ഹാളിൽ ഒരു ശബ്ദം നീതു കേൾക്കുന്നത്.
അവൾ ഓടിയെത്തിയപ്പോൾ കാണുന്നത്, എവിടെയോ തട്ടി പ്രഭാകരൻ നിലത്തു വീണു കിടക്കുന്നതാണ് .. മദ്യത്തിൻ്റെ ലഹരിയിൽ അയാൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും വീണ്ടും കൈ തെന്നി തറയിലേക്ക് വീഴുകയാണ് .. കുറച്ചു നേരം പണിപ്പെട്ട ശേഷം രൂപേഷ് പ്രഭാകരനെ കസേരയിലിരുത്തി.
“എന്ത് പറ്റി അങ്കിൾ .. ഒരു ഇരിപ്പിന് രണ്ടു കുപ്പി ഒക്കെ തീർക്കും എന്ന് പറഞ്ഞിട്ട് ..?”
രൂപേഷ് ചോദിച്ച് തീരും മുൻപ് പ്രഭാകരൻ മറുപടി നൽകി
” എവിടെയോ തട്ടി വീണതാണ് .. അല്ലാതെ .. പൂസായത് അല്ല ”
“ഉവ്വ് ഉവ്വ് .. വിശ്വസിച്ചു …”
ചിരിച്ചു കൊണ്ട് രൂപേഷ് മറുപടി നൽകി.
“നീതു .. കിച്ചുവിനെ എടുത്ത് ഹാളിൽ കിടത്തൂ .. നമുക്കും ഇന്ന് ഹാളിൽ കിടക്കാം .. അങ്കിളും ആൻ്റിയും നമ്മുടെ മാസ്റ്റർ ബെഡ്റൂമിൽ കിടന്നോട്ടെ”
ഇതെല്ലാം കണ്ടു അന്തിച്ചു നിൽക്കുന്ന നീതുവിനെ നോക്കി രൂപേഷ് പറഞ്ഞു.
“അയ്യോ .. വേണ്ട മോനെ .. അപ്പുറത്തോട്ട് പോയാൽ പോരേ ഞങ്ങൾ പൊയ്ക്കോളാം ..”
വിജയശ്രീ പറഞ്ഞു.
“അങ്കിളിന് ഒരു സ്റ്റെപ്പ് നടക്കാൻ വയ്യ ആൻ്റി .. ഇന്നിവിടെ കിടന്നിട്ട് നാളെ രാവിലെ എഴുന്നേറ്റ് പോകാം..”
രൂപേഷ് കട്ടായം പറഞ്ഞു.
നീതു രൂപേഷിനെ കിച്ചനിലേക്ക് ക്ഷണിച്ചു കൊണ്ട് കണ്ണുകളാൽ ആംഗ്യം കാണിച്ചു.
“രൂപേഷ് ഏട്ടാ .. നിങ്ങൾക്ക് ഭ്രാന്തുണ്ടോ .. തൊട്ടപ്പുറത്ത് അല്ലേ അവരുടെ വീട് അവർ പൊയ്ക്കോട്ടെ ..”
അടുക്കളയിലേക്ക് വന്ന രൂപേഷിനോട് ദേഷ്യത്തോടെ നീതു പറഞ്ഞു.
“നീതൂസ്സേ .. ആ അങ്കിളിനു നടക്കാൻ പോലും വയ്യ .. പാവമല്ലേ .. ഇന്നിപ്പോ സമയം ഇത്രയും ആയി .. അഞ്ചോ ആറോ മണിക്കൂർ അവർ ഇവിടെ കിടന്നിട്ട് പൊക്കോട്ടെ ”
“എങ്കിൽ പിന്നെ .. ഞാൻ പെട്ടെന്ന് മറ്റേ ബെഡ്റൂം വൃത്തിയാക്കാം .. അതാണേൽ അപ്പിടി പൊടി പിടിച്ച് കിടക്കുകയാണ് ”
“ഹേയ് … അതൊന്നും വേണ്ടന്നേ .. കുറച്ചു മണിക്കൂറത്തെ കാര്യമല്ലേ ഉള്ളൂ ”
രൂപേഷ് ഏട്ടൻ തീരുമാനിച്ചുറപ്പിച്ച മട്ടാണ്. ഇനി പറഞ്ഞിട്ട് കാര്യമില്ല .. ഉറങ്ങിയ കിച്ചുവിനെ എടുത്ത് ഹാളിൽ കിടത്തിയപ്പോഴേക്കും അങ്കിളിനെയും ആൻ്റിയേയും മാസ്റ്റർ ബെഡ്റൂമിൽ ആക്കി ഗുഡ് നൈറ്റ് പറഞ്ഞ് രൂപേഷ് ഏട്ടനും എത്തി.