അതെല്ലാം പൊതിഞ്ഞെടുത്ത് വാച്ച്മാൻചേട്ടൻ്റെ കയ്യിൽ നിന്ന് സൈക്കിളും വാങ്ങി ഞാൻ ഗണേശപുരത്തേക്ക് വച്ചു പിടിച്ചു. സമയം 11:45, അവളുറങ്ങിക്കാണും എങ്കിലും എൻ്റെ ഒരു സമാധാനത്തിന് ഞാൻ അത്രടം വരെ പോകാൻ വച്ചു.
തെങ്ങോലകൾക്കിടയിൽ കൂടി എന്നെ എത്തിനോക്കുന്ന പൂനിലാവും, ഇടക്കിടെ ആശ്വാസമായി വീശുന്ന തണുത്ത ഇളങ്കാറ്റും, നിറഞ്ഞ ഈ സുന്ദരരാത്രിയും, അതിനെല്ലാമൊപ്പം അമ്പിളിവട്ടമുള്ള കൊഴുക്കട്ടയും പൊതിഞ്ഞ് പ്രണയിനിക്ക് സമ്മാനിക്കാൻ പഴയൊരു സൈക്കിളിൽ പോയികൊണ്ടിരിക്കുന്ന ഞാനും. ഒരുപാട് വർഷങ്ങൾ പിന്നോട്ട് പോയി ഇരുപതാം നൂറ്റാണ്ടിൻ്റെ പകുതിയിലെന്നോ ഒരു ദശകങ്ങളിൽ ഞാൻ ചെന്നെത്തി നിൽക്കുന്നത് പോലെ എനിക്ക് തോന്നി .
ആധുനികയുടെ കറപറ്റികളങ്കപ്പെടാത്ത നിഷ്കളങ്ക പ്രണയവുമായി, മട്ടുപ്പാവിൽ കാത്തിരിക്കുന്ന അപ്സരകന്യകയായ എൻ്റെ പ്രിയകാമിനിയുടെ പുളകം കൊള്ളിക്കുന്ന ഓർമ്മകളിൽ, ഞാൻ സൈക്കിൾ ആഞ്ഞ് ചവിട്ടി. ഇതെല്ലാം യഥാർത്ഥ്യത്തിൽ നിന്നും ഒരുപാടു മൈലുകൾ അകലെ തന്നെ ആയിരുന്നു. അവൾക്ക് എന്നോടുള്ള മനോഭാവം എന്തെന്ന് പോലും എനിക്കറിയില്ല. പ്രണയം ഈ കഥയിൽ എന്നിൽ മാത്രം ഒതുങ്ങി പരിമിതപ്പെട്ടിരിക്കുന്നു. പ്രണയം എന്നു പറയുന്നതിനെക്കാൾ വട്ടെന്ന് പറയുന്നതാവും ശരി. ബഷീർ പറഞ്ഞതു പോലെ വട്ടു വരാനും ഒരു ഭാഗ്യo വേണ്ടെ. അല്ലെങ്കിൽ തന്നെ വിശ്വവിഖ്യാതമായ ഈ ഏകമാർഗ്ഗ പ്രണയത്തിൻ്റെ വരട്ടുച്ചൊറിയിൽ മാന്തുന്നതിനേക്കാൾ സുഖപ്രദമായ മറ്റെന്താണ് ഈ ലോകത്തുള്ളത്.
ഗണേശപുരത്ത് പൗരാണികമായ സെൻ്റ് മേരീസ് കോളേജിൻ്റെ ഹോസ്റ്റലിനു പിന്നാമ്പുറത്ത് മീനക്ഷിയുടെ അന്തഃപുരത്തിൻ്റെ ജാലകകവാടം മലക്കെ തുറന്ന് കിടന്നിരുന്നു. അതിൻ്റെ വാതായനത്തിൽ, വിശുദ്ധമായ നിലാവെളിച്ചം നടക്കാൻ ഇറങ്ങിയിരുന്നു. ജനലൽപടിമേൽ പാൽനിലാവ് തൂകും ചന്ദ്രനേയും നോക്കി, ചെറിയൊരു മന്ദഹാസം നൽകി കൊല്ലുസിട്ട കാൽപ്പാദങ്ങൾ കാറ്റിൽ ദോലനം ചെയ്ത്, ചുരുൾ മുടിയിഴകളിൽ വിരലോടിച്ച് മീനക്ഷി എന്തോ ഓർമ്മകളിൽ വ്യാപൃതയായി ഇരിപ്പുണ്ടായിരുന്നു. ആ കനവിലെ മന്ദഹാസത്തിനു ഹേതു ഞാനായിരുന്നെങ്കിൽ, ഞാൻ ഒരു മാത്രവെറുതെ നിനച്ചുപോയി.
ഇടയ്ക്കിടെ ഞാൻ വണ്ടി വക്കുന്നിടത്തേക്ക് മിഴിപായിക്കുന്നുണ്ട്. സൈക്കിളിന് പ്രതേകിച്ച് ശബ്ദമോ, വെളിച്ചമോ ഇല്ലാത്തത് കൊണ്ട് അവളെൻ്റെ വരവറിഞ്ഞില്ല. കാണാമറയത്ത് നിന്ന് ഞാൻ അവളെ മനസ്സ് നിറച്ച് കണ്ടു. ഒരു കാമുകിയുടെ, പത്നിയുടെ പരിഭവത്തിൻ്റെ ലാഞ്ഛനകൾ ഞാൻ ആ മുഖത്ത് കണ്ടു. എല്ലാം കണ്ടും കേട്ടും അവൾക്കു കൂട്ടിരിക്കുന്ന നിലാവിനോട് അവളെന്തൊക്കെയോ എണ്ണിപെറുക്കി കൊണ്ടിരുന്നു.