രാത്രി ഏറെ വൈകുവോളം ഉപ്പ ഫിനാൻസ് ബില്ലിലെ പുതിയ ഭേദഗതികൾ നോക്കി മനസ്സിലാക്കുകയായിരുന്നു.
രാവിലെ ഉപ്പ നടക്കാൻ പോയി വന്നപ്പോഴും മകൾ ഉണർന്നിട്ടുണ്ടായിരുന്നില്ല.
ഉപ്പ തന്നെ ചപ്പാത്തിയുണ്ടാക്കി. കുഞ്ഞ് ഉണർന്നിരിക്കുകയാണെങ്കിൽ മകൾ ഉറങ്ങാൻ വൈകും എന്ന് ഉപ്പക്കറിയാമായിരുന്നു. പുലർച്ചെ ആവാൻ ആയപ്പോൾ എങ്ങാനും ഉറങ്ങിയ മകളെ വിളിച്ച് ശല്യപ്പെടുത്തണ്ട എന്ന് ഉപ്പ വിചാരിച്ചു. കറിയുണ്ടാക്കാൻ ബീഫ് നോക്കിയപ്പോൾ ഫ്രിഡ്ജിൽ ഒന്നും ഇല്ലായിരുന്നു. തൽക്കാലം ഉരുള കിഴങ്ങ് കൊണ്ടൊരു കറിയുണ്ടാക്കി ഉപ്പ ചായ കുടിച്ചു. അപ്പോഴേക്ക് ഷഹാന എഴുന്നേറ്റ് വന്നു. അവളുടെ മുഖം വെളുത്ത് വിളറിയിരുന്നു. കണ്ണിൽ രക്തപ്രസാദം ഒട്ടും ഇല്ലായിരുന്നു. മകൾക്ക് മറ്റെന്തോ ബുദ്ധിമുട്ടുണ്ടെന്ന് ഉപ്പക്ക് തോന്നി. അവൾക്കാകെ ഒരു വയ്യായ്കയും ക്ഷീണവും തോന്നുന്നുണ്ടായിരുന്നു.
“ഇയ്യൊറങ്ങേന്നില്ലേ? ഞാൻ ചപ്പാത്തീം ഉരുളകിഴങ്ങോണ്ടൊരു കൂട്ടാനുണ്ടാക്കീണ്ട്. അരീക്കോടൊന്ന് പോണം. വേഗം വരാം”
ഉപ്പ അരീക്കോടെത്തി. തെങ്ങിൻ തോപ്പിലെ ആകാശം മുട്ടെ വളർന്ന വണ്ണമില്ലാത്ത തെങ്ങുകൾ ഒഴിഞ്ഞ പുഴയോരത്ത് നിന്നും വീശിയടിക്കുന്ന കാറ്റിൽ ആടുന്നത് കണ്ടാൽ ഇപ്പോൾ ഒടിഞ്ഞു വീഴും എന്ന് തോന്നും. ഒരുപാട് മാവുകളും പ്ലാവുകളും ആഞ്ഞിലിയും ഞാവലും ഒക്കെയായി മറ്റു ഫലവൃക്ഷങ്ങളും ആ പറമ്പിലുണ്ട്.
വർഷങ്ങൾക്ക് മുന്നേ വെച്ച തെങ്ങുകളായത് കൊണ്ട് കായ്ഫലം കുറഞ്ഞ് തുടങ്ങിയിരുന്നു. തേങ്ങക്ക് വിലയില്ലാതായതും തെങ്ങ് കയറാൻ ആളില്ലാത്തതും പുഴയുടെ തീരത്ത് തന്നെയുള്ള തോട്ടമായത് കൊണ്ട് കുരങ്ങന്മാരെ കൊണ്ടുള്ള ശല്യവും അതെല്ലാം മുറിച്ച് കളഞ്ഞ് കവുങ്ങ് വെക്കാൻ ഉപ്പയെ പ്രേരിപ്പിച്ച ഘടകങ്ങളായിരുന്നു. അരീക്കോട് തന്നെ അടക്ക മാർക്കറ്റുള്ളത് ഉപ്പക്ക് നല്ലതായി തോന്നി. ഒതായിയിലുള്ള അച്ചാറ് കമ്പനിക്കാർ മാവിലെ മാങ്ങയെല്ലാം പറിച്ചു കൊണ്ട് പോയിരുന്നു. തെങ്ങ് മുറിക്കാൻ വന്നവരോട് പറഞ്ഞ് പ്ലാവിലെ ചക്കയെല്ലാം കയറിൽ കെട്ടി താഴത്തെത്തിച്ചു. തെങ്ങുകൾ മുറിച്ചു മാറ്റുന്ന ജോലി ഏതാണ്ട് തീരാനായിട്ടുണ്ടായിരുന്നു. മറ്റു കാര്യങ്ങളെല്ലാം നോക്കാൻ ജയേഷിനെ പറഞ്ഞേൽപ്പിച്ച്