അന്നുവരെ ചെറിയച്ഛന്റെ ഒപ്പം കിഴക്കിനി മുറിയിൽ കിടന്നിരുന്ന ഞാൻ, രേണുക ചെറിയമ്മ വന്നതോടെ പുറത്താക്കപ്പെട്ടു. എങ്കിലും മേലെ അകത്തളത്തിൽ ഒരു ദിവാനുണ്ട് അതിലായി പിന്നീടെന്റെ കിടത്തം, പകലും അവിടെ കിടക്കാൻ എനിക്കിഷ്ടമാണ്, അപ്പുറത്തെ മാന്തോപ്പിലെക്കാണ് ജനൽ തുറന്നാൽ ഉള്ള കാഴ്ച.
കല്യാണം കഴിഞ്ഞുടനെ ചെറിയച്ഛനും ചെറിയമ്മയും ബംഗ്ലൂരിലെക് പോകുമെന്നായിരുന്നു കേട്ടത്, പക്ഷെ അത് നടന്നില്ല. പുതുപെണ്ണല്ലേ; കുറച്ചു ദിവസം ഇവിടെ നിന്നോട്ടെ, എല്ലാരുമായും ഒന്ന് പരിചയമായി കഴിഞ്ഞിട്ട് മതിയെന്ന്, മുത്തശ്ശിയും പറഞ്ഞു, എല്ലാരും എന്ന് പറയുമ്പോ മുത്തശ്ശിക്കു മക്കൾ 6 പേരുണ്ട്, അവരുടെ കുട്ടികളും ഉണ്ട്. എന്റെ പ്രായത്തിൽ ആരുമില്ല, എല്ലാരും ചെറു പ്രായമാണ്. ചിലർ തഞ്ചാവൂരിലും ചിലര്‍ നാഗപ്പട്ടണത്തുമാണ്. ഇവിടെയിപ്പോ മുതിർന്ന ആൺ തരി ഞാൻ മാത്രമാണ് ട്ടോ.
ചെറിയച്ഛൻ ബാംഗ്ലൂരിൽ ആണ് ജോലി, തീവണ്ടിയാപ്പീസിൽ. അതുകൊണ്ടാവാം ആള് നല്ലപോലെ പുക ഊതി വിടുന്നതും. എന്തോ ഇല പൊടിച്ചു സിഗരറ്റിൽ വെക്കുന്നതും കണ്ടിട്ടുണ്ട്. ചിന്നൻ എനിക്ക് ഒരിക്കൽ തന്നിട്ട്, ഞാൻ വല്ലാതെ ചുമച്ചു. അതിനാൽ ആ പണിക്ക് പിന്നെ നിന്നിട്ടുമില്ല.
കല്യാണം കഴിഞ്ഞു ഒരാഴ്ച ആയപ്പോൾ, ചെറിയമ്മയുടെ അടക്കിയുള്ള തേങ്ങലും കരച്ചിലും പാതി രാത്രികളിൽ
ദിവാനിൽ കിടന്നുറങ്ങുമ്പോ ഞാൻ കേട്ടിരുന്നു. പലപ്പോഴും എനിക്കതിന് ശേഷം ഉറങ്ങാൻ കഴിയുമായിരുന്നില്ല. അങ്ങനെ കല്യാണത്തിന് ശേഷം 8 ദിവസം കഴിഞ്ഞപ്പോൾ ചെറിയച്ഛൻ ബാംഗ്ലൂരിലേക്ക് തിരികെ പോയി.
ചെറിയച്ഛൻ പോയപ്പോൾ മുത്തശ്ശനും മുത്തശിയും എന്നോട് ചെറിയമ്മയുടെ കൂടെ തന്നെ പഴയ മുറിയില്‍ കിടന്നോളാൻ പറഞ്ഞു.
അമ്മയില്ലാത്ത കുട്ടിയായത് കൊണ്ടാവാം എന്ന് ഞാനോർത്തു. അവനു രാത്രി ചിലപ്പോ പേടി സ്വപ്നം വരും ഒന്ന് നോക്കിക്കോണം എന്ന് മുത്തശ്ശി ചെറിയമ്മയോടു പ്രത്യേകം പറയുകയും ചെയ്തു. അതൊക്കെ എനിക്ക് പണ്ടായിരുന്നു. സ്വപ്നം കണ്ടാൽ വിറക്കുന്നതും കരയുന്നതുമൊക്കെ, ഏതാണ്ടു 5 വയസിൽ ആണെന്ന് തോന്നുന്നു. മുത്തശ്ശിക്ക് ഇപ്പോഴും ഞാൻ ചെറിയ കുട്ടിയാണ്. ഞാൻ തനിച്ചു ദിവാനിൽ കിടക്കുമ്പോഴും,നേരെയുള്ള മുത്തശ്ശിയുടെ മുറി വാതിൽ അടക്കാറില്ലായിരുന്നു. എന്നെ അത്രക്കിഷ്ടമാണ്.
ചെറിയമ്മ പക്ഷെ മുത്തശ്ശി എന്നെ കുറിച്ച് പറഞ്ഞതുകേട്ടു ചിരിച്ചുകൊണ്ട് “ഞാൻ നോക്കിക്കോളാം മുത്തശ്ശി” എന്ന് പറയുകയും ചെയ്തു. ഒപ്പം അടുത്ത് നിന്ന എന്നെ ചേർത്ത് പിടിച്ചു മുടിയിൽ തലോടി. എനിക്കും അതിൽ സന്തോഷമായി. മുത്തശ്ശിക്ക് ശേഷം അത്രയും സ്നേഹവും വാത്സല്യവുമുള്ള ആലിംഗനം അതായിരുന്നു. ഇല്ലിക്കൽ കല്ലിനെ മഞ്ഞുകൊണ്ടു പൊതിയുന്ന സുഖം.