മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ]
‘ദേവകി .ഇറങ്ങാറായില്ലേ നീയ്യ്?’
‘ ദാ ഇറങ്ങുവാ … വിനു പോയോ അച്ഛാ ?’
‘ അവന്‍ എപ്പഴേ പോയി ..മായ ഇത് വരെ ഒരുങ്ങി കഴിഞ്ഞില്ലേ ?’
” കഴിഞ്ഞച്ഛാ…അമ്മെ ഞാന്‍ റെഡി “
” ഈ വയ്യാണ്ട് പിന്നേം ഇറങ്ങുവാണോ ..വല്ലിടത്തും അടങ്ങിയിരിക്കണം … ഉച്ചക്ക് ചോറുണ്ടോണം .. . ..ഞാന്‍ വരുന്നത് നോക്കി ഇരിക്കണ്ട ,ഗുളിക അടപ്പില്‍ എടുത്തു വെച്ചിട്ടുണ്ട്” ദേവകി ബാഗുമെടുത്ത് വരാന്തയില്‍ പഴയ ചെരുപ്പ് മാറ്റി പുതിയതിട്ടുകൊണ്ട് പറഞ്ഞു
‘ അമ്മെ ..ഒന്ന് വരുന്നുണ്ടോ ..ഒന്‍പതിന്റെ ഗീത പോയാ പിന്നെ വഴക്ക് കേട്ട് ഇന്നത്തെ ദിവസം പോക്കാ …അമ്മേനെ പോലെ സര്‍ക്കരുധ്യോഗം ഒന്നുമല്ല ന്റെത് ” മായ വേഗം നടന്നു കൊണ്ട് പറഞ്ഞു ..
മായ പട്ടണത്തില്‍ ഒരു ജൂവലറിയില്‍ കണക്ക് എഴുത്താണ് ….ദേവകി അവിടെ നിന്ന് പാസഞ്ചറില്‍ രണ്ടു സ്റ്റോപ്പ് കൂടി കഴിയണം … എന്നിട്ടും എന്നും ഒന്‍പതിന് തന്റെ കൂടെ ഇറങ്ങുന്ന അമ്മയെ അവളാവശ്യത്തിനു കളിയാക്കാറുണ്ട് … അല്ലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമയനിഷ്ഠയെ കുറിച്ച് നമ്മളെല്ലാവരും കളിയാക്കാറുണ്ടല്ലോ..
ഓടിപ്പിടിച്ചു സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും ബസ് വന്നിരുന്നു , മോളെ തനിക്കു മുന്‍പേ കയറ്റി തിങ്ങി ഞെരുങ്ങുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നും അവളെ വലയം ചെയ്തു നിന്നു ദേവകി .
” ചേച്ചിയെ … നിങ്ങളിന്നും ഒട്ടി നിന്നാണോ പോണേ ..എന്‍റെ ചേച്ചി ഒന്ന് നീങ്ങി നില്ല് ..ചേച്ചീടെ മോളെ ആരും പിടിച്ചോണ്ട് പോകില്ല “
ദേവകി ഒന്നും മിണ്ടിയില്ല .