“എടാ അവള് കരഞ്ഞുകൊണ്ടാപോയത്”
“കള്ളക്കണ്ണീര്, ശുദ്ധ തട്ടിപ്പാ അമ്മേ? എന്നെ അതിന് ഇഷ്ടമില്ല. അറിഞ്ഞുകൊണ്ട് പറത്തി വിട്ടതാ”
“പോടാ, അങ്ങിനൊന്നുമല്ല, അവൾ പേടിച്ചു പോയി, അതിനൊപ്പം കൂടും കറങ്ങി, വാതിൽ എതിർ വശത്തായി പോയി, അതാ തത്ത പുറത്ത് ചാടിയത്”
“അമ്മയിത്ര പാവമായി പോയല്ലോ, ഭൂലോക കള്ളിയാ”
“ങാ എന്നാ നന്നായി പോയി, അല്ലെങ്കിലും അതിന്റെ കരച്ചിലു കാരണം ഇവിടൊരു സ്വര്യവും ഇല്ലായിരുന്നു”
“അമ്മയിതേ പറയൂ എന്നെനിക്കറിയാം”
ഞാൻ വിഷാദ ചിത്തനായി അകത്തേയ്ക്ക് പോയി. ആശയ്ക്കും, ആര്യചേച്ചിക്കും, അർച്ചനയ്ക്കും എനിക്ക് തത്തയുള്ളതിൽ കുശുമ്പുണ്ടായിരുന്നു. അവർക്കില്ലാത്ത എന്തോ ഭയങ്കര ഒരു നിധി എനിക്കുണ്ട് എന്ന ജാഡയായിരുന്നു എനിക്കും. അത് മാറികിട്ടി.
കുറച്ച് കഴിഞ്ഞപ്പോൾ അർച്ചനയുടെ ഫോൺ ( അവരുടെ വീട്ടിൽ നിന്നും ഉറക്കെ വിളിച്ചാൽ എന്റെ വീട്ടിൽ കേൾക്കാം, എന്നിട്ടും ഫോൺ)
അമ്പിളി അവിടിരുന്ന് കരയുന്നു എന്ന്.
തത്ത നഷ്ടപ്പെട്ടത് എനിക്ക്, കരയുന്നത് അവളും. ഇതിനിപ്പോൾ ഞാനെന്തു വേണം?!! എനിക്ക് സംശയമായി.
“നീ ഒന്ന് വന്ന് സമാധാനിപ്പിക്ക്”
“ഓ പിന്നെ”
“പ്ലീസ് പാവം”
“അയ്യോ ഒരു പാവം, അവൾ അറിഞ്ഞുകൊണ്ട് തത്തയെ പറത്തിവിട്ടതാണ്”
“പോടാ, അങ്ങിനൊന്നും വന്ന് ഇനിയും ചേച്ചിയോട് പറയരുത്”
“ഞാൻ വരുന്നുമില്ല, എനിക്കൊട്ട് അവളുടെ കരച്ചില് കാണുകയും വേണ്ട”
“ശ്യാമേ കഷ്ടമുണ്ട്, ഒന്ന് വരുന്നുണ്ടോ നീ, വലിയ സ്റ്റൈൽ ഒന്നും എടുക്കേണ്ട കെട്ടോ”
“ഞാൻ വന്നിട്ടെന്തു പറയാൻ? അവൾ എന്നേയാണ് ആശ്വസിപ്പിക്കേണ്ടത്, ഹും എന്റെ തത്തയും പോയി….” ഞാൻ മുഴുമിപ്പിച്ചില്ല.
“നീ വരുന്നുണ്ടേൽ വാ, ആര്യചേച്ചി വരുമ്പോൾ ചേച്ചിക്കും വിഷമമാകും”
“ങാ വരാം”
വലിയ താൽപ്പര്യമില്ലാതെ പറഞ്ഞിട്ട് ഞാൻ പതിയെ ആ വീട്ടിലേയ്ക്ക് ചെന്നു.
ഞാൻ ചെന്നപ്പോൾ കരച്ചിലൊക്കെ കഴിഞ്ഞിരുന്നു. കണ്ണുകളിൽ ചെറിയ ചുമപ്പ്, കൺമഷി പടർന്നിരിക്കുന്നു.
“എനിക്ക് വിഷമമൊന്നുമില്ല”
“”
“ചേച്ചി സങ്കടപ്പെടേണ്ട, അത് പോയെങ്കിൽ പോട്ടെ കെട്ടോ”
അത്രയും പറഞ്ഞ് ഞാൻ ആ വിഷയം വിട്ടു. മറ്റുള്ളവരോട് സംസാരിച്ചു.
കുറേക്കഴിഞ്ഞ് ഞാൻ വീട്ടിലേയ്ക്ക് പോന്നു. അന്ന് അർച്ചനയുമായി ഒന്നും നടന്നുമില്ല, ആര്യചേച്ചിയെ കാണാനും പറ്റിയില്ല.