മൃഗം 30 [Master]

Posted by

“യെസ് മാഡം”
പൌലോസ് ഇന്ദുലേഖയുടെ ഓഫീസിലേക്ക് കയറി അവള്‍ക്ക് സല്യൂട്ട് നല്‍കി. ഇന്ദുലേഖയുടെ മുഖത്തെ ആശങ്ക കണ്ടു പൌലോസ് ആകാംക്ഷയോടെ അവളെ നോക്കി.
“ഇരിക്ക് പൌലോസ്…” ഇന്ദു പറഞ്ഞു. പൌലോസ് അവള്‍ക്കെതിരെ ഇരുന്നു.
“പൌലോസ്..നിങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പോകുകയാണ്. ഇന്നോ നാളെയോ കമ്മീഷണര്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഒപ്പിടും.”
ഇന്ദുലേഖ ദുഃഖം കലര്‍ന്ന സ്വരത്തില്‍ പറഞ്ഞത് കേട്ടപ്പോള്‍ പൌലോസ് ഞെട്ടിയില്ല; പകരം അയാള്‍ അവളെ നോക്കി പുഞ്ചിരിച്ചു.
“ഞാനിത് പ്രതീക്ഷിച്ചിരുന്നു മാഡം..സംഗതി വൈകിയില്ല” അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതിനെക്കാള്‍ വലിയ പ്രശ്നം വാസുവിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത വളരെ വളരെ കൂടി എന്നതാണ്. കബീറിന്റെ മരണം കൊലയാണ് എന്ന റാവുത്തരുടെ സംശയം മുന്‍നിര്‍ത്തി കമ്മീഷണര്‍ തന്നെയാണ് കേസ് അന്വേഷിക്കുന്നത്. അതിന്റെ ഭാഗമായി അയാള്‍ ഇന്ന് റാവുത്തരുടെ വീട്ടുകാരെ ചോദ്യം ചെയ്തിരുന്നു. അവര്‍ അവനെ രാത്രി വീടിന്റെ പരിസരത്ത് കണ്ടതായി മൊഴി നല്‍കി എന്നാണ് ഞാന്‍ അറിഞ്ഞത്. അതേപോലെ വേറെ ആരോ രണ്ടുപേരും അവനെ അവിടെ അന്ന് രാത്രി കണ്ടതായി മൊഴി കൊടുത്തിട്ടുണ്ട്…ഇനി നമ്മള്‍ എന്ത് ചെയ്യും പൌലോസ്? ഇത് ഡെവിള്‍സ് കളിക്കുന്ന കളിയാണ്‌ എന്നുള്ളത് ഉറപ്പാണ്..വാസുവിനെ കുടുക്കി നിങ്ങളെ ഇവിടെ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യിച്ച് ഡോണയെ തനിച്ചാക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം….”
ഇന്ദുലേഖ ഒരേസമയം ആശങ്കയോടെയും ദുഖത്തോടെയും പറഞ്ഞു. പൌലോസിനു കാര്യത്തിന്റെ ഗൌരവം മനസിലായി. വാസു അറസ്റ്റിലായാല്‍, തെളിവുകളുടെ അടിസ്ഥാനത്തില്‍ അവന് ജാമ്യം കിട്ടാന്‍ പ്രയാസമായേക്കും. താനിവിടെ നിന്നു പോയാല്‍, അവനെ സഹായിക്കാന്‍ തനിക്ക് സാധിക്കുകയുമില്ല. ഉടനടി എന്തെങ്കിലും ചെയ്തെ പറ്റൂ എന്നയാളുടെ മനസ് പറഞ്ഞു.
“ഞാന്‍ കമ്മീഷണറെ കാണാം മാഡം..വാസുവല്ല അതിന്റെ പിന്നില്‍ എന്നുള്ള തെളിവ് ഞാന്‍ അയാളെ കാണിക്കും..അവന്‍ അറസ്റ്റിലായാല്‍ പ്രശ്നമാണ്..” പൌലോസ് ആലോചനയോടെ പറഞ്ഞു.
“അതെ..റാവുത്തര്‍ക്കും കുടുംബത്തിനും അവനെ നല്ല സംശയമുണ്ട്‌. ഡെവിള്‍സ് ഇഷ്ടം പോലെ കള്ളസാക്ഷികളെ നിരത്തി അവനെ എങ്ങനെയും ശിക്ഷിപ്പിക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കും. ചാണ്ടി അവരുടെ ഒപ്പം ഉള്ളത് കൊണ്ട് അപകടം വളരെ വളരെ വലുതാണ്..എങ്ങനെയും വാസുവിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടത് ചെയ്തെ പറ്റൂ..” ഇന്ദുലേഖ പറഞ്ഞു.
“ഞാന്‍ ഉടന്‍ തന്നെ കമ്മീഷണര്‍ ഓഫീസിലേക്ക് പോകുകയാണ്..ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയാല്‍ പിന്നെ എനിക്ക് ഇവിടെ നില്ക്കാന്‍ പറ്റില്ലല്ലോ..”
“എനിക്ക് ആകെ ഭയം തോന്നുന്നു പൌലോസ്..മുന്‍പൊരിക്കലും തോന്നിയിട്ടില്ലാത്ത ഒരു ആത്മവിശ്വാസക്കുറവ്..നിങ്ങള്‍ പോകുന്നു എന്ന് കേള്‍ക്കുമ്പോള്‍ എനിക്കത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല..” ഇന്ദുലേഖ തന്റെ ദുഃഖം മറച്ചു വയ്ക്കാതെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *