“ കുടിക്കെടാ… ഇന്നെന്റെ ചെലവാ…”
രാമേട്ടൻ സന്തോഷം കൊണ്ട് മതിമറന്നിരുന്നു..
ഇരുപത് വർഷത്തിന് ശേഷം മനസ് തുറന്ന് സംസാരിക്കുന്നത് ഇന്നാണ്..
ഉള്ള് തുറന്ന് ചിരിക്കുന്നത് ഇന്നാണ്..
അതിന് കാരണക്കാരൻ ഇവനാണ്..
ഇവനെന്ത് കൊടുത്താലും അധികമാകില്ല..
“രാമേട്ടാ… ഒരു ദിവസം പോലും ലീവില്ലാതെ പണിയെടുന്നയാളാ നിങ്ങൾ..
എന്തിന് വേണ്ടി..?. കിട്ടുന്ന പൈസ മുഴുവൻ ഭാര്യയെ ഏൽപിക്കാനോ…?.
നിങ്ങളൊന്ന് സന്തോഷിച്ചിട്ട് എത്ര നാളായി…
ഒന്ന് ചിരിച്ചിട്ട് എത്രനാളായി… ?.
നിങ്ങൾക്കും ജീവിക്കണ്ടേ മനുഷ്യാ…
സന്തോഷത്തോടെ, സമാധാനത്തോടെ..
ഒരാണിന്റെ അന്തസോടെ… ?”..
രാമേട്ടന്റെ വിങ്ങുന്ന ഹൃദയത്തിലേക്ക് ഉമ്മർ ഇന്ധനം ഒഴിച്ച്കൊടുത്തു കൊണ്ടിരുന്നു..
നീറിപ്പുകയുന്ന രാമേട്ടൻ ആളിക്കത്താൻ തുടങ്ങി..
“ ജീവിക്കണം ഉമ്മർകുട്ടീ… എനിക്കും സമാധാനത്തോടെ ജീവിക്കണം…
അവളുടെ അടിമയായി ജീവിതം വെറുത്ത് പോയെടാ…
എന്തിനാണിത്ര കാലം ഇങ്ങിനെ ജീവിച്ചതെന്ന് എനിക്ക് തന്നെ അറിയില്ലെടാ…”
രാമേട്ടൻ കരഞ്ഞ് പോയി..
“ സാരമില്ല രാമേട്ടാ… എല്ലാം ശരിയാവും… നിങ്ങള് ചങ്കൂറ്റത്തോടെയൊന്ന് നിന്നാ മതി…”
രണ്ടാളും സംസാരിച്ച് മദ്യമെല്ലാം അടിച്ച് തീർത്തു..
മുഴുവൻ ബില്ലും രാമേട്ടൻ തന്നെ കൊടുത്തു..
പുറത്തേക്കിറങ്ങുമ്പോൾ രാമേട്ടന് അൽപംപോലും ആട്ടമില്ലെന്ന് ഉമ്മർ കണ്ടു..
ഇരുൾ പരന്നിരുന്നെങ്കിലും ബാറിന്റെ മുറ്റം പ്രഭാപൂരിതമായിരുന്നു.
ബൈക്കിന്റെ പിന്നിലിരുന്ന് ടൗണിലെ രാത്രിക്കാഴ്ചകൾ കണ്ട് ആസ്വദിച്ച് പോകുമ്പോ, ഈ കാഴ്ചകളൊക്കെ താൻ കണ്ടിട്ട് വർഷങ്ങളായെന്ന് രാമേട്ടൻ വേദനയോടെ ഓർത്തു..
പണികഴിഞ്ഞാൽ നേരെ വീട്..
പോകാൻ തനിക്ക് മറ്റൊരിടമില്ലായിരുന്നു..
എന്തിന്… ?
എന്തിന് വേണ്ടിയാണ് താനിത്രയും നാൾ ജീവിച്ചത്..?
ഒരു ലക്ഷ്യവുമില്ലാതെ ഒരടിമയെപ്പോലെ..?.