“ആഹാ… സിത്താരകുട്ടി എന്ത് പറയുന്നു”
“ അവലേ, കരയാ…. എപ്പലും കരയാ..… ഞാ … കരയണ്ടാ പറഞ്ഞു…”
ഞാൻ മുട്ടുകുത്തി നിലത്തിരുന്നു അവളുടെ മുഖത്തിനു നേരെ വന്നു ചോദിച്ചു.
“എന്തിനാ അവള് കരയണത്, പാവക്കുട്ടി ചോദിച്ചില്ലെ?..”
“അവലേ…. കലിയാക്കും, ല്ലാരും…”
“അതെന്തെ കളിയാക്കുന്നത്?”
“അവല്ക്ക് മിണ്ടാൻ വരൂലാ… പനിച്ച് ട്ട് അങ്ങനെ വരോ അച്ചേ… ടീച്ചര് പറഞ്ഞതാ…”
ഞാൻ വെറുതെ അവളുടെ മുഖത്ത് സങ്കടത്തോടെ നോക്കി. പനിമൂലം സെൻസോറിന്യൂറൽ ആയിട്ടുള്ള ഹിയറിംങ് ലോസും, അതിനാൽ സംസാരിക്കാതെയിരിക്കലും കുഞ്ഞുകുട്ടികളിൽ ഇടക്ക് കാണാറുള്ളതാണ്. എൻ്റെ നെഞ്ചിൽ ഒരു വേദനതോന്നി പാവംകുഞ്ഞ്.
“ ല്ലാരുവേ…, പൊട്ടി… പൊട്ടി.. പഞ്ഞ് കലിയാക്കും. അവല്ക്ക് ചുണ്ട് കണ്ടൂച്ചാ… മൻസ്സിലാവും. അപ്പൊ കരയും… കൊരെകൊരെ കരയും…”
“അപ്പൊ മോളെന്താ ചെയ്യാ…”
“ഞാ… അവലെ യിങ്ങനെ, കെട്ടിപിച്ചിരിക്കും”
അവളെൻ്റെ കയ്യിൽ മുറുക്കെ കെട്ടിപിടിച്ചു നിന്നു കൊണ്ടാണ് ബാക്കി പറഞ്ഞത്.
“ല്ലാരും…. പറയാനെ… ഞാ അവലായിട്ട് കൂട്ടായാ… ക്കും പനിവരും, സബ്തം പോവുന്നൊക്കെ…”