എന്റെ അനസ്യൂതം ഒഴുകിക്കൊണ്ടിരുന്നു സുഗമമായ ജീവിതത്തിലെ ഒരു നൈമിഷിക അപഭ്രംശമായി, അവിടേയ്ക്കു കടന്നു വന്ന ഒരു അപഥസഞ്ചാരിണിയായി അവളെ കണ്ടു, അവളുമായുള്ള എല്ലാം പൂർണമായും മറക്കാൻ, ഞാൻ വൃഥാ ശ്രമിച്ചു. മറക്കാൻ ശ്രമിക്കും തോറും അവളുടെ ഓർമ്മകൾ എന്നെ പൂർവാധികം ശക്തിയായി വരിഞ്ഞു മുറുക്കി.
അല്ലെങ്കിൽ തന്നെ ഞാനെന്താ ചെയ്തത് ? ഇഷ്ടം മൂത്ത്, പ്രിയ സുഹൃത്തിന്റെ കരതലത്തിൽ ഒരുമ്മ കൊടുത്തു. അതെന്താ, അത്ര വലിയ തെറ്റാണോ ? ഈ മഹാനഗരത്തിൽ ആൺ -പെൺ സുഹൃത്തുക്കൾ കെട്ടിപ്പിടിക്കുന്നു, കവിളുകൾ ചെത്ത് ആശ്ലേഷിക്കുന്നു, അതും പരസ്യമായി. ആർക്കും പരാതിയില്ല. ഇവളെന്താ കുല സ്ത്രീയാണോ? ഞാൻ കരുതിയത്, കേരളത്തിൽ മാത്രമാണ്, ഇവളുമാര് കുല സ്ത്രീ പട്ടം കളിക്കുന്നതെന്നാണ്. കേരളത്തിന് പുറത്തിറങ്ങിയാൽ പിന്നെ, പുറം ലോകം നമ്മുടെ ശീലമാകും എന്നാണു. പിന്നെന്താണ് ഇവളിങ്ങനെ ? ഇവൾക്കെന്താ കൊമ്പുണ്ടോ ? എന്നിങ്ങനെയെല്ലാം വിചാരിച്ചു ഞാൻ ദിവസങ്ങൾ തള്ളി നീക്കി. ഒരു മാസത്തോളമാകുന്നു, നമ്മൾ പഴയ സുഹൃത്തുക്കളാണെന്ന് കൂടി മറന്ന പോലെ.
ക്ലൈന്റ് ഇൻസ്‌പെക്ഷൻ എന്ന് പറയും. രണ്ടോ – മൂന്നോ പേരടങ്ങുന്ന ഒരു ചെറു സംഘത്തെ , ഉപഭോകതാവിന്റെ ആവശ്യാനുസാരണം, മറ്റൊരു കമ്പനിയുടെ ഇന്സ്പെക്ഷന് അയക്കും. വേറൊരു നഗരത്തിൽ, പുതിയ കമ്പനിയുടെ പക്കൽ, ഒരാഴ്ചയോളം താമസിക്കേണ്ടി വരും. ഇൻസ്‌പെക്ഷൻ നടത്തി റിപ്പോർട്ട്, കമ്പനിക്കു കൊടുക്കുക. ഇൻസ്‌പെക്ഷൻ ഒരു ജോലിയാണെങ്കിലും, മറ്റു കാര്യങ്ങളെല്ലാം സുഖമാണ്. മുന്തിയ ഹോട്ടലിൽ ഫൈവ് സ്റ്റാർ താമസം, വിമാന ചാർജ്, യാത്ര ചെയ്യാൻ കമ്പനി വണ്ടി, ഒന്നുമറിയണ്ട. ആ മാസത്തെ പേര് എന്റെയും അവളുടെയും. പ്രേമസമയത് നമ്മൾ കൊടുത്ത ലിസ്റ്റ് അനുസരിച്ചായിരുന്നു വിളി. പിന്മാറിയാലോ എന്നാലോചിച്ചു. അല്ലെങ്കിൽ വേണ്ട, വേണ്ടെങ്കിൽ അവള് പിന്മാറട്ടെ. പക്ഷെ ഒന്നുമുണ്ടായില്ല. ടൂറിനു പോകേണ്ട, വിമാന ടിക്കറ്റും തന്നു കമ്പനി ഞങ്ങളെ യാത്രായാക്കി.
വിമാനത്തിൽ അടുത്തടുത്ത സീറ്റുകളിരുന്നു യാത്ര. അവളീണെങ്കിൽ ഒടുക്കത്തെ ഗൗരവം. ഒന്നും മിണ്ടുന്നില്ല. എനിക്കാണെങ്കിൽ അവളെ അടുത്ത കിട്ടിയപ്പോൾ പഴയ പ്രേമം തല പൊക്കി. ഹോട്ടലിൽ അടുത്തടുത്ത രണ്ടു റൂമുകളാണ് പറഞ്ഞിരുന്നത്. ചെക്ക്-ഇൻ ചെയ്തിട്ട്, അവളവിടെ എന്ത് ചെയ്യുകയായിരിക്കും എന്നും ആലോചിച്ചു കൊണ്ടിരുന്നു. ചെന്ന് ഇടിച്ചു കേറി മിണ്ടണോ ? വേണ്ട ? അവള് മിണ്ടട്ടെ ? അപ്പോൾ നോക്കാം. ഒരു രക്ഷയുമില്ല, പെണ്ണ് മിണ്ടുന്നില്ല.