“ എതിർക്കണം രാമേട്ടാ…
സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി പൊരുതണം..
അത് ഭാര്യയോടാണെങ്കിലും…
അവളെ പേടിച്ച് മരണം വരെ ജീവിക്കാനാ നിങ്ങള് തീരുമാനിച്ചത്..?”..
വീണ്ടും രാമേട്ടന്റെ ഫോണടിച്ചു..
“ എടുക്ക് രാമേട്ടാ… എന്നിട്ട് ബാറിലാണെന്ന് പറയ്… കുറച്ച് കഴിഞ്ഞേ വരൂന്നും പറയ്…”
ഉമ്മർ പറഞ്ഞത് കേട്ട് അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി..
പെട്ടെന്ന് മേശപ്പുറത്ത് വെച്ച മൊബൈൽ ഉമ്മർ ചാടിയെടുത്തു.. രാമേട്ടൻ തടഞ്ഞെങ്കിലും അതിനും മുൻപേ അവൻ കോളെടുത്തിരുന്നു.
അവൻ ഫോണിലൂടെ ഹലോ പറഞ്ഞതും രാമേട്ടൻ തലയിൽ കൈ വെച്ചു..
“നിങ്ങളിതെവിടെപ്പോയിക്കിടക്കുകയാ മനുഷ്യാ… ?.
ദേ, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം…
പുറത്ത് കിടക്കാൻ തയ്യാറാണെങ്കിൽ മാത്രം ഇനിയിങ്ങോട്ട് വന്നാ മതി…
അല്ലെങ്കിൽ വല്ല തെരുവ് പട്ടികളുടെ കൂടെയെങ്ങാനും കിടന്നോണം…”
ഫോണിലൂടെ ഒരു ചീറലാണ് ആദ്യം തന്നെ ഉമ്മർ കേട്ടത്..
രാമേട്ടൻ പറഞ്ഞതെല്ലാം സത്യം തന്നെയെന്ന് ആ ഒറ്റ വാചകത്തിൽ നിന്ന് അവന് മനസിലായി..
എങ്കിലും ഫോണിലൂടെ കേട്ട സ്വരം ഒരു ഗായികയുടേത് പോലെ മധുരതരമാണെന്ന് അവന് തോന്നി..
“നിങ്ങള് ചത്തോ മനുഷ്യാ…
എന്നെക്കൊണ്ടൊന്നും പറയിക്കരുത്. . നിങ്ങളിങ്ങോട്ട് തന്നെയല്ലേ വരുന്നത്.. കാണിച്ച് തരാം ഞാൻ… “.
ജയ വീണ്ടും ചീറുകയാണ്..
“ഹലോ… ഇത് രാമേട്ടനല്ല…”
ഉമ്മർ ഫോണിലൂടെ പറഞ്ഞു.
“ നീയേതാടാ പട്ടീ…
അങ്ങേർക്ക് ഫോൺ കൊടുക്കെടാ…”
ആളാരാണെന്ന് പോലും അറിയാതെ ജയ പറഞ്ഞത് കേട്ട് ഉമ്മറിന് അവളുടെ സ്വഭാവം ഏകദേശം മനസിലായി..