“എന്നാ രണ്ടു മീൽസ് പറയട്ടെ? രണ്ടു ഫിഷ് ഫ്രൈ കൂടി പറയാം.”
“ഓക്കേ.”
ഞാൻ വെയ്റ്ററെ വിളിച്ചു ഓർഡർ കൊടുത്തു. ഓർഡർ കൊടുക്കുമ്പോൾ ഉള്ള സാധനങ്ങളെ കുറിച്ചും അവയുടെ പ്രത്യേകതകളും അളവുകളും ടീച്ചർ ചോദിച്ചു മനസിലാക്കുന്നത് ഞാൻ കൗതുകപൂർവ്വം നോക്കിയിരുന്നു. വെയിറ്റർ പോയിക്കഴിഞ്ഞപ്പോൾ ടീച്ചർ പറഞ്ഞു:
“എന്താ ഓർഡർ കൊടുക്കുമ്പോൾ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നത്? അയാൾ എന്ത് വിചാരിക്കും?”
“എന്തെങ്കിലും വിചാരിക്കട്ടെ. നമുക്കെന്താ?”
“എന്നാലും”
“ചുമ്മാ.” ഞാൻ പറഞ്ഞു.
ടീച്ചർ ഒന്നും മിണ്ടിയില്ല. ചുറ്റുമുള്ള ടേബിളുകളിൽ ഭക്ഷണം കഴിക്കുന്നവരെ ടീച്ചർ ഓരോരുത്തരായി നോക്കുന്നപോലെ എനിക്കുതോന്നി.
എന്നാൽ ഞാൻ അതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. അൽപനേരം ഞങ്ങളെ മൂടിയ മൗനത്തെ ബേധിക്കാനായി ഞാൻ വെറുതെ ഒരു ചോദ്യമെറിഞ്ഞു.
“നാളെ പോയാ പോരെ?” ഞാൻ ടീച്ചറുടെ കണ്ണുകളിൽ തന്നെ നോക്കി യാചിക്കുന്നപോലെയാണ് ചോദിച്ചത്..
“ആലോചിക്കാം.”
“ശരിക്കും?” എന്റെ മുഖത്തെ സന്തോഷം മറച്ചുവെക്കാനെനിക്കായില്ല.
“വേണ്ടേ?”
“അയ്യോ… ഞാനെന്താ ഈ കേൾക്കുന്നത്… എത്ര നാൾ നിന്നാലും എനിക്കിഷ്ടാ… ഒരു ദിവസമെങ്കിലും… താങ്ക്യൂ… താങ്ക്സ് എ ലോട്ട്.”
ഒന്ന് നിർത്തിയ ശേഷം ഞാൻ ചോദിച്ചു: “ഫ്രണ്ടിനോട് പറയണ്ടേ?”
“ഞാൻ പറഞ്ഞാ വന്നത്.”
” ശരിക്കും?? എന്നാ ആദ്യം തന്നെ പറഞ്ഞൂടായിരുന്നോ?”
“നിനക്ക് ഓക്കേ ആകുമൊന്നു നോക്കീട്ടു പറയാന്ന് കരുതി.”
“എന്താ ടീച്ചറേ ഇങ്ങനെ പറയുന്നേ…. ഓക്കേ. എന്നാലും നിക്കുവല്ലോ… അതുമതി. ഇന്നിനിയെനിക്ക് ഭക്ഷണമൊന്നും വേണ്ട. ടീച്ചറേയിങ്ങനെ കണ്ടിരിക്കാലോ… ഇതൊക്കെ സത്യാണോ?”