ആകാശത്തെ പകുത്ത് കടന്നുപോയ മിന്നൽവെട്ടം കൊണ്ടുവന്നു തന്ന പരിസരബോധത്തിൽ ഞാൻ ഞെട്ടി തിരിഞ്ഞു, ഇത്രയും നേരം കൊണ്ട മഴയിൽ ഞാൻ ആകെ പുഴുങ്ങിയ കാച്ചില് കണക്കെ കുഴഞ്ഞു മറിഞ്ഞിരുന്നു. മഴ നനഞ്ഞു കൊണ്ട് തന്നെ വീട്ടിലേക്കു നടന്നു, കാലംതെറ്റി പെയ്യുന്ന ഈ മഴയിൽ ഇത്തവണ എന്റെ മനസ്സും നനഞ്ഞു കുതിർന്നു….
ആകാശത്തെവിടെയോ ഒരുകോണിൽ ഒറ്റപ്പെട്ടു ജീവിച്ചിരുന്ന മഴതുള്ളി, പുതുമണ്ണിൻറെ മാറിൽ വീണുടഞ്ഞു, അന്തരീക്ഷത്തിൽ പ്രണയത്തിന്റെ, പുതുമണ്ണിന്റെ മാദകഗന്ധം പടർന്നു.
**********************
രാവിലെ എഴുന്നേറ്റപ്പോഴാണ് പണി പാലുംവെള്ളത്തിൽ കിട്ടി എന്ന് ബോധ്യം ആയതു. വിറയ്ക്കുന്ന പനി, അനങ്ങാൻ പറ്റുന്നില്ല, തലയൊക്കെ വെട്ടിപൊളിയുന്ന പോലെ.
ഫോൺ എടുത്തു മീനാക്ഷിയെ വിളിച്ചു ആദ്യ രണ്ടുവട്ടം എടുത്തില്ല, മൂന്നാമത്തെ വട്ടം, അവള് കട്ട് ആക്കി, ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
ശ്ശെ …. ഇന്നലെ അങ്ങനെ ഒന്നും ചെയ്യണ്ടാർന്നു, അപ്പോഴത്തെ മനസികാവസ്ഥയിൽ പറ്റിപോയതാണ്.
തല വീണ്ടും വിങ്ങിപൊളിഞ്ഞു, നല്ല കുളിരു തോന്നുന്നുണ്ട്, ഒടുക്കത്തെ ക്ഷീണവും.
ഞാൻ ഇന്നലെ എന്നെ പ്രണയാതുരൻ ആക്കിയതിൽ, നന്ദിപറഞ്ഞ അതെ മഴയെ തന്നെ കണ്ണുമിഴിച്ചു മുകളിലേക്ക് നോക്കി പ്രാകി.
ഞാൻ സാഹചര്യവാദിയാണോ? ഏയ് സാഹചര്യവാദി ബാഹ്യാവസ്ഥകളുടെ പ്രഭാവത്തിലല്ലേ വിശ്വസിക്കേണ്ടത്, ഞാൻ നല്ല കറതീർന്ന സ്വയംവാദി.
അല്ലെങ്കിലും മനുഷ്യനിലും വലിയ ഓരോന്തു വേറെ ഏതാണ് ലോകത്തുള്ളത്? കൊമോഡോ ഡ്രാഗണോ? അതിനു നിറം മാറാൻ പറ്റുമോ? ഒരു ആട്ടിൻ കുട്ടിയെ വരെ കിട്ടിയാൽ തിന്നും എന്ന് കേട്ടിട്ടുണ്ട്. ചുറ്റും ചിതറിക്കിടക്കുന്ന, ഈ തലയിണയും പുതപ്പും എന്നെ ഈ കട്ടിലിൽ തളച്ചിട്ടിരിക്കുകയാണോ!! എങ്ങനെ ഈ ചുഴിയിൽ നിന്ന് പുറത്തു കടക്കും!!
പനിതലയ്ക്കു പിടിച്ച ഞാൻ ഇങ്ങനെ പരസ്പര ബന്ധമില്ലാതെ ഓരോ പിച്ചുംപേയും പറഞ്ഞു കാടുകയറി, ഒന്നും ചിന്തിക്കാതെ ഇരിക്കാൻ പറ്റണില്ല എന്നതാണ് എനിക്ക് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത്.
സെൽവ അണ്ണനും കുടുംബവും നാട്ടിൽ പോയിരിക്കാണ്. ടോണിനെ വിളിക്കാം.
പനിയാണ്, പാരസെറ്റമോളും കൊണ്ട് വരാൻ പറഞ്ഞു ഫോൺവച്ച്.
20 മിനിറ്റിൽ ആളെത്തി, ഇവന്റെ തലക്കെന്തോ ഓളം ഉണ്ടെന്നു എനിക്ക് തോന്നിപോയി, രണ്ടു പാരസെറ്റമോളു വാങ്ങിവരാൻ പറഞ്ഞതിന് അവൻ എൻഫീൽഡിൽ, റൈഡർ ജാക്കറ്റും, സൺഗ്ലാസും, സേഫ്‌റ്റി ഗിയറുകളും, ബൂട്ടും ഇട്ട് ഹെൽമെറ്റും വച്ചു കുളുമാണാലിക്ക് ടൂറ്പോകാൻ പാകത്തിലാണ് വന്നിരിക്കുന്നത്.