“നീ ഇത്ര നേരത്തെ കുളിച്ചൊരുങ്ങി, ഞാൻ എണീക്കാണേനും മുന്നേ തിരക്കുപിടിച്ച് ഓടണ കണ്ടപ്പോൾ ഞാൻ വിചാരിച്ചു…. നീ ഇനി ആ തയ്യൽക്കാരൻ കുമാർ അണ്ണന്റെ ഒപ്പം ഒളിച്ചോടാൻ ഉള്ള വല്ല പ്ലാനും ആയിരിക്കുമെന്ന്. (ഞാൻ അർത്ഥമില്ലാത്തൊരു ചിരിചിരിച്ചു)
അവളും ഒരു ഉഷാറില്ലാത്ത ചിരിച്ചിരിച്ച്, എന്റെ തോളിൽ ഒരു ഇടിയും ഇടിച്ചു എഴുന്നേറ്റു.
ടൗണിൽ പോയി അടുത്ത ആഴ്ചക്കു അവനു സർപ്രൈസ് കൊടുക്കാൻ കുറച്ചു സാധനങ്ങളും വാങ്ങിവരാം എന്ന് പറഞ്ഞു, അവൾ ഇറങ്ങി.
ഞാൻ കണ്ണ് തുറന്നുകൊണ്ടു തന്നെ തിരിഞ്ഞു കിടന്നു. ഇന്നത്തെ പകൽകാറ്റിൽ ഞാൻ തീർത്ത ചീട്ട്ഗോപുരങ്ങളെല്ലാം, തകർന്നുവീണു തുടങ്ങിയോ!!….
***************
വെയിൽ മൂത്തു പഴുക്കുന്നതിനനുസരിച്ച് , എനിക്ക് നെഞ്ചിൽ നെരിപ്പോട് കയറ്റിവച്ച അവസ്ഥയായി, ആകെ സംഭ്രമം, അവളിന്നു ആദ്യമായി ഭക്ഷണം കഴിക്കാൻ സമയത്തേക്ക് എത്തിയില്ല. ഫോൺ വിളിച്ചപ്പോൾ തിരക്കിലാണ്, പുറത്തുന്നു കഴിച്ചു എന്ന് പറഞ്ഞു കട്ട് ചെയ്തു. ഇത്രനാൾ ഞാൻ ചെയ്തതിനെ എല്ലാത്തിനേക്കാളും, എൻ്റെ പാചകത്തിനും, സ്നേഹത്തിനും മുകളിലാണ് അവൾക്കവനെന്നു എനിക്ക് വെറുതെ തോന്നി, യാഥാർഥ്യമാണെങ്കിലും അതെന്നെ ഒരുപാട് വേദനിപ്പിച്ചു.
വെയിലിന്റെ ഭാവങ്ങൾ സമയത്തിനനുസരിച്ചു മാറിവന്നു, അവസാനം പോക്കുവെയിൽ വീണു, രാവിലെ മുതൽ ഒറ്റനിൽപ്പു നിന്നുകൊണ്ട്, ദേഷ്യമെല്ലാം തണുത്തു തുടങ്ങിയ സൂര്യൻ, ചുവന്ന ഷർട്ട് എടുത്തിട്ട് സന്ധ്യക്ക് പോകാൻ ഒരുങ്ങുന്ന പെയിൻറ് പണിക്കരുടെ പോലെ തയ്യാറായി നിന്നു.
അവളുടെ ഒരു കോൾ, ഇല്ല മെസ്സേജ് ഇല്ല, എന്തുകൊണ്ടോ എനിക്കതു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
തിരക്കേറിയ ചെന്നൈ നഗരത്തിന്റെ വഴിയോരങ്ങളിൽ വശ്യമായ വഴിവിളക്കുകൾ തെളിഞ്ഞു, അതിനെ മനോഹരമായ തണുത്ത രാത്രി പുണർന്നു.
നാളെ പുതുവത്സരദിനം ആണ്. പ്രതീക്ഷയുടെ ഒരു വര്ഷംകൂടി വിരിയാൻ കാത്തുനിൽക്കുകയാണ്. ഫോണിൽ തുടരെ തുടരെ വിളികളാണ്. എല്ലാവരും ആഘോഷങ്ങളിലാണ്. മദ്യത്തിൽ ചാലിച്ച ആർപ്പുവിളികൾ അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. സന്തോഷം എങ്ങും കാറ്റിൽ നിറഞ്ഞു നിന്നു, എനിക്ക് ഒഴികെ.
മണി പത്തും കഴിഞ്ഞു മുന്നോട്ടു പോയി. രാത്രി ഭക്ഷണവും തണുത്തുറഞ്ഞു മേശപ്പുറത്തു ഇരിപ്പുണ്ട്. ഞാനും ഒന്നും കഴിച്ചില്ല. വിശപ്പിനേക്കാൾ നെഞ്ചിലെ വിങ്ങലായിരുന്നു കൂടുതൽ.
പെട്ടന്ന് തോന്നിയ അരിശത്തിൽ എനിക്ക് തോന്നി ഞാൻ എന്തിനവളെ ഇങ്ങനെ കാത്തിരിക്കണം. എനിക്ക് അവൾ ഇല്ലെങ്കിലും, ഉണ്ടെങ്കിലും ജീവിതത്തിൽ ഒരു മാറ്റവും ഇല്ലെന്നു കാണിച്ചു കൊടുക്കണം. ടോണീടെ വീട്ടിൽ പാർട്ടി ഉണ്ട് അങ്ങോട്ടു പോകാം, അവൻ കുറേയായി വിളിക്കുന്നു.