മീനാക്ഷി കഥ കേൾക്കാൻ തയ്യാറായി തിരിഞ്ഞിരുന്നു.
“പണ്ട് മധുരക്കടുത്ത് ഒരു കൊച്ചു ഗ്രാമത്തിൽ, മുനിയാണ്ടിയെന്നു പേരുള്ള ഒരു കണവനും, അയാളുടെ ഭാര്യ മുത്തുലക്ഷ്മിയും ജീവിച്ചിരുന്നു. മുനിയാണ്ടി കൊറേ കള്ളൊക്കെ കുടിക്കുമെങ്കിലും മുത്തുലക്ഷ്മിയെ വലിയ കാര്യം ആയിരുന്നു. ജീവനായിരുന്നു. എല്ലാ വെള്ളിയാഴ്ചയും അവളെ അവൾക്കിഷ്ടമുള്ള തലൈവർ എം.ജി.ആറിൻ്റെ സിനിമ കൊണ്ട് പോയി കാണിക്കുമായിരുന്നു. മുത്തുലക്ഷ്മി അധികം പുറത്തൊന്നും പോകാത്തതുകൊണ്ടു അവൾക്കത് ഭയങ്കര സന്തോഷം ഉള്ള കാര്യം ആയിരുന്നു. അങ്ങനെ അവർ സിനിമ കാണാൻ സൈക്കിളിൽ പോകുമ്പോൾ ഇങ്ങനെ തന്നെയാണ്. രണ്ടെണം അടിച്ചിട്ടുള്ള മുനിയാണ്ടി, അയാളുടെ കൂതറ ശബ്ദത്തിൽ പാട്ടുപാടും. മുത്തുലക്ഷ്മി അയാളുടെ വായപെത്തി ആ പാട്ടൊക്കെ മധുരമായ ശബ്ദത്തിൽ തിരിച്ച് പാടികൊടുക്കും. മുനിയാണ്ടി അതെല്ലാം കേട്ട് ആസ്വദിച്ചിങ്ങ് പോരും. എനിക്ക് പെട്ടന്നു നമ്മളു മുനിയാണ്ടിയും മുത്തുലക്ഷ്മിയും ആണെന്ന് തോന്നിപോയി. ഹി..ഹി…. ഹി..” എനിക്ക് നല്ല ചിരിവന്നു.
അതുവരെ ശ്രദ്ധയോടെ എല്ലാം കേട്ട് കൊണ്ടിരുന്ന മീനാക്ഷി ഉറക്കെ ഉറക്കെ പെട്ടിച്ചിരിച്ചു. ഒരു യക്ഷിയെപ്പോലെ. പക്ഷെ യക്ഷി ഇങ്ങനൊരു കക്ഷിയാണെങ്കിൽ, ആരാണ് അവളുടെ കൈകൊണ്ട് മരിക്കാൻ ആഗ്രഹിക്കാത്തത്.
അവർ വീണ്ടും കുറേ നേരം വീണു ചിരിച്ചു. സൈക്കിൾ അടിയുലഞ്ഞു. അവൾ തിരിഞ്ഞിരുന്ന് എൻ്റെ മീശ പിരിച്ചുവച്ച്, എന്നെ മുനിയാണ്ടിയാക്കി. അവളുടെ ഇടതൂർന്ന ചുരുൾമുടി വകഞ്ഞ് രണ്ടാക്കി മുൻപിലേക്കിട്ടു മുത്തുലക്ഷ്മിയായി. അവളുടെ വിസ്തൃതമായ പുറമഴക്ക് എനിക്ക് മുൻപിൽ അനാവൃതമായി. അവളാ കറുത്ത കുഞ്ഞുപൊട്ട് എടുത്ത് മൂക്കുത്തിയാക്കി കുത്തി, നിഷ്കളങ്കമായി എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് കുഞ്ഞു കുട്ടികളെ പോലെ മുനിയാണ്ടി, മുത്തുലക്ഷ്മി എന്ന് മാറി മാറി ഉച്ചരിച്ചു കൊണ്ടിരുന്നു. അവൾക്കത് ഇഷ്ടമായി. ഞാൻ ഒരു കൈയിൽ സൈക്കിൾ നിയന്ത്രിച്ച് കൊണ്ട്, മറുകയ്യിൽ ആ കുറുമ്പിയെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഈ നിമിഷം ഒരിക്കലും തീരാതിരുന്നെങ്കിൽ. ഇനിയും മുഴുവനാക്കപ്പെടാത്ത മനോഹര കഥകളുടെ സുഭഗമായ ഈ ആയിരത്തൊന്ന് രാവുകൾ തുടർന്നു കൊണ്ടിരുന്നെങ്കിൽ.
***************
ഹോസ്റ്റലിനു പിൻവശം…..
അവൾക്ക് വേണമെങ്കിൽ സുഖമായി മുൻവശത്തുകൂടി വാച്ച്മാനോട് പറഞ്ഞ് കയറാം. അവൾ അസിസ്റ്റൻ്റ് പ്രൊഫസർ ആണ് അല്ലാതെ, കോളേജ് സ്റ്റുഡൻ്റ് അല്ല. എന്നാലും എൻ്റെ മുതുകത്ത് ചവിട്ടി ആ പാരപ്പറ്റിൽ കയറിയാലേ അവൾക്കൊരു സമാധാനമുള്ളു. ഹൊ, വല്ലാത്തൊരു പെണ്ണ് തന്നെ.