മീനാക്ഷി കല്യാണം 4 [നരഭോജി]

Posted by

ജനലരികിൽ വന്നണയുന്ന പക്ഷികളുടെ എണ്ണം അനുദിനം കൂടി വന്നു. ചെടികളിൽ പലവർണ്ണത്തിൽ ഉള്ള പൂക്കൾ വിരിഞ്ഞുലഞ്ഞു. ചുറ്റും പ്രകൃതിയും എനിക്കൊപ്പം മാറുകയായിരുന്നു.

ക്രിസ്ത്മസ് മനസ്സ് നിറഞ്ഞ ആഹ്ലാദത്തിന്റെ കാലഘട്ടം ആണ്, രാത്രികൾ പലവർണ്ണ വിളക്കുകൾ തെളിഞ്ഞും, പകലുകൾ നനുത്ത മഞ്ഞിൽ പൊതിഞ്ഞും കാണപ്പെടും, നമ്മളെ അനുദിനം കൂടുതൽ കൂടുതൽ ഉല്ലാസവാനാക്കികൊണ്ടിരിക്കും.

മീനാക്ഷി ബൈക്ക് ഓടിക്കാൻ പഠിച്ചു, ബുള്ളെറ്റോ, ട്രയംഫോ, ഹാർലിയോ, ആര് കൊണ്ട് വന്നാലും അവളതെടുത്തു ഓടിക്കും. പല നടന്മാരുടെയും ചെന്നൈയിലെ പാർക്കിങ് ലോട്ട്, എന്റെ ഈ എളിയ വീടായതു കൊണ്ട് വാഹനങ്ങൾക്കു ഒരു പഞ്ഞവും നേരിട്ടില്ല. ഞാൻ സ്ഥിരമായി അവൾക്കു പിന്നിലിരുന്നായി യാത്ര, വേഗത കൂടുമ്പോൾ, ആ ഒതുങ്ങിയ വയറിൽ കൈചേർത്ത് പിടിക്കും, ആ നനുത്ത കഴുത്തിൽ മുഖം ചേർത്ത് വയ്ക്കും. അവളുടെ ഗന്ധത്തിൽ മുഴുകിയിരിക്കും. അവൾ ഇടയ്ക്കു ദേഷ്യത്തിൽ നോക്കുമെങ്കിലും എതിർത്തില്ല. എന്തോ ഈ തുച്ഛമായ ദിവസങ്ങളിലെങ്കിലും , എന്റെ ഓർമ്മകളിൽ ഒരു ഭാര്യയുടെ സാമിപ്യം ഉണ്ടായിക്കോട്ടെ എന്ന് അവളുടെ ആര്‍ദ്രമായ മനസ് വിചാരിച്ചു കാണണം. ഞാൻ ഇതിനു ശേഷം ഒരു വിവാഹം കഴിക്കുക ഉണ്ടാവില്ലെന്ന് അവൾക്കു തോന്നിക്കാണണം. അത് പരമാര്ഥമായിരുന്നുതാനും.

ഒരിക്കൽ ഉണ്ണി സുഗന്ധൻ, എന്തോ കാര്യത്തിന് ചെന്നൈയിൽ വന്നപ്പോൾ, വച്ചിട്ട് പോയ ഡുക്കാട്ടി സ്‌ക്രാമ്ബ്ലെർ, ഓടിച്ചിട്ട് അവൾക്ക് വളരെ ഇഷ്ടം ആയി എന്ന് പറഞ്ഞു. കാശുണ്ടാവുമ്പോ അവൾക്കത് വാങ്ങി കൊടുക്കണം. വരുംവരായ്കകളെ കുറിച്ചോർക്കാതെ, എനിക്ക് നേരിടാനിരിക്കുന്ന കഠിനമായ വിരഹത്തെ കുറിച്ചോർക്കാതെ, ആ ചെറിയ ദിവസങ്ങളിൽ ഞാൻ ഒരു നൂറു സ്വപ്‌നങ്ങൾ നെയ്തുകൂട്ടി.

ഇടയ്ക്കു അവളൊന്നു അടുക്കളയിൽ കയറും, അന്ന് ഞാൻ അവളുടെ പരീക്ഷണ എലിയാണ്. പല ദിവസങ്ങളിലും ദയനീയമായി പരാജയപെട്ടിട്ടും, ഏലി മരിച്ചിട്ടും അവളതു തുടർന്നു. എങ്കിലും പതുക്കെ അവൾ മെച്ചപ്പെട്ടു തുടങ്ങി.

ഇടയ്ക്കൊരു ദിവസം ലീവ് തീർന്നു മടങ്ങുകയാണെന്നു പറയാൻ വന്ന അഭിയും, അജുവും, മറ്റു പിള്ളേരും അവൾ ഫുഡ് എടുക്കാം എന്ന് പറഞ്ഞപ്പോൾ, തിരക്കുണ്ട് എന്ന് പറഞ്ഞു വേഗം ഇറങ്ങിയത് ചൊല്ലി ഞാൻ ഇടയ്ക്കവളെ കളിയാക്കും. അപ്പോൾ കണ്ണിൽ ഒരു ദയനീയ ഭാവംവരും, ചുണ്ടുകൾ പുറത്തേക്കു പിളർത്തി, നുണക്കുഴികൾ കാട്ടി അവൾ പിണങ്ങും. അത് കണ്ടു നിൽക്കാൻ തന്നെ ചേലാണ്.

Leave a Reply

Your email address will not be published. Required fields are marked *