ഞാൻ പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവൻ നീട്ടിയ കൈ വെറുതെ അന്തരീക്ഷത്തിൽ വീശികുലുക്കി പിൻവലിച്ച്, ഒരു സായിപ്പിൻ്റെ ശൈലിയിൽ തുടർന്നു.
“സീ അരവിന്ദൻ, സംഭവിച്ചതെല്ലാം നിങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് എനിക്കറിയാം. എനിക്കതിൽ വളരെ വിഷമവുമുണ്ട്, ഐ ആം റിയലി സോറി എബൗട്ട് ദാറ്റ്. ഇതെല്ലാം ഞാൻ ഔട്ട് ഓഫ് സ്റ്റേഷൻ ആയി പോയത് കൊണ്ട് മാത്രം സംഭവിച്ചതാണ്. ബട്ട്, ഇപ്പോൾ ഞാൻ വന്നില്ലേ, ഇനി എല്ലാം ഓക്കെ ആയിരിക്കും. നാളെ തന്നെ ഇതിനൊരു പരിഹാരം ഞാൻ കണ്ടിരിക്കും. അതു കഴിഞ്ഞാൽ നിങ്ങൾക്ക് പഴയതുപോലെ ഇവിടെ (അയാൾ ചുറ്റും നോക്കി, ഫാനിൻ്റെ ശബ്ദത്തിൽ അനിഷ്ടമറിയീച്ച് നെറ്റിചുളിച്ച് തുടർന്നു) ഹാപ്പിയായി, മറ്റും ടെൻഷനുകളൊന്നും തന്നെയില്ലാതെ, ചിൽ ആയിരിക്കാം. എന്താ…. ?”
ഞാൻ ഒന്നും പറഞ്ഞില്ല വെറുതെ നിലത്ത് നോക്കി നെടുവീർപ്പിട്ടു. അവൻ തുടർന്നു.
“നെക്സ്റ്റ് ടൂസ് ഡെ , വിസാ വേരിഫിക്കേഷൻ, അത് ഓക്കെയായാൽ, ഈ മൺത്ത് ലാസ്റ്റ് തന്നെ ഞങ്ങൾ സ്റ്റേറ്റ്സിലേക്ക് മൂവ് ചെയ്യും. എന്നെ നമ്മൾ മീറ്റ് ചെയ്യുമോ എന്ന് തന്നെ സംശയമാണ്, സോ എവരിത്തിങ് ഈസ് കൂൾ… വീ ആർ കൂൾ….”
കൈയ്യും തോളും നാവും വച്ചുള്ള അവൻ്റെ പൊറാട്ട് നാടകവും, കഥാപ്രസംഗവും നിറുത്തി അവനെന്നെ നോക്കി.
‘എവരി തിംങ് ഈസ് നോട്ട് കൂൾ’ എൻ്റെ മനസ്സ് ഒന്നും ഒരിക്കലും നേരെയാവില്ലന്ന് പറഞ്ഞു കൊണ്ടിരുന്നു. വരുന്നത് ദേഷ്യമാണ്. ഞാനതടക്കി അവനെ നോക്കിയിരുന്നു.
“ മീനാക്ഷിയെ കണ്ടില്ലല്ലോ, ഹോസ്റ്റലിൽ ചോദിച്ചപ്പോൾ ഇവിടെയുണ്ടെന്ന് പറഞ്ഞു. സീ, എനിക്ക് ഒരുപാട് സമയമില്ല. നാളെ തന്നെ എംബസിയിൽ ഒന്നുപോണം. പറ്റിയാൽ ഇന്നുതന്നെ അല്ലെങ്കിൽ നാളെ, ഞങ്ങൾ ഇവിടെ നിന്ന് മാറും. രണ്ടാമത് ഒപ്പിടാത്തത് കൊണ്ടു മാരീജ് പെറ്റീഷൻ വയബിൾ അല്ലല്ലോ. അപ്പോൾ ആ കാര്യത്തിൽ പ്രശ്നമൊന്നും വരാൻ പോകുന്നില്ല.
ഒഫ് കോഴ്സ്, ഒരു നന്ദിയിൽ തീർക്കാവുന്ന സഹായമല്ല അരവിന്ദൻ ഞങ്ങൾക്ക് ചെയ്തിരിക്കുന്നത്, എങ്കിലും പറയാതിരിക്കാൻ കഴിയില്ലല്ലോ, എനിവേ താങ്ക്സ്, താങ്ക്സ് എലോട്ട്.”