ഞാൻ പുതിയ കാറിന്റെ കീ ലെസ്സ് എൻട്രീ റിമോർട്ടിൽ സ്വിച്ച് അമർത്തിയപ്പോ ഇൻഡിക്കേറ്റർ മിന്നി ഡോർ അൺലോക്കായ സൗണ്ട് കേട്ടു.
ഡോർ തുറന്ന് അകത്ത് കേറി ഉള്ളിലെ നൈറ്റ് ലാംമ്പ് ഓൺ ചെയ്തു. രാത്രി ആയതോണ്ട് അത്ര വ്യക്തമായി ഉള്ളിലെ ഇന്റീരിയറുകൾ കാണുന്നില്ല. താക്കോൽ ഇട്ട് ഇഗ്നീഷ്യൻ ഓൺ ചെയ്തപ്പോൾ വണ്ടിയുടെ മീറ്റർ കൺസോൾ ഒക്കെ എൽ.ഇ.ഡി ഡിസ്പ്ലേ ആയതോണ്ട് കാണാൻ തന്നെ ഒരു രസം. വണ്ടി സ്റ്റാർട്ട് ചെയ്തു ആക്സിലേറ്റർ കൊടുത്ത് എഞ്ചിന്റെ ആ പവർഫുൾ സൗണ്ട് കേട്ടപ്പോ ഒരു പ്രത്യേക ഫീൽ.
ഞാൻ ഡോർ അടച്ച ശേഷം അച്ഛനോടും അമ്മയോടും അഞ്ജൂനോടും വന്ന് കാറിൽ കേറാൻ പറഞ്ഞു.
അച്ഛൻ മുന്നിലെ സീറ്റിലും അഞ്ജുവും അമ്മയും പിറകിലെ സീറ്റിലും വന്ന് കേറി ഞാൻ വണ്ടി പതിയെ പോർച്ചിൽ നിന്നറക്കി ജംഗ്ഷൻ വരെ അവരെയും കൊണ്ടു ഒന്ന് കറങ്ങി പോന്നു. കാറ് ഇഷ്ടായോന്നൊക്കെ അച്ഛൻ സീറ്റിൽ അമർന്നിരുന്ന് തന്നെ ചോദിച്ചു.
ഉളളിലെവിടെയോ ഒരു വിഷമം പോലെ എന്തൊക്കെ പറഞ്ഞാലും അച്ഛനെ ധിക്കരിച്ചാണല്ലോ ഞാൻ അനൂനെ റെജിസ്ട്രർ മാര്യേജ് ചെയ്തത് അത് ഇവർ അറിഞ്ഞിട്ടുമില്ല. ഞാൻ മുൻപെ പ്പോഴൊ പോളോ റെഡ് കളർ വാങ്ങണമെന്ന് പറഞ്ഞിട്ടുണ്ട്. അത് മനസ്സിൽ ഓർത്ത് വെച്ച് എനിക്കൊരു സമ്മാനമായി വാങ്ങി തന്ന അച്ഛനോടാണല്ലോ ഞാനീ ചതി ചെയ്തത്.
ഇനി താമസിച്ചൂടാ നാളെ തന്നെ ഈ കാര്യം അച്ഛനോടും അമ്മയോടും പറയണം. അങ്ങനെ പുതിയ കാറിൽ എല്ലാവരുമായി ഒരു റൗണ്ട് പോയി വീട്ടിൽ തിരിച്ചെത്തി അവരെ കാറിൽ നിന്ന് ഇറക്കിയ ശേഷം ഞാൻ വണ്ടി തിരിച്ച് പോർച്ചിൽ അച്ഛന്റെ കാറിന്റെ അടുത്ത് തന്നെ പാർക്ക് ചെയ്തു. പഴയ സാൻട്രോ ഞാൻ കുറച്ച് നീക്കി മുറ്റത്ത് തന്നെ പാർക്ക് ചെയ്ത് അകത്തേയ്ക്ക് കയറി. രാത്രിയിലെ ഭക്ഷണം ഞങ്ങൾ ഒരുമിച്ച് കഴിച്ച ശേഷം ഞാൻ മുകളിലത്തെ എന്റെ മുറിയിൽ ഉറങ്ങാനായി കയറി കട്ടിലിൽ കിടന്നു.
മനസ്സിനൊരു വല്ലാത്ത ഭാരം പോലെ എന്തോ ഒരു വലിയ തെറ്റ് ചെയ്ത പോലെ, അങ്ങനെ മനസ്സ് അസ്വസ്ഥമായി തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴൊ ഞാൻ ഉറങ്ങി.
രാവിലെ അന്ന് ഞാൻ പതിവു പോലെ നേരത്തെ എഴുന്നേറ്റില്ല. ഉറങ്ങിയപ്പോൾ ഒരുപാട് വൈകിയതോണ്ട് ‘അഞ്ജൂ’ ആണ് അന്നെന്നെ ഓടി വന്ന് വിളിച്ചുണർത്തിയത്. “ചേട്ടാ എണ്ണീറ്റെ താഴെ അനു ചേച്ചിയെയും കൊണ്ട് ഗോപാൽ അങ്കിൾ വന്ന് നിൽക്കുന്നൂന്ന്” പറഞ്ഞ് കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റത്.
എഴുന്നേറ്റ് കണ്ണ് തിരുമ്മി അവളെ നോക്കുമ്പോൾ അവളുടെ മുഖം ആകെ പേടിച്ച വിളറിയിട്ടുണ്ട്. താഴെ നിന്ന് ഗോപാൽ അങ്കിൾ അനുവിന്റെ അച്ഛനെ ഞങ്ങൾ അങ്ങനെയാണ് വിളിക്കാറ് പുള്ളി അച്ഛനോട് ശബ്ദമുയർത്തി സംസാരിക്കുന്നത് എനിക്ക് താഴെ നിന്ന് കേൾക്കുന്നുണ്ട്
“എന്നാലും പ്രതാപാ ഇവര് രണ്ടാളും നമ്മളോടീ ചതി ചെയ്തല്ലോ ന്നൊക്കെ പറയുന്നത് ഞാൻ കേട്ടു”.
എന്റെ ശരീരം തളരുന്ന പോലെ തോന്നി. എങ്ങനെയോ ഞങ്ങളുടെ രെജിസ്ട്രാർ മാര്യേജിന്റെ കാര്യം എല്ലാരും അറിഞ്ഞിരിക്കുന്നു.
താഴെ നിന്ന് ഒരു ചില്ല് പൊട്ടുന്ന ശബ്ദവും “വീട്ടിൽ കേറി ഒളിച്ചിരിക്കാതെ ഇറങ്ങി വാടാ ചെറ്റേ” എന്ന് ആരോ ഉറക്ക പറയുന്നതും ഞാൻ മുകളിൽ ഇരുന്നു കേട്ടു. ഉടനെ ഞാൻ സ്റ്റെയർ ഇറങ്ങി ഓടി ഉമ്മറത്തേയ്ക്ക് ചെന്നു.
(തുടരും)