“ഇല്ല്യ മോളെ… അവരു വെറുതെ പറയണതാ… അറിയാത്തോണ്ട്…. മോളു കൂട്ടുകൂടിക്കോ…”
“ക്ക് അരിയാ…. അമ്മി പറഞ്ഞന്നി ണ്ട്….. ക്ക് അവലെ കൂടല്ക്കൂടല് ഇസ്ട്ടായി അപ്പൊ… നല്ല ഇസ്ട്ടാ ഇപ്പൊയ്…”
അതെൻ്റെ മനസ്സികൊണ്ടു. ഇവള്ക്ക് ഇത്ര ചെറുപ്പത്തിലെ, ഇത്ര ഹൃദയവിശാലത ഞാനൊട്ടും പ്രതീക്ഷിച്ചില്ല. അവൾക്ക് ഒരുപക്ഷെ മീനാക്ഷി പറയുന്നത് പോലെ എന്നെക്കാളും പക്വതയുണ്ട്.
“ഞാൻ എന്താ ചെയ്യണ്ടെ അപ്പൊ, പാവകുട്ടി അതു പറഞ്ഞില്ലല്ലോ.?”
“ അച്ചെക്ക്, കയ്യോണ്ടു സംശാരിക്കാൻ അരിയാന്ന് പരഞ്ഞേ അമ്മി. ക്ക് കാട്ടിത്തെരോ, ക്ക് പടിക്കാനാ… അപ്പൊയെ കൊരേ സംശാരിക്കാലോ അവലോട്..”
സൈൻ ലാൻഗ്വേജ് പഠിക്കണത്രെ അവൾക്കും !!, സിത്താരകുട്ടിക്ക് വിഷമം തോന്നതിരിക്കാൻ. എനിക്ക് അവളെകുറിച്ച് അഭിമാനം തോന്നി. പക്ഷെ പിന്നീട് ആലോചിച്ചപ്പോൾ ഇതിൽ അഭിമാനത്തിൻ്റെ കാര്യമെന്തിന്. ഇത് മനുഷ്യർ മനുഷ്യരുമായി ചേർന്നു ജീവിക്കുന്ന ഭൂമിയിൽ അടിസ്ഥാനപരമായി തോന്നണ്ട സാമാന്യബോധമല്ലെ. ഇത് അത്ഭുതമായി തോന്നതക്ക രീതിയിൽ ചുരുക്കം ചിലരിൽ മാത്രം അവശേഷിക്കുന്നത് ഒരുപാട് സങ്കടമുണ്ടാക്കുന്ന കാര്യമല്ലെ.
എൻ്റെ മകൾ മനുഷ്യത്ത്വത്തിൻ്റെ ആദ്യപാഠം പഠിച്ചു കഴിഞ്ഞു. അവൾ വളർന്ന് വരണ്ടത് ഈ സമൂഹത്തിന്റെ കൂടി ആവശ്യമാണ്. നാളെയാരും മാറ്റിനിർത്തപ്പെടാതിരിക്കട്ടെ. അവർക്ക് വേണ്ടി അവർക്കൊപ്പം നിൽക്കാൻ, സ്നേഹിക്കാൻ ആരെങ്കിലുമൊക്കെയുണ്ടാവട്ടെ.
അവൾക്ക് എന്നും വൈകുന്നേരം പഠിപ്പിച്ച് കൊടുക്കാമെന്ന ഉറപ്പും കൊടുത്ത്, ഞങ്ങൾ നേരെ സ്കൂളിലേക്കു യാത്രയായി.
“മായക്കുട്ടി, പാവക്കുട്ടി അച്ച പോവ കുട്ടി …..”