മൃഗം 32
Mrigam Part 32 Crime Thriller Novel | Author : Master
Previous Parts
പ്രിയങ്ക എന്ന ദ്വിവേദിയുടെ കാമുകിയുടെ ഭര്‍ത്താവ് വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫിറോസാബാദ് എസ് എച്ച് ഓ മഹീന്ദര്‍ സിംഗ്, കൂട്ടത്തില്‍ കരുത്തുള്ള അഞ്ചു പോലീസുകാരെയും കൂട്ടി രാത്രി ഒമ്പതരയോടെ പൌലോസിനെ ഹോട്ടലില്‍ നിന്നും പിക്ക് ചെയ്തു.
“അവന്‍ അവിടെയുണ്ട്..ഇന്ന് രാത്രി അവന്‍ അവിടെത്തന്നെ കഴിയും എന്നാണ് അയാള്‍ പറഞ്ഞത്”
അങ്ങോട്ട് പോകുന്ന വഴിക്ക് സിംഗ് പൌലോസിനോട് പറഞ്ഞു.
“എന്ത് സ്ത്രീയാണ് അവര്‍. ഭര്‍ത്താവ് കാണ്‍കെ മറ്റൊരു പുരുഷനുമായി..ഛെ” പൌലോസ് നീരസത്തോടെ പറഞ്ഞു.
“അവള്‍ വലിയ തന്റേടി ആണ് സര്‍..ദ്വിവേദി മാത്രമല്ല..നാട്ടിലെ ചില വലിയ പണക്കാരും അവളുടെ ക്ലയന്റ്സ് ആണ്..മൂന്നോ നാലോ പേര്‍ക്ക് മാത്രമേ അവള്‍ അവിടെ പ്രവേശനം കൊടുക്കുന്നുള്ളൂ..ദ്വിവേദി ആണ് അവളുടെ ബലം..അവള്‍ക്കെതിരെ അവിടെങ്ങും ആരും സംസാരിക്കാത്തത് അയാളെ പേടിച്ചിട്ടാണ്..” ഒരു പോലീസുകാരന്‍ പറഞ്ഞു.
“സര്‍..എന്താണ് നമ്മുടെ ഓപ്പറേഷന്‍ മെത്തേഡ്” സിംഗ് ചോദിച്ചു.
“എന്ത് മെത്തേഡ്..അവനെ പിടിക്കുന്നു..കൊണ്ടുവരുന്നു” പൌലോസ് നിസ്സാരമായി പറഞ്ഞു.
“അത്ര എളുപ്പമല്ല സര്‍ അത്..സാറ് അത് നേരില്‍ കാണുമ്പോഴേ അറിയൂ…”
“നിങ്ങള്‍ അവനോട് ഒപ്പം വരാന്‍ പറയുക. വന്നില്ലെങ്കില്‍ ബലമായി പിടിച്ചു വണ്ടിയില്‍ കയറ്റണം..അത് പറ്റിയില്ല എങ്കില്‍, ബാക്കി ഞാന്‍ നോക്കിക്കോളാം”
“എനിക്ക് എന്തോ വലിയ ആത്മവിശ്വാസം ഇതിലില്ല സര്‍..നടന്നാല്‍ കൊള്ളാം.”
കുറെ നേരത്തേക്ക് അവര്‍ മിണ്ടിയില്ല. വണ്ടി ടൌണില്‍ നിന്നും ഒരു ഇടത്തരം റോഡിലേക്ക് ഇറങ്ങി. അങ്ങിങ്ങ് മാത്രം വഴിവിളക്കുകള്‍ ഉള്ള, സാമാന്യം നല്ല വീതിയുള്ള ആ റോഡിലൂടെ പോലീസ് വാഹനം പാഞ്ഞു. ഏതാണ്ട് നാല് കിലോമീറ്റര്‍ ചെന്നപ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ വേഗത കുറച്ചു.
“ഇനി അരക്കിലോമീറ്റര്‍ കഴിഞ്ഞാല്‍ വീടായി…” ഡ്രൈവര്‍ പറഞ്ഞു. അയാളുടെ സ്വരത്തിലെ ഭയം പൌലോസ് ശ്രദ്ധിച്ചു.
“ഓകെ..എല്ലാവരും നല്ല കരുതലോടെ വേണം നില്‍ക്കാന്‍..അവന്‍ ഒരിക്കലും പിടി തരില്ലെന്ന് മാത്രമല്ല നമ്മളെ അവന്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യും..അടി ദേഹത്ത് കൊള്ളാതെ ഒഴിഞ്ഞുമാറി അവനെ ബുദ്ധിപരമായി കീഴ്പ്പെടുത്താന്‍ വേണം നോക്കേണ്ടത്”
സിംഗ് തന്റെ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വണ്ടി കുറേക്കൂടി ചെന്ന ശേഷം വേഗത നന്നേ കുറച്ച് ഒരരുകിലായി നിന്നു.