ഞാൻ പറഞ്ഞത് കക്ഷിക്കു അത്ര പിടിച്ചില്ല എന്റെ കൈ തണ്ടയിൽ നല്ലൊരു പിച്ച് തന്നിട്ട്
“ഒന്നുമില്ലേലും രാശ്മിക ലുക്കേലും ഉണ്ടല്ലോ” പെണ്ണ് ഞാൻ പറഞ്ഞതിനെ തള്ളി കളഞ്ഞു.
ഞങ്ങളുടെ അടക്കിപിടിച്ചുള്ള സംസാരവും പിച്ചലും ഒക്കെ നോക്കി നേരത്തെ ഞാൻ പറഞ്ഞ വായി നോക്കികൾ നിൽപ്പുണ്ടായിരുന്നു. അവരുടെ നോട്ടം സഹിക്കാതായപ്പോൾ അനു അവരുടെ നേരെ നോക്കി കലിപ്പിൽ എന്താന്ന് ചോദിച്ചതോടെ അവൻമാർ പതിയെ അവിടെ നിന്ന് വലിഞ്ഞു. ഇതു കണ്ട് ചിരി വന്ന ഞാൻ അവളോട് പറഞ്ഞു
“ഇപ്പോ അനൂസിനെ ശരിക്കുമൊരു ആംഗ്രി ബേർഡ് ലുക്ക് ഉണ്ട്”
ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ നിന്ന പെണ്ണ് വീണ്ടും എന്റെ കൈയ്യിൽ നുള്ളി പറിച്ചോണ്ടിരുന്നു.
ഞാൻ എന്റെ കൈ തിരുമി കൊണ്ടിരിക്കുന്നതിനിടയിൽ അകത്ത് നിന്ന് വന്ന ഓഫീസ് അസിസ്റ്റന്റ് ഞങ്ങളുടെ പേര് വിളിച്ചു
“ആദിത്യനും അനുരാധയും ഉണ്ടോ?”
ഞാൻ അപ്പോ തന്നെ കൈ പൊക്കി കൊണ്ട് ഇവിടെയുണ്ടെന്ന് പറഞ്ഞു.
രണ്ടാളും നിങ്ങളുടെ കൂടെ വന്ന സാക്ഷികളും അകത്തേയ്ക്ക് കേറിക്കോളാൻ പറഞ്ഞു അയാൾ അകത്തേയ്ക്ക് പോയി.
അങ്ങനെ ഞങ്ങൾ അകത്തെത്തിയപ്പോ കാണുന്നത് രജിസ്ട്രാറിന്റെ തൊട്ടടുത്ത് നിന്ന് ഞങ്ങളുടെ രണ്ടാളുടെയും ഐഡന്റിറ്റി കാർഡുകളും SSLC ബുക്കിന്റെ കോപ്പിയൊക്കെ കാണിച് പുള്ളിയെ വയസ്സ് ബോധ്യപ്പെടുത്തുന്ന അമൃതിനെയാണ്. രജിസ്ട്രാർ ഞങ്ങളുടെ പേരും വയസ്സും വിളിച്ച് ഞങ്ങളെ രണ്ടാളെയും കൗതുകത്തോടെ മാറി മാറി നോക്കി. എനിക്ക് 21 ഉം അവൾക്ക് 26 ഉം
ആണല്ലോ രേഖകളിലെ പ്രായം. പക്ഷേ നേരെ നോക്കിയാൽ ഞങ്ങൾ രണ്ടാളെയും സമപ്രായക്കാരായി മാത്രമേ തോന്നു. എനിക്കാണേൽ മുഖത്ത് കുറ്റി രോമങ്ങൾ മാത്രേ ഉളളു വിജയ് ദേവര കൊണ്ട സ്‌റ്റെലിൽ ആണ് നമ്മുടെ നടപ്പൊക്കെ. ഞങ്ങളോട് രജിസ്ട്രർ ചെയ്യാനുള്ള പേപ്പറിൽ ഞങ്ങളുടെ പേരെഴുതിയ ഭാഗത്തിന് നേരെ ഒപ്പിടാൻ പറഞ്ഞു. ഞങ്ങൾ ഒപ്പിട്ടതിന് ശേഷം സാക്ഷികളുടെ ഭാഗത്ത് നിന്ന് അമൃതും നിയാസും, സൗമ്യയും കൃഷ്ണയും ഒപ്പിട്ടു. അതോടെ അവിടത്തെ ഫോർമാലിറ്റീസ് കഴിഞ്ഞു. അവിടെ തൊട്ടടുത്ത കടയിൽ പറഞ്ഞ് ബൊക്കയും പൂമാലയും ഏർപ്പാടാക്കി വച്ച നിയാസ് ഞങ്ങൾ ഒപ്പിട്ട് കഴിഞ്ഞ ഉടനെ അത് കൊണ്ട് വന്ന് എന്റെയും അനുവിന്റെയും കൈയ്യിൽ തന്നിട്ട് പൂമാല രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ഇടാൻ പറഞ്ഞു അതൊക്കെ കക്ഷി ഭംഗിയായി വീഡിയോയും ഫോട്ടോയും ആയി എന്റെ വൺപ്ലസ്സ് 7 ഫോണിൽ പകർത്തി.
മാലയൊക്കെ ഇട്ട് കൈ പിടിച്ച് പുറത്തിറങ്ങിയ ഞങ്ങൾ രണ്ടാളെയും റെജിസ്ട്രാഫീസിന്റെ മരങ്ങൾ കൂടി നിൽക്കുന്ന ഒരു ഭാഗത്ത് കൊണ്ട് പോയി മത്സരിച്ച് ഫോട്ടോയെടുക്കുന്ന ചടങ്ങായിരുന്നു പിന്നീട്.
അതിനു ഊഴം കാത്ത് പ്രൊഫഷണൽ ഫോട്ടോ ഗ്രാഫർമാർ പോലും തോറ്റു പോകുന്ന തരത്തിൽ പോസുകൾ പറഞ്ഞ് പിക്ചർ എടുക്കാൻ സൗമ്യയും, കൃഷണയും ആയിരുന്നു മുന്നിൽ കൂട്ടത്തിൽ നിയാസും. ഞങ്ങളുടെ കൂടെ ഒപ്പം ഫോട്ടൊയെടുക്കാൻ സൗമ്യയും കൃഷ്ണയും നിൽക്കുമ്പോൾ നിയാസ് അവരുടെ ഫോൺ വാങ്ങി ഫോട്ടോയെടുത്ത് കൊടുത്തു.