പിന്നിലിരുന്ന് വീട്ടിലേക്കുള്ള വഴി രാമേട്ടൻ പറയുന്നുണ്ടായിരുന്നു..
വീടിന് അടുത്തെത്താറായതും വണ്ടി നിർത്താൻ പറഞ്ഞു രാമേട്ടൻ.
“ ഉമ്മർകുട്ടീ…തൽക്കാലം ഇന്ന് നിന്നെ അവള് കാണണ്ട… എന്തായിരിക്കും അവളുടെ പ്രതികരണം എന്ന് നമുക്ക് പറയാൻ പറ്റില്ല…
ആദ്യം ഞാനവളെയൊന്ന് കാണട്ടെ…”
ഇപ്പഴും രാമേട്ടന്റെ പേടി പൂർണമായും മാറിയിട്ടില്ലെന്ന് ഉമ്മറിന് മനസിലായി.. സാരമില്ല, അൽപം ധൈര്യം വന്നിട്ടുണ്ട്..
“ നിങ്ങള് വീട്ടിലേക്ക് ചെല്ല്… ഞാനിവിടെ നിൽക്കാം… എന്തേലും പ്രശ്നമുണ്ടേൽ ഞാൻ വരാം…”
ഉമ്മർ രാമേട്ടന് വീണ്ടും ധൈര്യം കൊടുത്തു..
“ഇല്ലെടാ… ഇനി വരുന്നതൊക്കെ ഞാൻ നോക്കിക്കോളാം…”
ധൈര്യപൂർവ്വം രാമേട്ടൻ പറഞ്ഞു..
“ അയ്യടാ… എന്താ ഒരു ധൈര്യം…”
“നിന്നെപ്പോലെ ഒരു തെമ്മാടിയുമായല്ലേ ഇപ്പോ എന്റെ കൂട്ട്.. ധൈര്യം വരും മോനേ..
എന്നാ നീ വിട്ടോ… “
ഉമ്മറിന്റെ പുറത്ത് സ്നേഹത്തോടെ ഒരടിയടിച്ച് രാമേട്ടൻ ചിരിയോടെ പറഞ്ഞു..
പിന്നെ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു..
അയാൾ മുറ്റത്തെത്തി എന്നുറപ്പിച്ചതും ഉമ്മർബൈക്ക് തിരിച്ച് വിട്ടു..
ഒട്ടും പേടിയില്ലാതെയാണ് രാമേട്ടൻ മുറ്റത്തേക്ക് കയറിയതെങ്കിലും വാതിലിൽ മുട്ടുമ്പോ അയാൾ ചെറുതായി വിറക്കാൻ തുടങ്ങി..
മദ്യപിച്ച് അടുത്ത കാലത്തൊന്നും ജയയുടെ മുന്നിൽ ചെന്ന് നിന്നിട്ടില്ല.. മാത്രമല്ല, എന്തൊക്കെയാണ് ഉമ്മർകുട്ടി ഫോണിലൂടെ അവളോട് പറഞ്ഞത്..
അതിനെല്ലാം തീർച്ചയായും അവൾ പകരം ചോദിക്കും..
വാതിലിൽ മുട്ടിപ്പോയി..ഇല്ലേൽ ഇറങ്ങിപ്പോവായിരുന്നു..
അകത്ത് നിന്നും കുറ്റിയെടുക്കുന്ന ശബ്ദം ഭയാനകമായിത്തോന്നി രാമേട്ടന്..
വാതിൽ തുറന്ന് തന്റെ മുഖത്തേക്ക് നോക്കിയ ഭാര്യയുടെ മുഖത്ത് ദേഷ്യമില്ലെന്ന് ആശ്വാസത്തോടെ അയാൾ മനസിലാക്കി..