എന്നോടുള്ള അവളുടെ വിശ്വാസവും ഞാൻ കൂടെയുള്ളപ്പോഴുള്ള അവളുടെ ധൈര്യത്തെയും കുറിച്ച് അവൾ മനസ്സ് തുറന്നപ്പോൾ എനിക്കവളെയൊന്ന് നെഞ്ചോട് ചേർത്ത് പിടിക്കാനായിട്ട് തോന്നി. പക്ഷേ എനിക്കവളോടുള്ള പ്രണയം ഞാനിത് വരെ തുറന്ന് പറയാത്തത് കാരണം അങ്ങനെ ചെയ്യാൻ കൊതിച്ചത് എനിക്കതവിടെയൊരു വിലങ്ങ്തടിയായി തോന്നി.
” അനു ചേച്ചി ഞാൻ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ, ഞാൻ എല്ലാ ദിവസവും കോളെജിൽ പോകാൻ ഇറങ്ങുമ്പോ അനു ചേച്ചിയുടെ കൂടെ വരുമ്പോ കുറച്ച് നേരത്തെ ഇറങ്ങണം അതെനിക്കൊരു ബുദ്ധിമുട്ടുള്ള കാര്യമേയല്ല. ഇഷ്ടമുള്ള ആൾക്ക് വേണ്ടി ഞാനിതെങ്കിലും ഒന്ന് ചെയ്യട്ടേന്നെ” എന്റെയുള്ളിലെ അവളോടുള്ള ഇഷ്ടം ഒരു നിമിഷം ഞാനറിയാതെ തന്നെ എന്റെ നാവിൽ നിന്ന് പുറത്ത് വന്ന നിമിഷം.
അവൾ ആ പാൽ പല്ല് കാണിച്ച് എന്നെ നോക്കി ചിരിച്ചിട്ട്:
” എന്നാ ആദി നാളെ തൊട്ട് എന്റെ ബോഡി ഗാർഡ് ആയിട്ട് ചാർജ് എടുത്തോ. ആദി എന്റെ കൂടെയുണ്ടെങ്കി അവന്മാരിനിയെന്റ ഏഴയലത്ത് വരൂല. അതിനു മാത്രം അവരിന്ന് ആദീടേം ഫ്രണ്ട്സിന്റേന്നും വാങ്ങി കൂട്ടീട്ടുണ്ട്” അവള് കുലുങ്ങി ചിരിച്ചു കൊണ്ടാണിത് പറഞ്ഞത്.
അവള് നന്നായി ചിരിച്ചു കണ്ടപ്പോ തന്നെ എന്റെ മനസ്സിലെ വലിയ ഒരു ഭാരം ഇറക്കി വച്ച പോലൊരു ആശ്വാസം. കുറച്ച് നേരം ആയി ബൈക്ക് റോഡിന്റ ഓരത്ത് ഒതുക്കി നിർത്തി ഞങ്ങൾ സംസാരിക്കുന്നത് കണ്ട് തൊട്ടടുത്തുള്ള ചെറിയ വഴിക്കച്ചവടക്കാരൊക്കെ ഞങ്ങളെ തന്നെ തുറിച്ച് നോക്കുന്നത് കണ്ട് ഞാനവളോടായിട്ട് പതിയെ ശബ്ദം താഴ്ത്തി പറഞ്ഞു.” അനു ചേച്ചി നമ്മളിവിടെ അധിക നേരം നിന്നാൽ ശരിയാവൂല ദേ ആ കടക്കാരൊക്കെ നമ്മളെ തന്നെ തുറിച്ച് നോക്കുന്നുണ്ട്.
അപ്പോ ഇനിയെന്താ പ്ലാൻ?”
ഞാൻ പറഞ്ഞത് കേട്ട് അവൾ ചുറ്റിലേയ്ക്കുമൊന്ന് കണ്ണോടിച്ചിട്ട് എന്നോട് ശബ്ദം താഴ്ത്തിയിട്ട്:
” ശരിയാ ആദി അവര് നമ്മളെതോ ലവേഴ്സ് ആണെന്ന് വിചാരിച്ചിട്ടാ ഇങ്ങനെ തുറിച്ച് നോക്കണെ. ഓഫീസിൽ പോകാത്ത സ്ഥിതിയ്ക്ക് നമ്മുക്ക് വീട്ടിലേയ്ക്ക് തന്നെ തിരിച്ച് പോയാലോ?”
“അത് വേണോ? ഇപ്പോ വീട്ടിലേയ്ക്ക് തിരിച്ചു പോയാൽ ആന്റി ചോദിക്കുമ്പോ നമ്മുക്ക് നടന്ന കാര്യങ്ങളൊക്കെ പറയേണ്ടീം വരും. ആ സ്ഥിതിയ്ക്ക് നമ്മുക്ക് വൈകുന്നേരം വീട്ടിലോട്ട് തിരിച്ച് പോകുന്നതല്ലേ നല്ലത്?”
ഞാൻ പറഞ്ഞത് കേട്ട് അനു ഒന്നാലോചിച്ച് നിന്നിട്ട്:
” ശരിയാ ഞാനാ കാര്യം അത്ര അങ്ങോട്ട് ആലോചിച്ചില്ലാ. വൈകുന്നേരം വരെ നമ്മളെങ്ങനെ നേരം കളയും?”
അവളൊരു എത്തും പിടിയും കിട്ടാത്ത പോലെയാണത് പറഞ്ഞത്.
” നമ്മുക്കിന്ന് ബിനാലെ കാണാൻ പോയാലോ കൊച്ചിയ്ക്ക്? അവിടെ പ്രോഗ്രാം ഇൻ ചാർജ് ഗ്രൂപ്പിൽ എന്റെയൊരു പരിചയക്കാരനുണ്ട് പിള്ളേച്ചൻ. പുള്ളിയോട് നമ്മൾ ചെല്ലുന്ന കാര്യം വിളിച്ച് പറഞ്ഞാൽ നൈസായിട്ട് കക്ഷി നമ്മുക്കുള്ള ടിക്കറ്റും ഒപ്പിച്ച് തരും പിന്നെ പരിപാടിയുടെ എല്ലാ ഭാഗത്തേയ്ക്കുമുള്ള എൻട്രിയും തരും.
ഞാനിത് ഒറ്റ ശ്വാസത്തിലാണവളോട് പറഞ്ഞത്.
ഞാൻ പറഞ്ഞത് കേട്ട് അനു എന്നെ നോക്കി പുഞ്ചിരിച്ചിട്ട്:
” ബിനാലെ കാണാൻ പോകാൻ ഞാൻ കുറേ നാളായിട്ട് വിചാരിക്കുന്നതാ ഇപ്പോ ഇന്നിങ്ങനെയൊക്കെ ആയ സ്ഥിതിയ്ക്ക് നമ്മുക്ക് പോകാന്നെ”
അവൾ എന്റെ കൂടെ വരാന്ന് സമ്മതമറിയിച്ചതോടെ ഇന്നത്തെ ദിവസം മൊത്തം അനു കൂടെയുണ്ടാകുമെന്നോർത്തപ്പോൾ മനസ്സിലൊരു കുളിര് കോരിയ പോലൊരു ഫീൽ.