നീതുവിലേക്ക് ഒരു കടൽ ദൂരം 3
Neethuvilekku Aoru Kadal Dhooram Part 3 | Author : Sathi
[ Previous Part ]
” രൂപേഷ് ഏട്ടാ … നാട്ടിൽ നിന്ന് അച്ഛൻ വിളിച്ചിരുന്നു .. ആ ലക്ഷ്മിയുടെ ഹസ്ബെൻ്റ് ..”
പറയാൻ വന്നത് മുഴുവിപ്പിക്കുവാൻ ആവാതെ നീതു പാതിയിൽ നിർത്തി.
“ഞാൻ അറിഞ്ഞു .. ശരത്ത് വിളിച്ചിരുന്നു , നീ ഫോൺ വെച്ചോ ഡ്രൈവിങ്ങിലാണ് ”
നീതുവിനോട് കൂടുതലൊന്നും സംസാരിക്കുവാൻ തോന്നിയില്ല.
നീതുവിന് അറിയാമായിരുന്നു രൂപേഷിൻ്റെ മൂഡ് ശരിയല്ല എന്ന് .. കഴിഞ്ഞ രണ്ടാഴ്ചയായി തൂത്തു വാരലും തുടയ്ക്കലും ഒന്നുമില്ലാത്തതിനാൽ വീട് അപ്പടി പൊടി പിടിച്ച് കിടക്കുകയായിരുന്നു.
‘ വീക്കെൻഡിൽ വൃത്തിയാക്കാൻ രൂപേഷ് ഏട്ടനും കൂടാമെന്ന് കാലത്തെ ഇങ്ങോട്ട് വന്നപ്പോൾ പറഞ്ഞിരുന്നതാണ് .. പക്ഷേ അപ്പുറത്തെ അങ്കിളും ആൻ്റിയും വൈകിട്ട് വരുമല്ലോ , ഒരറ്റത്ത് നിന്നും പതുക്കെ വൃത്തിയാക്കൽ തുടങ്ങാമെന്ന് നീതു തീരുമാനിച്ചു ‘
“കിച്ചു .. ഓൺ ലൈൻ ക്ലാസ് കഴിഞ്ഞാൽ ലാപ്ടോപ്പ് ബാഗിലാക്കി സ്റ്റഡി ടേബിളിൽ കൊണ്ടു വെയ്ക്കണം എന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട് നിന്നോട് .. വൈകിട്ട് ഗസ്റ്റ് ഉള്ളതല്ലേ , പേപ്പർ ഒന്നും വലിച്ചു വാരിയിട്ട് വൃത്തികേട് ആക്കരുത് ”
“ഞാനല്ല .. ഈ പേപ്പർ ഇവിടെ കീറി ഇട്ടത് അച്ഛനാണ് ”
“അച്ഛനും കൊള്ളാം മോനും കൊള്ളാം .. അച്ഛൻ്റെ മൂട് രണ്ടു ദിവസത്തേക്ക് പോക്കാണ് എന്ന് തോന്നുന്നു ..”
“അച്ഛൻ ആദ്യം കല്യാണം കഴിക്കാനിരുന്ന ആൻ്റിയുടെ ഹസ്ബൻഡ് മരിച്ചു പോയി അല്ലേ ..”
കിച്ചുവിൻ്റെ മറുപടി കേട്ട് നീതു ഒന്ന് ഞെട്ടി.
വാർത്തയുടെ ഉറവിടം എവിടെ നിന്നാണെന്ന് മനസ്സിലാക്കാൻ അവൾക്ക് അധികം തല പുകയ്ക്കേണ്ട വന്നില്ല.
“കിച്ചുവിനോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് , അപ്പൂപ്പനോടും അച്ഛനോടും ഒക്കെ അമ്മ ഫോണിൽ സംസാരിക്കുമ്പോൾ അടുത്ത് വന്നു കേട്ടോണ്ട് നിൽക്കരുത് എന്ന് “