ഇരുപത്തഞ്ച് വയസ്സിനിടക്ക് അത്ര ഇഷ്ടത്തോടെ സ്നേഹിച്ചവരായിട്ട് ആകെ ഓർത്തെടുക്കാൻ പറ്റുന്നത്, സരുവിനെ മാത്രമാണ്. അമ്മയല്ല, കൂട്ടുകാരിയായിരുന്നു. മീനാക്ഷിയെ കുറിച്ച് എല്ലാം അറിയുന്ന കൂട്ടുകാരി. ദൈവത്തിന് അങ്ങനൊരു തമാശയുണ്ട്, മീനാക്ഷിക്ക് ഇഷ്ടള്ളോരെ, അങ്ങോരു കൊണ്ട് പോകും, കുശുംമ്പാണ്, ഓർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു, ചുണ്ടുകൾ വിതുംമ്പി വന്നു. എല്ലാവരോടും ദേഷ്യമാണ്, ഈ ലോകത്തോട് മൊത്തം.
അവൾ എഴുന്നേറ്റു, അവയുടെ കാൽപ്പാദങ്ങിൽ തലചായ്ച്ച് നിഷ്കളങ്കമായി അരവിന്ദൻ കിടന്നുറങ്ങുന്നു. മീനാക്ഷി മിഴിനിറയെ അവനെ നോക്കിയിരുന്നു. ഇല്ല, ഇയാളുള്ള ലോകത്തെ എനിക്കെങ്ങനെ വെറുക്കാൻ കഴിയും. അവളവനെ പ്രണയാദ്രമായി നോക്കിയിരിക്കെ, സരു അവളോട് പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു.
“ആരൊക്കെ തള്ളിപറഞ്ഞാലും, ഈ ലോകം മുഴുവൻ എതിര് നിന്നാലും, ൻ്റെ അരവിന്ദൻ നിന്നെ നോക്കിക്കോളും.അവന് മാത്രെ നിന്നെ മുഴുവനായും മനസ്സിലാക്കാൻ പറ്റൂ. അവൻ നിന്നെ ഒരിക്കലും കരയിക്കില്ല. അവനുള്ളപ്പോൾ നീ ഇനി ഒരിക്കലും ഒറ്റയ്ക്കാവില്ല.
പറഞ്ഞാൽ ഞെട്ടണ തൊഴിലോ, കയ്യിലൊരു പാട് പണമോ ഒന്നും അവനുണ്ടാവില്ല. എങ്കിലും അവനു ചുറ്റും ജീവൻ കൊടുത്ത് സ്നേഹിക്കുന്ന ഒരുപാട് പേര് എന്നുമുണ്ടാവും. അവനൊപ്പമുണ്ടായിരിക്കുമ്പോൾ നിനക്ക് മനസ്സിലാകും മീനാക്ഷി, ലോകം കറങ്ങണത് സ്നേഹിക്കുന്നവരുടെ ചുറ്റുമാണെന്ന്.”
ആ ഒരു വാക്കിൻ പുറത്താണ്, മരിക്കും മുൻപ് ഒരിക്കലെങ്കിലും ഒന്നു കാണണമെന്ന് തോന്നിയത്.
കല്യാണ തലേന്നു ഏതാ, എന്താന്നു പോലും അന്വേഷിക്കാതെ ഞാൻ പറഞ്ഞ ‘അരവിന്ദൻ’ എന്ന ഒറ്റ പേരിൽ വിശ്വസിച്ച് നാടുവിടാൻ കൂട്ടു നിന്ന അജു, എന്തിനും ഏതിനും കൂട്ടുവന്നവർ, സ്വന്തം കല്യാണം മുടക്കിയതിൽ തെല്ലും പരിഭവമില്ലതെ വന്നു നിന്ന് കല്യാണം നടത്തി സാക്ഷി വരെ ഒപ്പിട്ട അഭിയേട്ടൻ, അയാൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായി നടക്കുന്ന ടോണി വട്ടപ്പാറ എന്ന ഇന്ത്യ മൊത്തം അറിയപ്പെടുന്ന നാഷണൽ അവർഡ് വരെ കിട്ടിയിട്ടുള്ള സൗണ്ട് എഞ്ചിനീയർ, അയാളുടെ സ്നേഹത്തിൻ്റെ മാന്ത്രികം കാണിച്ചു തന്ന ത്യാഗരാജൻ സാർ, എൻ്റെ പേരുപോലും ശരിക്കറിയാത്ത എങ്കിലും അയാൾക്കായി ഒരു നാടിനെ മൊത്തം എതിർത്തു നിന്ന കുമുദത്തിൻ്റെ ഏട്ടൻ, മരണത്തിന് വരെ ഒരു ഉണ്ണിയപ്പത്തിൻ്റെ രുചിയാണെന്ന് കാണിച്ചു തന്ന താര, ആവി എന്ന് പറഞ്ഞാൽ നൂറുനാവുള്ള ലക്ഷമി അക്ക, ശരിയാണ് അയാൾക്ക് ചുറ്റും സ്‌നേഹത്തിൻ്റെ പകരം വയ്ക്കാനില്ലാത്ത ഒരു ലോകം കറങ്ങുന്നുണ്ട്.