‘അവളെ ഒന്ന് കാണണം’, ആദ്യം മനസ്സിൽ തെളിഞ്ഞു വന്നത് അതാണ്.
ചോറും, കുത്തിപൊടി മുളകിട്ടപയറുപ്പേരിയും, ഉള്ളിത്തിയ്യലും, പച്ചമാങ്ങയിൽ ഉപ്പും മുളകും വെളിച്ചെണ്ണയും ഒഴിച്ച് തിരുമ്മിയ അച്ചാറും കൂട്ടി പൊതിച്ചോറ് കെട്ടി, ഞാൻ ഗണേശപുറത്തേക്കുള്ള ബസ്സുപിടിച്ചു. ഉള്ളിത്തിയ്യൽ ലീക്കാവണ്ട എന്ന് വച്ച് ചാടിയിറങ്ങിയില്ല. അത് കണ്ടു ഇന്നലെ അതെ സമയത്തു, അതെ സ്ഥലത്തു നിന്നവർ തീർന്നട നിൻറെ കഴപ്പ് എന്ന രീതിയിൽ നോക്കുന്നുണ്ട്.
അവളുടെ സ്നേഹിതൻ ആയിരിക്കുക എന്നതിനപ്പുറം ഇതിലൊന്നും തന്നെയില്ല, എനിക്കതറിയാം, അതിനു മുകളിലേക്ക് എനിക്ക് എന്തെങ്കിലും തോന്നിയാൽ തന്നെ, അതസംഭവ്യമാണ്, മനോഹരമായ ഈ ചന്ദ്രമാസത്തിനപുറം എനിക്കവളെ ദയനീയമായി നഷ്ടപ്പെടും. അർഹിക്കുന്നതിലധികം വേദന ജീവിതത്തിൽ വിലകൊടുത്തു വാങ്ങേണ്ട ആവശ്യം ഇല്ല. അല്ലെങ്കിൽ തന്നെ ശ്രീറാമും ഞാനും തമ്മിൽ, ഒരു അജഗജാന്തരം തന്നെ ഉണ്ട്, തെളിച്ചു പറഞ്ഞാൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം. അതിൽ താരതമ്യത്തിൻറെ ആവശ്യകത തന്നെയില്ല.
അരമതിലിലേക്കു പോയില്ല, ഇത്ര നേരത്തെയും, അവിടെ മാത്രം നല്ലതിരക്കുണ്ട്, എന്തൊരു സമയനിഷ്ഠയുള്ള പിള്ളേര്, മൈരോള്.
*************************
(ചായക്കട സീൻ…)
ആരംഭശൂരൻ കോലുമ്മകയറുംന്നു പറയുന്ന പോലെ ഇത്ര നേരത്തെ വരണ്ടീരുന്നില്ല, അവൾ വരാൻ ഇനിയും സമയം ഉണ്ട്. ഞാൻ കോളജിനു മുന്നിലെ ചായക്കടയിൽ വലിച്ചിട്ടിരുന്ന മരബഞ്ചുകളിൽ ഒന്നിൽ സ്ഥാനം പിടിച്ചു. അതിരാവിലെ ജീവിതഭാരങ്ങളും പേറി, ദിവസക്കൂലിക്ക് വേണ്ടി, ആരുടെയൊക്കെയോ വയലിൽ കൃഷിപണിക്കു പോകുന്നവരും, കക്കൂസ് കോരൻ പോകുന്നവനും, കെട്ടിടം പണിക്കുപോകുന്നവരും എന്നില്ലാതെ സിംഹഭാഗം ദരിദ്രരായ തമിഴ് ജനത സന്തോഷത്തോടെ ഒത്തു ചേരുന്ന ഇടമാണ് ഈ ചായക്കട എന്നെനിക്കു മനസ്സിലായി. അവിടെ വച്ചിരിക്കുന്ന പഴയ MGR, ശിവാജിഗണേശൻ, ഗാനങ്ങൾ ആസ്വദിച്ചു ഒരു ചൂടുചായ മൊത്തികുടിക്കുമ്പോൾ അവരവരുടെ പ്രശ്നങ്ങൾ അല്പനേരത്തേക്കെങ്കിലും മറക്കുമായിരിക്കും.അന്തരീക്ഷത്തിൽ കടുകുപൊട്ടിച്ച സാമ്പാറിന്റെയും, ചന്തനത്തിരിയുടെയും ഗന്ധം കലർന്ന് നിന്നു.
ഒരുപാടു അടിച്ചമർത്തലുകൾ ഏറ്റിട്ടും, തകർന്നു ആംബ്ലിഫയർ പുറത്തുവന്നിട്ടും, ശ്രുതി തെറ്റാതെ, പാടുന്ന സാധാരണക്കാരന്റെ തനിപകർപ്പായ റേഡിയോ, മറ്റാരെയോ അഗാധമായി പ്രണയിക്കുന്ന സുന്ദരിയായ ഭാര്യക്ക് പൊതിച്ചോറുമായി വന്ന വിരഹിയായ കണവൻ, ഞാൻ എൺപതുകളിലെ ഒരു മലയാള സിനിമയിൽ അകപ്പെട്ടുപോയോ.?.