———-
ഉച്ചയ്ക്ക് പന്തണ്ട് മണി സമയം. മാര്‍ക്കറ്റില്‍ നല്ല തിരക്കുണ്ട്. ശങ്കരനെ ആക്രമിച്ച ഗുണ്ടകളുടെ സുമോകള്‍ മുസ്തഫയുടെ ഇറച്ചിക്കടയ്ക്ക് സമീപം കിടപ്പുണ്ടായിരുന്നു. അവന്മാര്‍ വണ്ടിയിലും പുറത്തുമായി സിഗരറ്റ് വലിയും മദ്യപാനവും ഒക്കെയായി ഇരിക്കുകയാണ്. മുസ്തഫയും മൊയ്തീനും കടയില്‍ കച്ചവടത്തിന്റെ തിരക്കിലായിരുന്നു. വാസുവിനെ തിരക്കി പോയിട്ട് കണ്ടില്ലെന്നും ശങ്കരനെ ചെറുതായി ഒന്ന് പെരുമാറി ഭയപ്പെടുത്തിയിട്ടാണ് വന്നത് എന്നും ഗുണ്ടാ നേതാവ് മുസ്തഫയെ അറിയിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് ഒന്നുകൂടി പോയി നോക്കിയ ശേഷം ശങ്കരന്റെ വീട്ടിലേക്ക് പോകാനായിരുന്നു മുസ്തഫയുടെ നിര്‍ദ്ദേശം.
ഗുണ്ടാ നേതാവ് സുലൈമാന്‍ മുസ്തഫയുടെ അടുത്തെത്തി.
“ഇക്കാ..ഞങ്ങള്‍ ഒന്നൂടെ പോകട്ടെ? അതോ രാത്രീല്‍ നേരെ അവന്റെ വീട്ടിലേക്ക് പോയാ മതിയോ..” അവന്‍ രഹസ്യമായി ചോദിച്ചു.
“ഇങ്ങള് തല്ക്കാലം അവന്റെ കടേല്‍ ഒന്നൂടെ നോക്ക്..അവനവിടെ ഇല്ലെങ്കില്‍ രാത്രി വീട്ടില്‍ കേറി നോക്കാം…” ആളുകള്‍ കേള്‍ക്കാതെ അവന്‍ പറഞ്ഞു.
“ശരി..എന്നാ ഞങ്ങളു പോയേച്ചു വരാം…”
അവന്‍ പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു. അപ്പോഴാണ് പൊടിപറത്തി ഒരു പോലീസ് വാഹനം അവിടേക്ക് കുതിച്ചെത്തി ബ്രെക്കിട്ടത്. ആ വെള്ള ബോലെറൊയില്‍ നിന്നും എസ് ഐ പൌലോസും സംഘവും പുറത്തിറങ്ങി. സുലൈമാന്‍ ഞെട്ടലോടെ മുസ്തഫയെ നോക്കി. മാറിക്കൊളാന്‍ മുസ്തഫ ആഗ്യം കാട്ടി.
“അവനെ ഇങ്ങു വിളിച്ചോണ്ട് വാടോ” പൌലോസ് രവീന്ദ്രനോട് ആജ്ഞാപിച്ചു.
രവീന്ദ്രന്‍ മടിച്ചുമടിച്ച് മുസ്തഫയുടെ അരികിലെത്തി.
“മുസ്തഫെ..ശങ്കരന്‍ പരാതി നല്‍കി..നിന്നെ എസ് ഐ വിളിക്കുന്നു….”
രവീന്ദ്രന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. മുസ്തഫ കത്തി താഴെ വച്ച ശേഷം ചെന്നു കൈ കഴുകി രവീന്ദ്രന്റെ ഒപ്പം ചെന്നു. മൊയ്തീനും ഇറച്ചി വെട്ടു നിര്‍ത്തി കൈ കഴുകി പോലീസിന്റെ അരികിലേക്ക് നീങ്ങി. മുസ്തഫ പൌലോസിന്റെ മുന്‍പിലെത്തി അയാളെ നോക്കി.
“എന്താ സാറെ കാര്യം?”
“നീ ശങ്കരന്റെ കടയില്‍ ആളെ വിട്ട് അയാളെ ഭീഷണിപ്പെടുത്തിയോ?”
“ങാ ചെയ്തു..അതിനിപ്പോ എന്തോ വേണം?”
പൌലോസ് ചിരിച്ചു.
“സി ഐ എന്നെ വിളിച്ചിരുന്നു..നിന്റെ ആളുകള്‍ ഇങ്ങനെ ചില പ്രശ്നം ഉണ്ടാക്കുമെന്നും അതില്‍ ഇടപെടണ്ട എന്നും….” അയാള്‍ പറഞ്ഞു.
“അതൊക്കെ അറിഞ്ഞോണ്ട് പിന്നെന്തിനാ സാറ് പാഞ്ഞു പറിച്ച് ഇങ്ങോട്ട് വന്നത്..ശങ്കരന്റെ മോന്‍ വാസു ഇവിടെ കേറി മേഞ്ഞതിനു സാറ് വല്ലോം ചെയ്തോ? ഇല്ലല്ലോ..ഇനി ഞങ്ങള്‍ക്കറിയാം എന്ത് ചെയ്യണമെന്ന്..സാറ് പോയാട്ടെ”
മുസ്തഫ പുച്ഛത്തോടെ പറഞ്ഞു. രവീന്ദ്രന്റെ മുഖത്തെ ഗൂഡമായ ചിരി പൌലോസ് ശ്രദ്ധിച്ചു. സി ഐ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ സുലൈമാന്‍ ധൈര്യത്തോടെ എസ് ഐയുടെ അടുത്തേക്ക് എത്തി.
“എന്താ സാറേ പ്രശ്നം..” അവന്‍ വികൃതമായ ഒരു ചിരിയോടെ ചോദിച്ചു. അവന്റെ അരയിലെ കത്തിയുടെ ഉറ പൌലോസ് കണ്ടു.
മൃഗം 8 [Master]
Posted by