ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തിക്കൊണ്ട് അയാള്‍ റാവുത്തരുടെ അനന്തിരവന്മാരോട് പറഞ്ഞു. അവര്‍ വെളിയിലേക്ക് പോകുന്നത് നോക്കി, സിഗരറ്റ് വലിച്ചൂതിക്കൊണ്ട് അയാള്‍ പിന്നിലേക്ക് ചാരിക്കിടന്ന് ആലോചിച്ചു. വാസുവിനെ തളയ്ക്കുക എന്നത് ഡെവിള്‍സ് തന്റെ മുന്‍പില്‍ വച്ചിരിക്കുന്ന പ്രധാനപ്പെട്ട ഒരു ആവശ്യമാണ്. പക്ഷെ അവന്റെ പിന്നില്‍ ഡോണ എന്ന ചാനലുകാരി പെണ്ണുണ്ട്. അവനെ വെറുതെ പിടികൂടിയാല്‍ അവള്‍ അടങ്ങിയിരിക്കില്ല. അതുകൊണ്ട് റാവുത്തരുടെ സംശയത്തിന്റെ പേരില്‍ അവനെ കസ്റ്റഡിയില്‍ എടുത്ത് തെളിവില്ലാതെ അപഹാസ്യനകാന്‍ താനില്ല. അവന്‍ അന്നുരാത്രി അവിടെ പോയിരുന്നു എന്നതിന്റെ എന്തെങ്കിലും ഒരു തെളിവ് ഉണ്ടായാല്‍ മാത്രമേ ഇക്കാര്യത്തില്‍ തനിക്ക് മുന്‍പോട്ടു പോകാന്‍ പറ്റൂ. തല്‍ക്കാലം അന്വേഷിക്കാം എന്ന് ഇയാളോട് പറഞ്ഞ് ഒഴിവാക്കാം. എന്നിട്ട് ഡെവിള്‍സിനെ കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം. അങ്ങനെ മനസ്സില്‍ ഉറപ്പിച്ച ശേഷം ചാണ്ടി റാവുത്തരെ നോക്കി.
“ശരി മിസ്റ്റര്‍ റാവുത്തര്‍..കബീറിന്റെ മരണത്തെപ്പറ്റി ഞങ്ങള്‍ അന്വേഷിക്കാം. നിങ്ങളുടെ ചില സഹായങ്ങള്‍ ഞങ്ങള്‍ക്ക് ഇതില്‍ വേണ്ടി വന്നേക്കും. അത് ഞാന്‍ പിന്നാലെ അറിയിക്കാം..” അയാള്‍ പറഞ്ഞു.
“എന്ത് സഹായം ചെയ്യാനും ഞാന്‍ ഒരുക്കമാണ് സര്‍. അവന്റെ കൊലയാളിയെ നിങ്ങള്‍ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കണം..എനിക്കത് മതി”
“ശരി..വി വില്‍ ട്രൈ അവര്‍ ബെസ്റ്റ്”
“നന്ദി സര്‍”
റാവുത്തര്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ചാണ്ടി മെല്ലെ എഴുന്നേറ്റു.
——–
“സംഗതി കൈവിട്ടു പോയി..നായയുടെ മരണം സ്വാഭാവികമല്ല. ആരോ അതിന്റെ കഴുത്തില്‍ ചരടോ കയറോ മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നതാണ് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കിഴവന്‍ അതില്‍ പിടിച്ച് തൂങ്ങിയിരിക്കുകയാണ്..നിങ്ങള്‍ പറഞ്ഞത് പോലെ കബീറിന്റെ മരണം ആത്മഹത്യയാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള എന്റെ ശ്രമം ഫലം കണ്ടില്ല. അത് കൊലക്കേസ് ആയിത്തന്നെ പരിഗണിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്”
ഡെവിള്‍സിന്റെ താവളത്തില്‍ എത്തിയ ചാണ്ടി, അവരുമൊത്ത് മദ്യം നുണഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു. അയാളുടെ സ്വരത്തിലെ നിസ്സഹായത കേട്ട് മൂവരും മുഖാമുഖം നോക്കി.
“നായയെ എന്തിനാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്? ഒഴിവാക്കാമായിരുന്നില്ലേ?” മാലിക്ക് ചെറിയ ഈര്‍ഷ്യയോടെ ചോദിച്ചു.
മൃഗം 30 [Master]
Posted by