നിണം ഇരമ്പം 1
Ninam Erambam Part 1 | Author : Anali
ഭാഗങ്ങളാക്കി നിങ്ങൾക്ക് മുൻപിൽ എത്തിക്കാൻ ശ്രമികുന്ന ഈ കഥയുടെ രണ്ടാം ഭാഗമാണ് ‘ ഇരമ്പം ‘. ഇതിന്റെ ആദ്യ ഭാഗമായ ‘ ഒരുകൂട്ടു ‘ വായിച്ചതിനു ശേഷം ഇതു വായിക്കുക. വായിച്ചു കഴിഞ്ഞ് അഭിപ്രായം തീർച്ചയായും പറയണം, അത് മോശം അഭിപ്രായം ആണെങ്കിലും പറയാൻ മടിക്കരുത്. നിങ്ങളുടെ സ്വന്തം – അണലി.
കൂരിരുട്ടിലൂടെ ഞങ്ങളുടെ ജീപ്പ് കാട്ടുവഴികൾ താണ്ടി വേഗത്തിൽ നീങ്ങി. ഇടയ്ക്കു എവിടെ നിന്നോ ഒരു നരി കൂവുന്നതിന്റെ ശബ്ദം ഞങ്ങളുടെ കാതിൽ പതിഞ്ഞു. ഞാൻ ചെറിയാൻ ചേട്ടനെ നോക്കി, യൂണിഫോം ഇടാൻ പോലും ആൾക്ക് സമയം കിട്ടിയില്ല എന്ന് എനിക്കു മനസ്സിലായി. ഒരു നീല ബനിയനും കാപ്പിപ്പൊടി കൈലിയുമാണ് പുള്ളിയുടെ വേഷം. ഇത് തലവേദന പിടിച്ച കേസ് ആണെന്ന് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സാറേ, അയാൾ ആകുലത അറിയിച്ചു. ടേക്ക് റൈറ്റ് ടു കോലിലാംകഴി നല്ലരി റോഡ്, ഫോൺ ഇരുന്നു ശബ്ധിക്കുന്നത് അനുസരിച്ചു ചെറിയാൻ ചേട്ടൻ വലതേക്കു വണ്ടി തിരിച്ചു. ഞങ്ങൾ ഒരു 10 മിനിറ്റ് യാത്ര ചെയ്തപ്പോൾ ഒരു വീടിന്റെ മുൻപിലായി വാഹനങ്ങൾ നിറുത്തി ഇട്ടിരിക്കുന്നതും ആളുകൾ നിൽക്കുന്നതും കണ്ടു. അവിടെ വണ്ടി നിർത്തി ഇറങ്ങിയപ്പോൾ ഗിരി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.
സാർ മറ്റു കൊലപാതകങ്ങളുമായി സാമ്യമുള്ള കൊല തന്നെ ആണ് ഇതും. വിക്ടിമ് ആരാണെന്നു കണ്ടു പിടിച്ചോ? ഞാൻ ചോദിച്ചു. സാർ ഒരു സ്ത്രീയാണ് വിക്ടിം, ലിസ്സി എന്നാണ് അവരുടെ പേര്. ഇവിടെ അടുത്ത് ഒരു ആശുപത്രിയിൽ നേഴ്സ് ആണ്. വയസ്സ് ഒരു 50 വരും. കെട്ടിയവനു കുമിളിയിൽ കട ആണ്, ഇടയ്ക്കു മാത്രമേ പുള്ളി ഇവിടെ വീട്ടിൽ വന്നു നിൽക്കത്തൊള്ളൂ. ഇവർക്ക് മക്കൾ ഒന്നും ഇല്ലാ. ഗിരി ഇതെല്ലാം പറയുന്നതിന് ഇടയിൽ തന്നെ ഞാൻ ആ വീട് ലക്ഷ്യം ആക്കി നടന്നു. ഉറക്ക ഷീണം കാരണം കണ്ണിൽ വണ്ടികളുടെ ഹെഡ്ലൈറ്റ് അടിക്കുമ്പോൾ വേദന തോന്നി. സാർ പെട്ടന്നു തന്നെ ബോഡി ഇവിടുന്നു എടുത്തു ഹോസ്പിറ്റലിൽ ആക്കണം, ഇപ്പോൾ തന്നെ കഴുത്തിൽ വള്ളിയും തൂക്കി പത്രക്കാർ വരും. എന്റെ പുറകെ നടന്ന് ഗിരി പറഞ്ഞു.