“ഫ മൈരേ, നീ എന്താ എന്റെ കെട്ടിയോളാ എനിക്ക് കൂട്ടിരിക്കാൻ, എനിക്കൊരു കൊഴപ്പം ഇല്ല വൈകീട്ട് ശരിയാവും, ഇന്നലെ മഴ കൊണ്ടെന്റെയാ. നീ പോവാൻ നോക്ക്, ഉച്ചക്കൊരു ട്രെയിൻ ഇണ്ട്, ബൈക്ക് ഇവിടെ ഇരിക്കട്ടെ, എനിക്ക് ആവശ്യം വരും.”
“എന്നാ ഞാൻ നിന്റെ ശരിക്കുള്ള കെട്ടിയോളോട് വിളിച്ചു പറയട്ടെ ഇവിടെ വന്നിരിക്കാൻ” അവനൊരു വളിച്ച ചിരിചിരിച്ചു.
അവൻ പിന്നെ അധികം ചുറ്റിപറ്റി നിക്കാതെ, പോയി.
ഞാൻ പാരസെറ്റാമോളിന്റെ ലഹരിയിൽ ഗാഢമായ ഉറക്കത്തിലേക്കും വീണു.
ക്ഷീണം ഉള്ളപ്പോ പാരസെറ്റമോൾ കഴിക്കുന്നത് സൂക്ഷിച്ചു വേണം, ആരും വിളിച്ചില്ലെങ്കി നമ്മള് ചെലപ്പോ അടുത്ത ദിവസം വരെയും ഉറങ്ങിപോവും. ഞാൻ എണീറ്റപ്പോ പന്ത്രണ്ടര, ഉച്ചക്കു പന്ത്രണ്ടര അവണെ ദൈവമേ….
അല്ല, എനിക്ക് തെറ്റി, കനത്ത ഇരുള് ഈ ഇടുങ്ങിയ റൂമിലും, പുറത്തും ഒരുപോലെ വിരാജിക്കുന്നുണ്ട്. കൂമന്റെയും, എവിടെന്നോ കേറിവന്ന ഒരു നശിച്ച ചീവിടിന്റെയും ശബ്ദം മുറിയിൽ നിറഞ്ഞു കേൾക്കുന്നുണ്ട്. ഞാൻ ആകെ വിയർപ്പിൽ മുങ്ങി ഇരിപ്പാണ്, പനി അയഞ്ഞതാണ്.
അയ്യോ മീനാക്ഷി അവൾ വല്ലതും കഴിച്ചിണ്ടാവോ. ഞാൻ ഫോൺ എടുത്തു നോക്കി, വൈകുന്നേരം 6 മണിക്ക് രണ്ടു മിസ്സ്ഡ് കാൾ ഉണ്ട്, വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്.
വയ്യെങ്കിലും ക്ഷീണം ഉണ്ടെങ്കിലും, ഞാൻ എഴുന്നേറ്റു നാലഞ്ചു ഏത്തക്ക എടുത്ത് നെടുകെ കീറി, പാകത്തിൽ കലക്കിയ മൈദമാവിൽ, കുറച്ചു കറുത്ത എള്ളും ഇട്ട്, എണ്ണ ചൂടാക്കാൻ വച്ചു, കീറിയ പഴുത്ത ഏത്തക്ക, മാവിൽ തഴുകി, ഏത്തക്ക പൊരിച്ചു.
പനിപോലും കണക്കിലെടുക്കാതെ, രാത്രി ഒരു മണിക്ക് ഞാൻ ഒരു പ്രാന്തനെപ്പോലെ ആ ഫ്ലാറ്റിൽ ഏത്തക്കഅപ്പം പൊരിച്ച് കൊണ്ടിരുന്നു.
അതും പൊതിഞ്ഞു ടോണിയുടെ വണ്ടിയുടെ ചാവിയും എടുത്തു നടന്നു. പോകുന്ന വഴിക്ക്, മുകളിലെ വീട്ടിലെ പനീർസെൽവത്തിന്റെ പൊണ്ടാട്ടി കഴുകി ഉണക്കാൻ ഇട്ട സാധങ്ങളുടെ, കൂട്ടത്തിൽ ഒരു മങ്കിക്യാപ്പും കണ്ടു, അതെടുത്തിട്ടു, അവിടെ എത്തണേന് മുന്നേ തണുപ്പടിച്ചു ഇനി പനി കൂട്ടണ്ട.
ആളൊഴിഞ്ഞ റോഡിലൂടെ ഞാൻ വണ്ടി പായിച്ചു, ഇന്ന് ഒരുപാട് വൈകി. നല്ല കുളിര് ഇപ്പോഴും ഉണ്ട്. പനി മുഴുവനായും പിടിവിട്ടിട്ടില്ല. മങ്കിക്യാപ് എടുത്തത് എത്ര നന്നായി.