അവളുടെ മുടിയിഴകളിൽ തലോടി ഞാൻ കഥ പറഞ്ഞു കൊണ്ടിരുന്നു, പെരുംനാഗത്തെ നാഭിയിലൊളിപ്പിച്ച രാജക്കുമാരിയുടെ കഥ, പയറുചെടിയിൽ കയറി സ്വർഗ്ഗത്തിൽ പോയ ബാലൻ്റെ കഥ, ആലിബാബയുടെയും വെന്ത് മരിച്ച നാൽപ്പത്തൊന്ന് കള്ളൻമാരുടേയും കഥ, കുറുക്കൻ കാട്ടിലെ രാജാവായ കഥ, സുമോറോ ദ്വീപിലെ കടൽകിഴവൻ്റെ കഥ, പല്ലവൻകാട്ടിലെ കുടവയറൻ ഭൂതത്താൻ്റെ കഥ, രാത്രികളിൽ മാനം നിറയെ നക്ഷത്രങ്ങൾ പൂത്തുലഞ്ഞ കഥ, ഞാൻ നിറുത്താതെ പറഞ്ഞു കൊണ്ടിരുന്നു. അവളത് കേട്ട് കിടന്നു. നെഞ്ചിൽ കണ്ണീരിൻ്റെ ചൂടെനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. അവൾക്കിനിയും എന്തൊക്കെയോ സങ്കടങ്ങൾ മനസ്സിലുണ്ട്. അവയൊക്കെ എന്നോട് അവൾക്ക് പറയാൻ കഴിയുന്ന അത്രയും ഞാൻ അവളെ സ്നേഹിക്കുന്ന കാലം വരും. ഞാൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ച് നെറുകിൽ തലോടി മൂർദ്ധാവിൽ മുത്തമിട്ടു.
അപ്പോൾ ഫോണിലൊരു നോട്ടിഫിക്കേഷൻ വന്നു. ടോണിയുടെ മെസ്സേജ് ആണ്. ഒരു യൂട്യൂബ് ലിങ്ക് ആണ്. എന്താണാവോ, ഈ രാത്രി അവൻ ഇത്ര കാര്യമായി അയക്കാൻ മാത്രം. ഞാൻ അതിൽ ക്ലിക്ക് ചെയ്യ്തു. അതൊരു വാർത്ത ലിങ്ക് ആയിരുന്നു. അപ്രതീക്ഷിതമായ ആ വാർത്ത കേട്ട് ഞാനും, നെഞ്ചിൽ തലവച്ചിരുന്ന മീനാക്ഷിയും ഒരുപോലെ ഞെട്ടി.
“പ്രശസ്ത മുൻകാല സൂപ്പർസ്റ്റാർ, ത്യാഗരാജൻ അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. വൈകീട്ട് ഏഴരയോടെ ചൈന്നൈയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ വച്ച്, ശാരീരിക അസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ ……”
ഞാൻ ആ വീഡിയോ ക്ലോസ് ചെയ്തു. അതിൽ കാണിച്ചതെല്ലാം എൻ്റെ ഇൻ്റവ്യൂവിലെ ഫൂട്ടേജ്‌കളും, പഴയ അദ്ദേഹത്തിൻ്റെ നിത്യഹരിത സിനിമ നിമിഷങ്ങളുമായിരുന്നു. എനിക്കൊപ്പം മനസ്സറിഞ്ഞ് ചിരിച്ച് അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന ത്യാഗരാജൻ സാർ. ഞാൻ നിശബ്ദമായി കിടന്നു. മീനാക്ഷി നിറുത്താതെ തേങ്ങുന്നുണ്ടായിരുന്നു. അവൾ അവ്യക്തമായി എന്തൊക്കെയോ, എണ്ണിപെറുക്കി കൊണ്ട് കരഞ്ഞ് കൊണ്ടേയിരുന്നു.
“ഞാനാ…. ഞാനാ എല്ലാത്തിനും കാരണം, ഞാ ഇൻ്റർവ്യൂന് വന്ന കാരണാ. ഞാ ..ഞാനാ… ഞാൻ ഒരു ദുർഭാഗ്യാ..… എവിടെ ചെന്നാലും അവിടെ ദോഷംമാത്രേ ഇണ്ടാവൂ. ജനിച്ചന്ന് മുതല് തുടങ്ങിയ ദുരിതാ. ഞാ കാരാണാ, എല്ലാം ഞാ കാരണാ, ആദ്യം സരു, ഇപ്പൊ സാറ്….. ഞാ….. ഞാ മരിച്ചാ മതിയാർന്നു….” (അതെല്ലാം എനിക്കു സഹിക്കാൻ കഴിയുന്നതിൽ അപ്പുറമായിരുന്നു, പെട്ടന്നു വന്ന അടക്കാനാവാത്ത സങ്കടത്തിൽ ഞാൻ അവളുടെ വായപൊത്തി)