“അയിന് മുമ്പ് മ്മക്ക് അന്റെ കാര്യം സെറ്റിൽ ആക്കാ. ജ്ജ് ഇവിടെ ഇരി”. മൂസാക്ക സോഫയിലിരുന്ന് ഹനീഫിനോട്ടും ഇരിക്കാൻ പറഞ്ഞു.
“ജ്ജ് പറഞ്ഞ മർവാടി അന്റെ സ്ഥലോം പുരയിടോം കൊണ്ടോവും. ജ്ജും അന്റെ കെട്ടിയോളും വഴിയാധാരാവും. അതാണല്ലോ അന്റെ പ്രശ്നം. കൂടാതെ ജ്ജ് അനക്ക് പറ്റണെ പോലെ ഒക്കെ നോക്കി. ഇനി വേറെ വഴിയൊന്നും ഇല്ല. ഇപ്പൊ ഞാൻ സഹായിച്ചില്ലേൽ അനക്ക് വേറെ വഴി ഇല്ല. ഇതല്ലേ ഇപ്പൊ അന്റെ അവസ്ഥ.” മൂസാക്ക ഇത്രയും പറഞ്ഞു സൊഫയിൽ ചാഞ്ഞിരുന്നു. ഹനീഫ് തല താഴ്ത്തി ഇരുന്നു.
“ഇനി വഴി ഞമ്മള് പറഞ്ഞു തരാ. അന്റെ സ്ഥലോം പൊരയിടോം ഞമ്മള് വാങ്ങാം. മാർവാടിയുടെ കടം മുഴുവൻ ഞമ്മള് വീട്ടിക്കോളാ. ഇനി ജ്ജ് വീടൊഴിയേണ്ടി വരുമെന്ന് പേടിക്കേണ്ട. അനക്ക് ഇവിടെ തന്നെ താമസിക്കോം ചെയ്യാ. ജ്ജ് എന്ത് പറയുന്നു?”
ഹനീഫ് ആവിശ്വസനീയതയോടെ മൂസാക്കയെ നോക്കി. മൂസാക്കയുടെ ഉള്ളിലിരിപ്പ് അവനു കുറേശ്ശേ മനസ്സിലായി തുടങ്ങി. പക്ഷെ മറ്റൊരു വഴിയും അവനു മുന്നിലുണ്ടായിരുന്നില്ല.
“മൂസാക്ക, ഇത് എന്റെ ആകെയുള്ള സാമ്പാദ്യമാണ്. ഇതും കൂടെ പോയാൽ?” ഹനീഫിന്റെ ശബ്ദം ഇടറി.
“അതു ജ്ജ് കാശ് കൊണ്ട് കളയുന്നതിനു മുൻപ് ആലോചിക്കേണ്ടെ സെയ്‌താനെ. ജ്ജ് ഇപ്പൊ വാടകയൊന്നും തരേണ്ട. അതൊക്കെ മ്പളെ വക്കീൽ ശരിയാക്കിക്കോളും. അനക്ക് കാശായിട്ട് ഒന്നും കിട്ടൂല. ഞമ്മള് മാർവാടിക്ക് കാശു കൊടുത്ത ശേഷം കുറവ് വരുന്നത് നീ ഒരു പ്രോമിസറി നോട്ട് എഴുതി തന്നാ മതി. ഒരു റെക്കോർഡ് കെടക്കട്ടെ.”
“അതു കുറവല്ലേ മൂസാക്ക. ഈ വീടിനും സ്ഥലത്തിനും അതിലും കൂടുതൽ വേല കിട്ടൂലെ?” ഹനീഫ് സംശയത്തോടെ ചോദിച്ചു.
“അനക്ക് അതിനു സമയം ഇല്ലല്ലോ. ഇതാകുമ്പോ ഇപ്പൊത്തന്നെ സെറ്റിൽ ചെയ്യാം. ജ്ജ് എന്ത് പറയുന്നു.?”
ഹനീഫ് ചെകുത്താനും കടലിനും ഇടയിൽ കുടുങ്ങിയ പോലെ ആയി. ഇതെല്ലാം അടുക്കളയിലെ വാതിലിനു പുറകിൽ മറഞ്ഞിരുന്നു ജാബിറ കേൾക്കുന്നുണ്ടായിരുന്നു.
“ഇക്കാ. ഇങ്ങള് ഇങ്ങോട്ടൊന്നു വരി” ജാബിറ ഹനീഫിനെ അടുക്കളയിലേക്ക് വിളിച്ചു.
“ഇങ്ങള് മൂസാക്ക പറഞ്ഞത് കേട്ടോളീ. അല്ലേൽ ആ മാർവാടി ഇനി എന്തൊക്കെയാ ചെയ്യാന്ന് പറയാൻ പറ്റൂല”.