ഹനീഫ ചിന്താനിമഗ്നനായി പുറത്തേക്ക് വന്നു.
“എന്താടാ ഇതിലിത്ര ആലോചിക്കാൻ?”
“ശരി മൂസാക്ക. ഇങ്ങള് പറേണെ പോലെ”.
“ഇപ്പോഴാ അനക്ക് ബുദ്ധി വച്ചത്. വക്കീലേ ആ കടലാസൊക്കെ എടുക്കി. റെജിസ്ട്രാരെ ഇങ്ങളെ ബുക്കൊക്കെ എടുത്തോളീ. സാക്ഷികൾ പിന്നെ ഓഫീസിൽ വന്നു ഒപ്പിട്ടോളും. ഇപ്പൊ ബാക്കി ഒക്കെ തീർക്കാ”.
പെട്ടെന്ന് തന്നെ വക്കീൽ കൊടുത്ത പേപ്പറിൽ ഒക്കെ ഹനീഫിനെ കൊണ്ട് ഒപ്പിടീച്ചു. രജിസ്ട്രാർ പറഞ്ഞിടത്തൊക്കെ ഹനീഫും മൂസാക്കയും ഒപ്പ് വച്ചു.
“അപ്പൊ അതൊക്കെ കഴിഞ്ഞിലെ. ഇനി ഇങ്ങള് പെട്ടെന്ന് സ്ഥലം കാലിയാക്കി. ഞമ്മക്ക് നാസ്ത കഴിക്കാനുള്ളതാ.”
മൂസാക്ക അവരുടെ കൂടെ പുറത്തിറങ്ങി.
“എടാ നീ ഇവരെ രണ്ടുപേരെയും വീടുകളിലാക്കി വാ. ഞാനിവിടെ കാണും”.
ജയരാജൻ അവരെയും കൂട്ടി കാറുമായി പോയി. അവർ പോയതും മൂസാക്ക തിരികെ ഹനീഫിന്റെ വീട്ടിലേക്കു കയറി. ഹനീഫ് അപ്പോളും തലകുനിച്ചിരിപ്പായിരുന്നു.
“മൂസാക്ക എന്നെ ഇങ്ങനെ കുടുക്കുമെന്ന് ഞാൻ കരുതിയില്ല. ഇപ്പൊ ഇങ്ങൾക്കല്ലേ എല്ലാം ലാഭത്തിൽ കിട്ടിയത്.”
“മോനെ ഹനീഫെ, അനക്ക് ഇപ്പോളും തലക്കകത്തു വെളിവ് വച്ചിട്ടില്ല. ജ്ജ് ഒരു കാര്യം മനസ്സിലാക്കേണ്ടതെന്താണെന്ന് വച്ചാ, ഈ വീടും പറമ്പും ഇപ്പൊ എന്റേതാണ്, കൂടാതെ ജ്ജ് എനിക്കിപ്പോ നല്ലൊരു തൊകക്ക് കടക്കാരനും ആണ്. എന്റെ ഔദാര്യമാണ് ഇനി അന്റെ ജീവിതം.” ഇത്രയും പറഞ്ഞു മൂസാക്ക സോഫയുടെ അരികിലേക്ക് മുന്നോട്ടാഞ്ഞിരുന്നു.
“അന്റെ മാർവാടി അല്ല ഈ ഞാൻ. അതിലും വെടക്കാ. ജ്ജ് ഇനി എന്റെ വളർത്തു പട്ടിയാ. കേട്ടോടാ ഹിമാറെ”.
മൂസാക്കയുടെ ഭാവ വ്യത്യാസത്തിൽ ഹനീഫിന് ശരിക്കും പേടിയായി.
“ജാബിറാ… ജ്ജ് നാസ്ത എടുത്ത് വക്ക്. മ്മക്ക് പോയിട്ട് പണീള്ളതാ”. മൂസാക്ക എണീറ്റ് ഡെയിനിങ് ചെയറിൽ പോയി ഇരുന്നു.