മൃഗം 30 [Master]

Posted by

“അയാള്‍ നിര്‍ബന്ധം പിടിച്ചു. ഞാന്‍ എതിര്‍ത്താല്‍ എന്റെ മുകളിലുള്ളവരെ കാണാനും സ്വാധീനിക്കാനും കഴിവുള്ളവന്‍ ആണ് ഈ റാവുത്തര്‍. ഞാന്‍ മനപ്പൂര്‍വ്വം കേസ് ഒതുക്കാന്‍ ശ്രമിക്കുന്നു എന്നയാള്‍ക്ക് തോന്നിയാല്‍, എന്റെ നേരെയും അയാളുടെ സംശയം നീളും. അത് നിങ്ങള്‍ക്കും ദോഷമായി ഭവിക്കും. എന്റെ കൈയില്‍ നിന്നും കേസ് മുകളിലേക്ക് പോയാല്‍ പിന്നെ എനിക്കതില്‍ യാതൊരു നിയന്ത്രണവും സാധിക്കുകയുമില്ല. അതുകൊണ്ട് അയാള്‍ക്ക് വഴങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഞാന്‍ കണ്ടില്ല. തല്‍ക്കാലം കബീര്‍ വധക്കേസ് അന്വേഷണം എന്റെ ചുമതലയിലാണ്….”
സ്റ്റാന്‍ലി അനുകൂലഭാവത്തില്‍ തലയാട്ടി.
“യെസ്..സാറ് പറഞ്ഞത് ശരിയാണ്..അയാള്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചാല്‍ സാറിന് ഒഴിഞ്ഞു മാറാന്‍ പറ്റില്ല..അങ്ങനെ മാറുന്നത് അപകടവുമാണ്” അവന്‍ പറഞ്ഞു.
“ഛെ..ഇത് വീണ്ടും പ്രശ്നമാകുകയാണല്ലോ” അര്‍ജ്ജുന്‍ അസ്വസ്ഥനായി പറഞ്ഞു.
“പക്ഷെ ഇതിലൊരു നല്ല വശമുള്ളത് റാവുത്തര്‍ക്ക് വാസുവിനെ ആണ് സംശയം എന്നതാണ്. അവനെ സംശയിക്കാന്‍ അയാള്‍ക്ക് മതിയായ കാരണങ്ങളും ഉണ്ട്..അവനെ ഈ കേസില്‍ കുടുക്കാന്‍ വേണ്ട തെളിവുകള്‍ നിങ്ങള്‍ക്ക് ഉണ്ടാക്കാന്‍ പറ്റിയാല്‍, ബാക്കി ഞാനേറ്റു…” ചാണ്ടി പറഞ്ഞു.
“ഇനി ഇപ്പോള്‍ ആ വഴിക്ക് ചിന്തിക്കുന്നതാണ് നല്ലത്. കാരണം നായയുടെ മരണം കൊലയാണ് എങ്കില്‍ സമാനമായ രീതിയില്‍ മരിച്ച കബീറും കൊല ചെയ്യപ്പെട്ടതാണ് എന്ന് സംശയിച്ചേ പറ്റൂ..സാറ് എതിര് പറഞ്ഞ് ഒഴിഞ്ഞ് അയാള്‍ ഈ കേസുമായി ഏതു മേലുദ്യോഗസ്ഥനെ ചെന്ന് കണ്ടാലും, അവരിത് കണ്ണടച്ച് കൊലക്കേസ് എന്ന് വിധി കല്‍പ്പിക്കും..അന്വേഷണം അവര്‍ ഏറ്റെടുക്കുകയും ചെയ്യും..ചിലപ്പോള്‍ ക്രൈം ബ്രാഞ്ച് അല്ലെങ്കില്‍ സി ബി ഐ പോലും ഇടപെട്ടേക്കാനും മതി ഇതില്‍..അതോടെ ഇതിലുള്ള നമ്മുടെ എല്ലാ നിയന്ത്രണവും ഇല്ലാതെയുമാകും. അതുകൊണ്ട് ഇനി കബീറിന്റെ മരണം ആത്മഹത്യ എന്ന രീതിയില്‍ നമുക്ക് പ്രോജക്റ്റ് ചെയ്യാന്‍ പറ്റില്ല. കേസന്വേഷണം സാറിന്റെ നിയന്ത്രണത്തില്‍ ഉള്ളിടത്തോളം ഇതുപയോഗിച്ച് നമുക്ക് എന്തൊക്കെ മറ്റു ഗുണങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും എന്നുള്ളതാണ് നമ്മള്‍ ചിന്തിക്കേണ്ടത്” അര്‍ജ്ജുന്‍ പറഞ്ഞിട്ട് മൂവരെയും നോക്കി.
“യെസ്..അതാണ്‌ നിങ്ങള്‍ ചെയ്യേണ്ടത്” സോഫയിലേക്ക് ചാരിക്കൊണ്ട് ചാണ്ടി പറഞ്ഞു.
“ഈ കേസ് വച്ചു നമുക്ക് രണ്ടുപേരെ ഒതുക്കാന്‍ പറ്റണം; പറ്റും. ഒന്ന് വാസു, മറ്റേത് പൌലോസ്” പറഞ്ഞിട്ട് മാലിക്ക് മൂവരെയും നോക്കി.
“വാസുവിനെ റാവുത്തര്‍ സംശയിക്കുന്നതിനാല്‍, അവനെതിരെ തെളിവ് ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് പറ്റുമോ?” ചാണ്ടി ചോദിച്ചു.
“സാറിന് എന്ത് തെളിവാണ് വേണ്ടത്?” സ്റ്റാന്‍ലിയായിരുന്നു ചോദ്യകര്‍ത്താവ്.
“അന്ന് രാത്രി അവന്‍ ആ വീടിന്റെ ഭാഗത്ത് ചെന്നിരുന്നതായി ഒന്നോ രണ്ടോ ദൃക്സാക്ഷികളെ കിട്ടിയാല്‍ തല്‍ക്കാലം അത് മതി അവനെ പൊക്കാന്‍. സപ്പോര്‍ട്ട് ആയി അവന്റെ പേരിലുള്ള പഴയ കേസുകളും ഉണ്ടല്ലോ. കബീറിനോട് അവന് പക ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ അവന്‍ വീട് കയറി ആക്രമിച്ചതും അവന്റെ യാത്ര മുടക്കിയ സംഭവവും ധാരാളം മതി.

Leave a Reply

Your email address will not be published. Required fields are marked *