ബെഡിലേയ്ക്ക് കിടന്നു എന്നിട്ട് പറഞ്ഞു “ആദി കുട്ടാ എനിയ്ക്ക് മെഡിക്കൽ ഷോപ്പിൽ പോയി രണ്ട് സാധനങ്ങൾ വാങ്ങി തരാമോ?”
” ഒന്നാമത്തെ സാധനം പാഡ് അല്ലേ?
വേറെ എന്താ വാങ്ങണ്ടേ?” ഞാൻ പെണ്ണിന്റ ഉള്ളം കാലിൽ പതിയെ തടവി കൊടുത്തു കൊണ്ട് ചോദിച്ചു.
“naproxen (Aleve) എന്നൊരു ടാബ്ലറ്റ് കൂടി വാങ്ങി തരണം. ഇനി പേര് നീ മറന്നാലും കുഴപ്പമില്ല പാഡ് വാങ്ങി കഴിഞ്ഞ് ഇതിന്റെ വേദനയ്ക്കുള്ള ഗുളിക വേണമെന്ന് പറഞ്ഞാൽ അവര് മിക്കവാറും ഈ ഗുളികയുടെ പേര് തന്നെ ആണ് ആദ്യം പറയുക അപ്പോൾ നീ ഗുളികയുടെ പേര് ഓർത്തോളും” പെണ്ണ് കിടന്ന കിടപ്പിൽ നെറ്റിയിൽ വലത്തെ കൈ മടക്കി വച്ചു കൊണ്ടാണത് പറഞ്ഞത്.
“എന്നാൽ ഞാൻ വേഗം റെഡിയായിട്ട് വാങ്ങി തരാം ട്ടോ” ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
“അയ്യോ അത് വേണ്ട കഴിച്ച് കഴിഞ്ഞിട്ട് വാങ്ങി തന്നാൽ മതി” പെണ്ണ് തളർന്ന സ്വരത്തിൽ പറഞ്ഞു.
” അപ്പോ അനു കുട്ടി കഴിക്കുന്നില്ലേ ഇപ്പോ?” പെണ്ണിന്റെ തളർച്ചയിലുള്ള കിടപ്പ് കണ്ട ടെൻഷനിൽ ഞാൻ ചോദിച്ചു.
” എനിയ്ക്ക് എന്താണെന്നറിയില്ല നല്ല ക്ഷീണം പിന്നെ നല്ല വയറു വേദനയും ഉണ്ട്. ആദി കുട്ടൻ പോയി കഴിച്ചിട്ട് വാ ഞാൻ പിന്നെ എപ്പോഴെങ്കിലും കഴിച്ചോളാം” പെണ്ണ് ഇടറിയ സ്വരത്തിൽ പറഞ്ഞു.
“എന്നാലേ നമ്മൾ ഒരുമിച്ചേ കഴിക്കുന്നുള്ളൂ നീ കഴിക്കാതെ ഞാൻ അങ്ങനെ ഒറ്റയ്ക്ക് കഴിക്കുന്നില്ല” ഞാൻ പെണ്ണിനോട് പറഞ്ഞിട്ട് വേഗം ബാത്ത് റൂമിൽ കേറി ഒരു പത്തു പതിനഞ്ച് മിനിറ്റിനുള്ളിൽ കുളിയും പല്ലുതേപ്പും ഒക്കെ തീർത്ത് പുറത്തിറങ്ങി. സാധാരണ 30 മിനിറ്റ് കൊണ്ട് കുളിക്കുന്ന ഞാനാണ് ഈ പത്ത് പതിനഞ്ച് മിനിറ്റിനുളളിൽ എല്ലാം തീർത്ത് ഇറങ്ങിയതെന്ന കാര്യം ഓർത്തപ്പോൾ എനിയ്ക്ക് തന്നെ അത്ഭുതം തോന്നി. കുളി കഴിഞ്ഞ് ബെഡ് റൂമിൽ എത്തിയ ഞാൻ കാണുന്നത് പെണ്ണ് കട്ടിലിൽ കിടന്ന് നല്ല ഉറക്കം. പാവം ഉറങ്ങിക്കോട്ടെന്ന് കരുതി ഞാൻ വിളിച്ചുണർത്തിയില്ല. കട്ടിലിൽ ഉടുത്ത് മാറാനായിട്ട് ട്രോളി ബാഗിൽ നിന്ന് എടുത്ത് വച്ച നീല ഡെനിം ഷർട്ടും ചാര നിറത്തിലുള്ള ജീൻസും എടുത്തിട്ടിട്ട് റൂമിലെ കണ്ണാടിയ്ക്ക് മുൻപിൽ നിന്ന് മുടിയൊക്കെ ചീർപ്പ് വച്ച് ഈരി സെറ്റാക്കി.
പിന്നെ ഞാൻ കോട്ടെജിന്റെ ഡോർ ലോക്ക് ചെയ്തിട്ട് റിസപ്ഷനിലേയ്ക്ക് നീങ്ങി. അവിടെ ഇന്നലെ കണ്ട റിസപ്ഷനിസ്റ്റ് പയ്യനോട് അടുത്തു റെസ്റ്റോറന്റുണ്ടോന്ന് ചോദിച്ചപ്പോ “സാർ നമ്മുടെ റിസോർട്ടിന്റെ അകത്തെ പരിസരത്ത് തന്നെ റെസ്റ്റോറന്റുണ്ട്. സാർ റൂമിൽ ഇരുന്നു വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഫുഡ് അങ്ങോട്ടെയ്ക്ക് എത്തിച്ചു തരുമായിരുന്നല്ലോ” അവൻ പറഞ്ഞു.
“സാരമില്ല ഞാൻ ഒന്ന് പോയി നോക്കിയിട്ടു വരട്ടെ റെസ്റ്റോറന്റും റിസോർട്ടിന്റെ പരിസരവും ഒക്കെ കാണേം ചെയ്യാലോ” ഞാൻ അവനോട് പറഞ്ഞിട്ട് പതിയെ റിസപ്ഷൻ ഇരിക്കുന്ന കെട്ടിടത്തിൽ നിന്ന് അവൻ പറഞ്ഞതനുസരിച്ച് റെസ്റ്റോറന്റ് ലക്ഷ്യമാക്കി നടന്നു. ഇന്നലെ രാത്രിയിൽ വന്നതു കൊണ്ട് പരിസരമൊന്നും റിസോർട്ടിന്റെ ശരിക്കും കാണാൻ പറ്റിയിരുന്നില്ല. നല്ല കരിങ്കൽ പാകിയ വിധമാണ് മുറ്റത്തിട്ടിരിക്കുന്ന ടൈലുകളുടെ ആകൃതി. പിന്നെ അലങ്കാരത്തിനായി വിദേശ രാജ്യങ്ങളിൽ ഒക്കെ കാണുന്ന തരത്തിലുള്ള വെട്ടി നിറുത്തിയിരിക്കുന്ന ബുഷുകൾ ഒക്കെ കണ്ടു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നതാണ് റിസോർട്ടിന്റെ സ്ഥലം. റിസോർട്ട് അൽപ്പം ഉയർന്ന് നിൽക്കുന്ന സ്ഥലത്താണ് അതിന്റെ താഴെ നിറയെ നെൽപാടങ്ങളും പിന്നെ ദൂരെ കുന്നും മലയുമൊക്കെ കാണാം.