞ്ഞത്.
മേശയിൽ നീട്ടി വച്ചിരുന്ന അവളുടെ ഇടത്തെ കൈയ്യിൽ ഞാനെന്റ വലം കൈ കൊണ്ട് ചേർത്ത് പിടിച്ചിട്ട്:
“കൂൾ ഡൗൺ അനു കുട്ടി ഇനിയവന്റെ കൂട്ടുകാര് അനു കുട്ടീടെ അടുത്തേക്കടുക്കൂല്ല ഈ ബോർഡി ഗാർഡ് ആദിയുള്ളപ്പോ”
ഞാനവളോട് പൊട്ടി ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.
ഞാൻ പറഞ്ഞത് കേട്ട് അനു “ശരി ആദി കുട്ടാ” ന്ന് വിളിച്ച് ഞാൻ ചേർത്ത് പിടിച്ചിരുന്ന ഇടത്തെ കൈ പിൻവലിച്ചിട്ട് നാവ് പുറത്തിട്ട് അവളൊരു കുസൃതി നിറഞ്ഞ നോട്ടം എന്നെ നോക്കി.
വാച്ചിലേയ്ക്ക് നോക്കിയപ്പോ സമയം 1.30 നോടടുക്കുന്നു. ഞാൻ അനൂനെ തോണ്ടി വിളിച്ചിട്ട്: “അനു നമ്മുക്ക് ലഞ്ച് കഴിച്ചാലോ? സമയം ഒന്നരയാകുന്നു എന്റെ വയറ് കത്തി തുടങ്ങിയിട്ടുണ്ടെ” ഞാൻ വയറ്റിൽ കൈ വച്ച് കൊണ്ടാണവളോടിത് പറഞ്ഞത്.