“ഭ..അവള്‍ടെ ഒരു കുഞ്ഞ്..എടി നിന്റെ കണ്ണുകൊണ്ട് നീ കണ്ടതല്ലേ നിന്റെ മോള്‍ടെ മുറിയില്‍ അവന്‍ ചെയ്തതൊക്കെ..ഞാനായിട്ടാണ്..വേറെ വല്ലവനും ആയിരുന്നെങ്കില്‍ അന്നുതന്നെ അവനെ കൊന്നു കളഞ്ഞേനെ..കള്ളക്കഴുവര്‍ടമോന്‍…” അയാള്‍ കോപത്തോടെ പല്ലുകള്‍ ഞെരിച്ചു.
എല്ലാം കേട്ടുകൊണ്ട് ഭിത്തിയുടെ മറവില്‍ ദിവ്യ നില്‍പ്പുണ്ടായിരുന്നു. ശങ്കരന്‍ വാസുവിനെ അധിക്ഷേപിച്ചു സംസാരിക്കുന്ന ഓരോ വാക്കും അവളുടെ നെഞ്ചില്‍ ശൂലം പോലെയാണ് തറഞ്ഞു കയറിക്കൊണ്ടിരുന്നത്. അച്ഛന്റെ കണ്‍വെട്ടത്ത് ചെല്ലാന്‍ അവള്‍ക്കിപ്പോള്‍ അനുമതിയില്ല. അവളെ കണ്ടാല്‍ അയാള്‍ കാറിത്തുപ്പും. ദിവ്യ വാസുവിന്റെ വാക്കിലും അവന്റെ ഓര്‍മ്മയിലും മാത്രമാണ് ജീവിച്ചുകൊണ്ടിരുന്നത്. അവനുവേണ്ടി എന്ത് സഹിക്കാനും അവള്‍ ഒരുക്കമായിരുന്നു. ഒരിക്കല്‍ അവന്‍റെ സ്വന്തമാകാമെന്ന പ്രത്യാശയാണ് അവളെ മുന്‍പോട്ടു നയിച്ചിരുന്നത്. എന്നും രാത്രി കിടക്കയില്‍ അവള്‍ കണ്ണീരോടെ അവനുവേണ്ടി പ്രാര്‍ഥിക്കും തന്റെ വാസുവേട്ടന് യാതൊരു ആപത്തും വരുത്തരുതേ ദൈവമേ എന്ന്. പക്ഷെ എന്നും അച്ഛന്റെ ക്രൂരമായ വാക്കുകള്‍ അവളുടെ മനസില്‍ കനത്ത ദുഃഖം നിറച്ചു കൊണ്ടിരുന്നു. തന്നെ എന്ത് പറഞ്ഞാലും വിഷമമില്ല, പക്ഷെ വാസുവേട്ടനെ പറയുമ്പോള്‍ തനിക്ക് സഹിക്കാന്‍ പറ്റുന്നില്ല; വിങ്ങിപ്പൊട്ടുകയാണ് മനസ്. എവിടെയാണാവോ വാസുവേട്ടന്‍! എങ്ങോട്ടാണ് പോയത് എന്നൊരു പിടിയുമില്ല. അമ്മയും തനിക്കെതിരെ തിരിഞ്ഞു എന്ന തോന്നലുകൊണ്ടാണ് കൊണ്ടാണ് ഏട്ടന്‍ ഫോണ്‍ പോലും ചെയ്യാത്തത്. എല്ലാം തന്റെ തെറ്റാണ്..താന്‍ കാരണമാണ് ഇതെല്ലാം സംഭവിച്ചത്..അവള്‍ കഠിനമായ വ്യഥയോടെ ഓര്‍ത്തു.
“ഇന്നാ..ഇത് പോലീസ് സ്റ്റേഷനിലെ നമ്പരാണ്..എസ് ഐ ഇത് എല്ലാവരുടെ കൈയിലും കൊടുക്കാന്‍ പറഞ്ഞു..ആ നാശം പിടിച്ചവന്‍ കാരണം ഇനിയും വല്ല പൊല്ലാപ്പും ആരേലും ഉണ്ടാക്കിയാല്‍ അങ്ങോട്ട് വിളിച്ചു പറയണം..നിന്റെയാ വൃത്തികെട്ട മോളോടും പറഞ്ഞേക്ക്..”
അയാള്‍ നമ്പരെഴുതിയ കടലാസ്സ് രുക്മിണിക്ക് നല്‍കിയ ശേഷം ഉള്ളിലേക്ക് പോയി. രുക്മിണി ഭിത്തിയില്‍ ചാരി നിന്നു കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്ന ദിവ്യയുടെ അടുത്തെത്തി അവളെ സമാധാനിപ്പിച്ചു. അവള്‍ എങ്ങലടിച്ചുകൊണ്ട് അമ്മയുടെ തോളിലേക്ക് വീണു.
——
രാവിലെ ഗോപാലന്‍ ഉണ്ടാക്കി നല്‍കിയ ചപ്പാത്തിയും മുട്ടക്കറിയും ചായയോടൊപ്പം വാസു കഴിക്കുകയായിരുന്നു. അവന്റെ തീറ്റ സന്തോഷത്തോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു ഗോപാലന്‍.
“എങ്ങനുണ്ട് കുഞ്ഞേ കറി..കൊള്ളാമോ” അയാള്‍ ചോദിച്ചു.
“ഒന്നാന്തരം..ഗോപാലേട്ടന്‍ കുക്കാണോ?” എട്ടാമത്തെ ചപ്പാത്തി മുറിച്ചുകൊണ്ട് വാസു ചോദിച്ചു.
“ഓ അങ്ങനൊന്നുമില്ല..കൊറച്ചു നാള്‍ ഒരു ഹോട്ടലില്‍ ജോലിക്ക് നിന്നിട്ടൊണ്ട്..പിന്നെ എനിക്ക് പാചകം വല്യ ഇഷ്ടമാ”
മൃഗം 8 [Master]
Posted by