“അതിന്റെ ശവം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പറ്റില്ലേ സാറേ..രണ്ടു ദിവസമല്ലേ ആയുള്ളൂ അത് ചത്തിട്ട്..ശരീരം അത്രയ്ക്ക് അഴുകി കാണില്ല”
റാവുത്തര്‍ പറഞ്ഞത് കേട്ടപ്പോള്‍ ചാണ്ടി അപകടം മണത്തു. കിഴവന്‍ രണ്ടും കല്‍പ്പിച്ചാണ്. പറ്റില്ല എന്ന് തനിക്ക് പറയാനും സാധിക്കില്ല. അയാള്‍ നായയെ എവിടെയാണ് കുഴിച്ചിട്ടത് എന്നറിയാന്‍ സാധിച്ചിരുന്നു എങ്കില്‍ വല്ലവനെയും കൊണ്ട് മാന്തി എടുപ്പിച്ചു കളയാമായിരുന്നു. ഇനിയിപ്പോള്‍ അതും പറ്റില്ല. അയാള്‍ ഗഹനമായി ചിന്തിച്ചുകൊണ്ട് റാവുത്തരെ നോക്കി.
“പറയൂ സാര്‍..അത് നടക്കില്ലേ..ഇന്ന് തന്നെ അതിന്റെ ശരീരം പരിശോധിക്കണം സാറേ..അതിനു വേണ്ടത് എന്താണെങ്കിലും ഞാന്‍ ചെയ്യാം..അത് സാധാരണ മട്ടിലാണ് മരിച്ചത് എങ്കില്‍ ഞാന്‍ വിശ്വസിക്കാം എന്റെ മോന്‍ ആത്മഹത്യയാണ് ചെയ്തതെന്ന്..”
റാവുത്തര്‍ പ്രതീക്ഷയോടെ അയാളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു. ചാണ്ടിക്ക് വേറെ നിര്‍വാഹം ഉണ്ടായിരുന്നില്ല. അയാള്‍ അനുകൂലഭാവത്തില്‍ തലയാട്ടി.
*************************
“യെസ് മിസ്റ്റര്‍ റാവുത്തര്‍..നായ കൊല്ലപ്പെട്ടതാണ്..അതിന്റെ കഴുത്തില്‍ എന്തോ മുറുകി ശ്വാസം കിട്ടാതെയാണ് മരിച്ചിരിക്കുന്നത്”
റാവുത്തരുടെ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തന്റെ മേശപ്പുറത്ത് മടക്കി വച്ചുകൊണ്ട് എഡിസണ്‍ ചാണ്ടി നിസ്സഹായതയോടെ പറഞ്ഞു. കബീറിന്റെ മരണം ആത്മഹത്യ ആയിരിക്കണം എന്ന ഡെവിള്‍സിന്റെ ആവശ്യം തനിക്കിനി നടപ്പിലാക്കാന്‍ സാധിക്കാത്തതിന്റെ വിഷമം അയാളെ അലട്ടുന്നുണ്ടായിരുന്നു. റാവുത്തര്‍ അയാളുടെ ഓഫീസില്‍ സന്നിഹിതനായതായിരുന്നു വിവരമറിയാന്‍. കമ്മീഷണര്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ മുഖത്ത് സന്തോഷത്തിന്റെ കണികകള്‍ തീര്‍ത്തു. തന്റെ അനുമാനം ശരിയായിരുന്നു എന്നതിന്റെ ഒരു തിളക്കം അയാളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു.
“ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ സര്‍ നായയുടെ മരണത്തില്‍ അസ്വാഭാവിക ഉണ്ടെന്ന്? ഇപ്പോള്‍ സാറിനും ബോധ്യമായില്ലേ അതും എന്റെ മകന്റെ മരണവും തമ്മില്‍ ബന്ധമുണ്ടെന്ന്?…എന്റെ മോന്‍ ഒരിക്കലും സ്വയം മരിക്കില്ല. അവനെ ആരോ കൊന്നതാണ്..ആ കൊലയില്‍ വാസു എന്നവനു പങ്കുണ്ട് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു….” റാവുത്തര്‍ പകയും ദുഖവും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു.
“നായയെ ആരോ കുരുക്കിട്ടു കൊന്നതാകാം..പക്ഷെ കബീര്‍ സ്വാഭാവികമായി മരിച്ചു എന്നാണല്ലോ റിപ്പോര്‍ട്ട്. അവനെപ്പോലെ ആരോഗ്യമുള്ള ഒരു യുവാവിനെ, ഒരു മല്‍പ്പിടുത്തം പോലുമില്ലാതെ ആര്‍ക്കെങ്കിലും കൊല ചെയ്യാന്‍ പറ്റുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?”
സംഗതി ഡെവിള്‍സിനെതെരെ വരാന്‍ ഇടയുണ്ട് എന്നറിഞ്ഞുകൊണ്ട് ചാണ്ടി ചോദിച്ചു. എങ്ങനെയും അവന്റെ കൊല ആത്മഹത്യ ആയി ചിത്രീകരിക്കണം എന്നതായിരുന്നു ചാണ്ടിയുടെ ലക്‌ഷ്യം. പക്ഷെ നായുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് അയാളെ ഉലച്ചു.
മൃഗം 30 [Master]
Posted by