മീനാക്ഷി കല്യാണം 5 [നരഭോജി]

Posted by

 

“ അങ്ങനെ പറയല്ലെ മോളെ, നീ എങ്ങനെയാ ദുർഭാഗ്യം ആവാ… ഇന്നത്തെ ദിവസം അദ്ദേഹം എത്ര സന്തോഷിച്ചൂന്ന് നീയും കണ്ടതല്ലെ. നീ ഇല്ലെങ്കിൽ അതു നടക്കാരുന്നോ. മരണം മനുഷ്യന് നിയന്ത്രിക്കാൻ പറ്റണതല്ലല്ലോ. പക്ഷെ ജീവിതം അത് നമ്മുക്ക്  മാറ്റാൻ കഴിഞ്ഞില്ലെ. ഒരായുസ്സിനുള്ള സന്തോഷം അദ്ദേഹം ഇന്ന് അനുഭവിച്ചിട്ടുണ്ട്, അവസാനം അദ്ദേഹം പറഞ്ഞത് മോളും കേട്ടതല്ലെ. അതല്ലെ ഏറ്റവും വലിയ മോക്ഷം. അത് എല്ലാവർക്കും സാധിക്കില്ലല്ലോ. അദ്ദേഹത്തിന് അത് സാധിച്ചു. ഞാനും മോളുമൊക്കെ അതിനൊരു നിമിത്തമായി അങ്ങനെ കണ്ടാമതി. അതിന് മോളെന്തിനാ  വിഷമിക്കണത്”

 

(ഞാൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു, മൂർദ്ധാവിൽ തലോടി)

 

“മോളല്ല, എല്ലാം ഞാനാണെങ്കിൽ കൂടിയും അത് മോളല്ല, കാരണം മോള് ദുർഭാഗ്യം അല്ല, സ്നേഹം ആണ്, കറയില്ലാത്ത സ്നേഹം. നീ ഇല്ലെങ്കിൽ ഞങ്ങൾക്കൊക്കെ ആരാണ് ഉള്ളത് ഭാഗ്യമായിട്ട്.”

 

അതവളുടെ കരച്ചിലിൻ്റെ ആക്കം കൂട്ടിയതേയുള്ളു, അവൾ നിറുത്താതെ കരഞ്ഞു കൊണ്ടിരുന്നു. അവളുടെ ചുടുകണ്ണുനീർ എൻ്റെ  നെഞ്ചിനകത്തും പുറത്തും ഒരു പോലെ പടർന്നിറങ്ങി. ഞാൻ അവളുടെ നേർത്ത കവിളിണകളിൽ തഴുകി കൊണ്ടിരുന്നു. എത്ര നേരം കഴിഞ്ഞു എന്നറിയില്ല, അവളുടെ ശ്വാസതാളം ഏറിവന്നു, ശരീരത്തിന് ഭാരം കൂടി. അവളൊരു വാടിതളർന്ന തമരയല്ലി പോലെ എൻ്റെ നെഞ്ചിൽ ചായ്ഞ്ഞുറങ്ങി.

പതിയെ വളരെ ശ്രദ്ധയോടെ നെഞ്ചിൽ നിന്നവളെ തലയിണയിലേക്കു പകർന്ന് കിടത്തി, ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു.

 

തിരിച്ച് പോരുമ്പോൾ ഞാൻ ചിന്തിച്ചത് ജീവിതത്തെ കുറിച്ചായിരുന്നു. പ്രവചനാതീതമായ അതിനു മുൻപിൽ നമ്മളെല്ലാം എത്ര നിസ്സാരജീവികളാണ്. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിയുമായിരുന്നെങ്കിൽ നാം ഇതിലും  ആത്മാർത്ഥമായി പരസ്പരം സ്നേഹിക്കില്ലെ, ദേഷ്യങ്ങളെല്ലാം മറന്നുകളയില്ലെ, നാണക്കേടുകൾ കണക്കിലെടുക്കാതെ കെട്ടിപുണർന്നൊന്നു കരയില്ലെ, എല്ലാം മറന്ന് പങ്ക്ചേർന്ന് ചിരിക്കില്ലെ, അതല്ലെ നമുക്ക് ജീവനോടെയിരിക്കുമ്പോൾ ചെയ്യാൻ കഴിയാതെ പോകുന്നത്.

 

ഉലകനിയതിയുടെ ഈ പെർമ്യൂട്ടേഷൻസ് ഏൻഡ് കോമ്പിനേഷൻസിൽ നമ്മളെല്ലാം ഭാഗ്യബിന്ധുക്കൾ മാത്രമാണ്, ഒന്നിടവിട്ട് വരാനിരിക്കുന്ന മരണത്തെ കാത്തിരിക്കുന്നവർ.

 

***************

 

അടുത്ത ദിവസത്തെ പത്രങ്ങളിലും, വാർത്താ ചാനലുകളിലും, സോഷ്യൽ മീഡിയയിലും നിറഞ്ഞ് നിന്നിരുന്നത് എൻ്റെ ഇൻ്റർവ്യൂ ആയിരുന്നു.  യൂട്യൂബിൽ അത് ട്രെൻഡിങ് വൺ ആയിരുന്നു. സാധാരണ തോന്നാറുള്ളത് പോലെ യാതൊരു വിധ താൽപര്യവും ഇന്ന് എനിക്കതിനോട് തോന്നിയില്ല. ഇത്തരം വേദനിപ്പിക്കുന്ന മരണങ്ങൾക്ക് മുന്നിൽ എനിക്ക് മറ്റാരെങ്കിലും പകരക്കാരനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ഇത് എൻ്റെ നിയോഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *