“താ, ഞാൻ പിടിക്കാം ഉണ്ണിയേട്ട.”
“നിൻ്റെ തലക്കെന്താ മീനാക്ഷി വല്ല ഓളവും വെട്ടുന്നുണ്ടോ. അല്ലെങ്കി തന്നെ വയ്യ. നീയിതും കൂടി എങ്ങനെ പിടിക്കാനാണ്. ഞാൻ തന്നെ പിടിച്ചോണ്ട്.”
അതവൾക്ക് ക്ഷീണമായി, വാശികയറി.
“താ… ഇങ്ങട്.”
അവളത് വലിച്ച് വാങ്ങി, പക്ഷെ കയ്യികിട്ടിയപ്പോൾ മുഖം മാറി ഇത്ര ഭാരം അവളും പ്രതീക്ഷിച്ച് കാണില്ല പാവം. കൊറച്ച് ദൂരം അതുവലിച്ചു നടന്നു നോക്കി. അവസാനം എന്നെ ദയനീയമായി നോക്കി.
“ഞാൻ കളിയാക്കില്ല മീനാക്ഷി. ബാഗ് തന്നോ ഞാൻ പിടിച്ചോളാ. ഇവിടെ വച്ച് പെണ്ണുങ്ങളെ ശക്തി പറഞ്ഞ് കളിയാക്കിയാ പാതായിക്കര നമ്പൂതിരിയാരുടെ വേളി ചോദിക്കാൻ വരുന്നാ പറയാ. ആ മന കണ്ടില്ലേ. അവടെ അവരുണ്ട്. എൻ്റെ ഒപ്പം ഒരു യക്ഷി തന്നെ ധാരാളമാണ്.”
ഞാൻ കൈകൂപ്പി ബാഗ് വാങ്ങിപിടിച്ചു നടന്നു. മീനാക്ഷി കുറച്ച് നേരം എന്തോ ആലോചിച്ച് നിന്നു. പിന്നെ മനയെനോക്കി. വലിയ അപ്പുപ്പൻമാവിൻ്റെ ചില്ലകൾക്കിടയിലൂടെ വെയില് അരിച്ചിറങ്ങി അവിടെ നിഴലുകളും വെട്ടവും മാറി മാറി വരുന്നുണ്ടായിരുന്നു. തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ ഒരുപാട് ദൂരമെത്തി. അവളു തട്ടിതടഞ്ഞ് ഉഴുതിട്ട മണ്ണിലൂടെ ഓടി. ആ മണ്ണിലൂടെ ഓടുമ്പോൾ ആരെങ്കിലും പിന്നീന്ന് പിടിച്ചു വലിക്കുന്ന പോലെ തോന്നുന്നത് സ്വാഭാവികമാണ്. എൻ്റെ അടുത്തെത്തുമ്പോഴേക്കും മീനാക്ഷിയുടെ പാതി ജീവൻ പോയിരുന്നു.
“ന്തേ.., പരിചയപ്പെട്ടോ വേളിയേ. (ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു)”
“ദേ, നൊണക്കഥ പറയാൻ നിക്കരിക്കോ, ഞാൻ പേടിച്ച് ചത്ത് പോകും. അവടെ ശരിക്കും യക്ഷിയുണ്ടോ.”
“ ഹ, ഹ, ഹ… ഇത്ര വീരശൂര പരാക്രമിക്കും പേടിയോ. യക്ഷിയൊന്നുമല്ല അതൊരു കഥയാ. ഒരു മുത്തശ്ശിക്കഥ.”
“പേടിപ്പിക്കാത്ത കഥയല്ലെങ്കി പറയാലോ…. (ചുറ്റും നോക്കി) ഇനി പേടിപ്പിക്കണ കഥയാണെങ്കി കൂടി കൊറച്ചൂടി അടുത്തു നിന്ന്…., എന്നെ ചുറ്റി കെട്ടിപിടിച്ച് പറയാലോ…., ഞാൻ ഒന്നും പറയില്ല….. ഉണ്ണിയേട്ടന് പേടി ആയോണ്ടല്ലെ.”