മൃഗം 30 [Master]

Posted by

പൌലോസ് പോക്കറ്റില്‍ നിന്നും ഒരു പെന്‍ ഡ്രൈവ് എടുത്ത് അയാളുടെ നേരെ നീട്ടി. അത് വാങ്ങുമ്പോള്‍ ചാണ്ടിയുടെ വിരലുകള്‍ വിറയ്ക്കുന്നത് പൌലോസ് ശ്രദ്ധിച്ചു. അയാള്‍ അത് വാങ്ങി പിസിയില്‍ ഘടിപ്പിച്ചിട്ട് ഫയല്‍ തുറന്നു. ചാണ്ടി വിയര്‍ക്കുന്നത് പൌലോസ് നേരില്‍ കാണുകയായിരുന്നു.
അയാള്‍ വളരെ ഉദ്വേഗത്തോടെ വിഷ്വല്‍സ് പരിശോധിച്ചു. സൈക്കിളില്‍ ഇരുളില്‍ വന്നിറങ്ങുന്ന രൂപം അവ്യക്തമാണ്. അയാള്‍ മതില്‍ ചാടിക്കടക്കുന്നതും അതേത്തുടര്‍ന്ന് നായയുടെ കുര കേള്‍ക്കുന്നതും ചാണ്ടി വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ നോക്കി. ആ ഭാഗത്തെ കാഴ്ചകള്‍ അവ്യക്തമായിരുന്നു. പക്ഷെ നായയെ ചരടില്‍ തൂക്കി നിര്‍ത്തുന്ന രംഗം അയാള്‍ സ്പഷ്ടമായിത്തന്നെ കണ്ടു. തുടര്‍ന്നു വീടിനു പിന്നിലേക്ക് ദ്വിവേദി പോകുന്നത് അവ്യക്തമായിരുന്നു വീഡിയോയില്‍. വീട്ടുകാര്‍ പുറത്ത് ഇറങ്ങിയതോടെ ക്യാമറ ഓഫായി. അടുത്ത വീഡിയോ തുടങ്ങിയപ്പോള്‍ മതില്‍ ചാടിക്കടന്ന് റോഡിലേക്ക് ഇറങ്ങുന്ന ദ്വിവേദിയുടെ അവ്യക്ത രൂപം അല്പം ദൂരെ നിന്നും ഷൂട്ട്‌ ചെയ്തത് പോലെ ആയിരുന്നു. തുടര്‍ന്നു സൈക്കിളില്‍ കയറി പോകുന്ന അയാളുടെ മുഖം ക്യാമറ ഒരു തവണ കൃത്യമായിത്തന്നെ പകര്‍ത്തിയത് ചാണ്ടി ഞെട്ടലോടെ കണ്ടു. വീഡിയോ ഷൂട്ട്‌ ചെയ്ത സമയവും തീയതിയും അതില്‍ തന്നെ ഉണ്ടായിരുന്നു. വീഡിയോ രണ്ടുമൂന്നാവര്‍ത്തി കണ്ട ചാണ്ടി മനസ്സില്‍ തകൃതിയായി കണക്കുകൂട്ടലുകള്‍ നടത്തി. ഡെവിള്‍സിനെതിരെ ഉള്ള ശക്തമായ ഒരു തെളിവാണ് തന്റെ കണ്മുന്നില്‍ ഉള്ളത് എന്ന് മനസിലാക്കിയ അയാള്‍ അവരെ രക്ഷിക്കാനുള്ള കുതന്ത്രങ്ങള്‍ ദ്രുതഗതിയില്‍ മെനഞ്ഞു. ഇത് വച്ച് അവരോട് നന്നായി വിലപേശി ഒരു വന്‍തുക കൈപ്പറ്റാന്‍ തനിക്ക് സാധിക്കുമെന്നും ചാണ്ടി ഉള്‍പ്പുളകത്തോടെ ഓര്‍ത്തു. പക്ഷെ അവരെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷിക്കേണ്ട കടമ തനിക്കാണ്. എന്തോ ചില തീരുമാനങ്ങളിലേക്ക് എത്തിയ ചാണ്ടി പിസിയില്‍ നിന്നും പെന്‍ ഡ്രൈവ് ഊരിയ ശേഷം പൌലോസിനെ നോക്കി.
“എന്ത് തോന്നുന്നു സര്‍..അന്ന് രാത്രി റാവുത്തരുടെ വീട്ടുവളപ്പില്‍ ചാടിക്കടന്നു നായയെ കൊന്നത് അവനാണ്..ദ്വിവേദി..അവനതിനെ കൊന്ന രീതി അങ്ങ് കണ്ടല്ലോ? അതെ രീതിയില്‍ തന്നെയാണ് അവന്‍ കബീറിനെയും വധിച്ചത്..” പൌലോസ് ആത്മവിശ്വാസം സ്ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“നിങ്ങള്‍ക്ക് ഇതെങ്ങനെ കിട്ടി? ആരാണ് ഇത് ഷൂട്ട്‌ ചെയ്തത്?” ചാണ്ടി ചോദിച്ചു.
“ഒരു കാര്യം സാറിന് മനസിലായല്ലോ? ഇത് ഷൂട്ട്‌ ചെയ്ത ആള്‍ ഈ നടന്ന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയാണ് എന്നുള്ള കാര്യം? സാറ് വാസുവിന്റെ കാര്യത്തില്‍ എന്ത് തീരുമാനമാണ് എടുക്കാന്‍ പോകുന്നത് എന്നാണ് എനിക്കിനി അറിയേണ്ടത്” അയാള്‍ ചോദിച്ചതിനുള്ള മറുപടി നല്‍കാതെ പൌലോസ് പറഞ്ഞു.
“പൌലോസ്..ഈ വീഡിയോയില്‍ കാണുന്ന ആള്‍ ദ്വിവേദി ആണ് എന്ന് എനിക്കും മനസ്സിലായി. പക്ഷെ അയാള്‍ ചാടിക്കടന്നു കയറിയ വീട് റാവുത്തരുടെ വീടാണ് എന്ന് എനിക്ക് തോന്നുന്നില്ല. ആ വിഷ്വല്‍സ് ഒന്നും വ്യക്തവുമല്ല. മാത്രമല്ല, ദ്വിവേദി എന്തിനു കബീറിനെ കൊല്ലണം? ആരാണ് അയാള്‍ക്ക് കൊട്ടേഷന്‍ നല്‍കിയത്? ഈവിധ കാര്യങ്ങളില്‍ വ്യക്തത ഇല്ലാതെ ആരോ ഷൂട്ട്‌ ചെയ്ത ഒരു വീഡിയോ വച്ച് ഒരു തീരുമാനത്തില്‍ എത്താന്‍ സാധ്യമല്ല….”

Leave a Reply

Your email address will not be published. Required fields are marked *