മീനാക്ഷി കല്യാണം 5 [നരഭോജി]

Posted by

 

ഏതൊരു യുവനടനേക്കൾ എളുപ്പമായിരുന്നു അദ്ദേഹവുമായുള്ള ആശയവിനിമയം. വളരെ പോസ്റ്റീവ് ആയി ജീവിതത്തെ കാണുന്ന, അത്മവിശ്വാസം നിറഞ്ഞ് നിൽക്കുന്ന ഒരു മനുഷ്യൻ. ഒരു നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്ന ഒരാളിൽ ഇത്രയും സരസമായ തുഷ്ടിജന്യമായ മനസ്ഥിതി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സാത്വികമായ നിർവൃതിയുടെ വീചികൾ അദ്ദേഹത്തിൽ നിന്നും അനന്തമായി പ്രസരിച്ചിരുന്നു എന്നെനിക്ക് തോന്നിപ്പോയി.

 

വളരെ കുറഞ്ഞ സമയത്തിൽ ഞങ്ങൾ രണ്ടു സുഹൃത്തുകളെന്നോണം അടുപ്പത്തിലായി. ഒരു പുഴയോരത്തോ, പീടികത്തിണ്ണയില്ലോ, വയൽവരമ്പത്തോ രണ്ടു സമപ്രായക്കാരായ കൂട്ടുക്കാർ ഏറെ നേരത്തെ നീന്തി തുടിക്കലിനോ, കാൽപ്പന്ത് കളിക്കളിക്കോ ശേഷം ഒരു സിഗരറ്റും പുകച്ച് സ്വസ്ഥമായിരുന്നു ജീവിതം ചർച്ചചെയ്യും പോലെ, ഏറെനേരം നിറുത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. അതിൽ ചോദ്യങ്ങളോ ഉത്തരങ്ങളോ ഉണ്ടായിരുന്നില്ല. രണ്ടു മനസ്സുകൾ തമ്മിൽ സ്നേഹം പങ്കുവയ്ക്കുന്നു. ഉള്ളുതുറന്ന് സംസാരിക്കാൻ ഒരാളെ കിട്ടുക എന്നതാണെല്ലോ ഈ പോസ്റ്റ് മോഡേൺ കലിയുഗത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം തന്നെ.

 

പഴയ കാലഘട്ടം, ജീവിതം, സിനിമ,  നാനാവിധ മനുഷ്യർ, അനുഭവങ്ങൾ, അബദ്ധങ്ങൾ, ഒരുപാട് ചിരിച്ച നർമ്മങ്ങൾ, സങ്കടങ്ങൾ, മനോരാജ്യങ്ങൾ, സുഹൃത്തുക്കൾ, ആദ്യ പ്രണയം, അദ്ദേഹം വികാരാധീനനായി സംസാരിച്ചു കൊണ്ടേയിരുന്നു. സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങളും, വീഡിയോകളും അദ്ദേഹം അത്ഭുതത്തോടെ നിരീക്ഷിച്ചു, എല്ലാതിനെ പറ്റിയും കഥകൾ പറഞ്ഞ് വിവരിച്ചു കൊണ്ടിരുന്നു. അദ്ദേഹം ഓർമ്മകളിൽ ഒഴുകി നടക്കുകയായിരുന്നു. ആദ്യപ്രണയിനിയുടെ ചിത്രം കണ്ടതും ആ വൃദ്ധൻ വിതുമ്പിപ്പോയി.

 

“അവൾ അറുപതാം വയസ്സിലും ഇത്രയേറെ തന്നെ സുന്ദരിയായിരുന്നു. ആരു കണ്ടാലും  ഒറ്റനോട്ടത്തിൽ തന്നെ പ്രണയിച്ച് പോകുമായിരുന്നു.” അദ്ദേഹം ഭൂതകാലത്തിലെങ്ങോ ഇഹലോകവാസം വെടിഞ്ഞ തൻ്റെ ആദ്യവും അതിരുമായ പ്രണയിനി, പ്രിയപത്നിയുടെ സ്മൃതിയിൽ മിഴികോണിൽ പടർന്ന നനവൊപ്പി.

 

“ആദ്യ പ്രണയിനിയെ സ്വന്തമാക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല, അതിന് കഴിയുന്നവർ അത്രയേറെ ഭാഗ്യവാൻമാരാണെന്ന് ഞാൻ നിസ്സംശയം പറയും, ഞാൻ ഒരു ഭാഗ്യവാനായിരുന്നു”

 

അദ്ദേഹത്തിൻ്റെ  വാക്കുകളിൽ ശ്രദ്ധിച്ചിരുന്ന ഞാൻ ഒരുവേള മീനാക്ഷിയെ നോക്കിപ്പോയി. ഞങ്ങൾക്കിടയിൽ അവശേഷിച്ചിരുന്ന ശ്യൂന്യതയിൽ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.

 

‘ഞാൻ ഏറ്റവും വലിയ നിർഭാഗ്യവാനും!!’

 

ആകസ്മികമെന്ന് തന്നെ പറയട്ടെ മീനാക്ഷിയുടെ മനസ്സിലും ആ ഒരു നിമിഷം കടന്നുപോയ ചിന്ത മറ്റൊന്നായിരുന്നില്ല, ‘അവൾ ആയിരിക്കും, ഈ ലോകത്ത് ഏറ്റവും നിർഭാഗ്യവതി’ എന്ന് തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *