“നിന്നെ ഈ സമയത്ത് വന്നാലേ കിട്ടുകയുള്ളെന്ന് അറിയാം. അതാ ഇപ്പൊ വന്നത്. നമ്മുടെ കാശിന്റെ കാര്യത്തിൽ എന്തായി തീരുമാനം?”
“ഭായി.. കുറച്ച് സാവകാശം കൂടെ വേണം. ഒരു കച്ചവടം ഉടനെ നടക്കാനുണ്ട്. അതു നടന്നാ അപ്പൊ തന്നെ ഭായുടെ കാശ് തന്നിരിക്കും.”
“സെയ്‌താനെ ഇത് കുറെ കാലമായില്ലേ നീ പറയാൻ തുടങ്ങീട്ട്. ഇനി എനിക്ക് കാത്തു നിൽക്കാൻ പറ്റില്ല. മൂന്ന് ദിവസം കൂടെ തരാ. അതു കഴിഞ്ഞാ ഇറങ്ങിക്കോണം ഈ വീട്ടീന്ന്. അല്ലേൽ എണീറ്റു നടക്കാൻ നിനക്ക് കാലുണ്ടാവില്ല. സുവർ കെ ബച്ചെ.”
” കാശ് ഞാൻ എങ്ങനെയെങ്കിലും ഉണ്ടാക്കിത്തരാം ഭായ്. ”
“ശരി.. ഞാൻ ഇപ്പൊ പോകാ. നിനക്ക് ഒരു ചൂട് വരാൻ ഇതിരിക്കട്ടെ.” മർവടി ഇതും പറഞ്ഞു ഹനീഫിന്റെ കാരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. ഹനീഫ് തല കറങ്ങി സോഫയിൽ ഇരുന്നു. മാർവടിയും ഗുണ്ടകളും അവിടുന്ന് പോയി. ”
“പടച്ചോനെ ഇനി ഇതും കൂടെ കാണാനുണ്ടായിരുന്നുള്ളൂ”. ജാബിറ അകത്ത് നിന്നും ഓടി വന്നു. “എനിക്ക് ഇങ്ങനെ ഒരു പോഴനെ ആണല്ലോ കിട്ടിയത്. ഇനി ഇങ്ങള് എന്താ ചെയ്യാൻ പോണത്?”
ഹനീഫ് ഫോണെടുത്ത് മൂസാക്കയെ വിളിച്ചു.
“മൂസാക്ക….”
“എന്തെടാ ഹനീഫെ? ഈ നേരത്ത്?”
“ഒരു പ്രശ്നം ഉണ്ട് മൂസാക്ക. ഇനി മൂസാക്കക്ക് മാത്രെ എന്നെ സഹായിക്കാൻ പറ്റൂ.”
“ജ്ജ് കാര്യം തെളിച്ച് പറ.”
“ഞാനൊരു കുടുക്കിൽ പെട്ടിരിക്കാ.” അവൻ കാര്യങ്ങളെല്ലാം മൂസാക്കയോട് വിവരിച്ചു.
“ശരി. ഞാൻ നാളെ രാവിലേ അങ്ങോട്ട് വരാ. ജ്ജ് അന്റെ കെട്ടിയോളോട് നാസ്ത റെഡി ആക്കാൻ പറയ്. മ്മക്ക് ഒക്കെ ശരിയാക്ക.”
ഫോൺ വച്ചപ്പോൾ ഹനീഫിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അവൻ കാര്യങ്ങളെല്ലാം ജാബിറയോട് പറഞ്ഞു.